തൃശൂര്‍: അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന് ആരോപിച്ച് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ നല്‍കിയ ഹരജി തള്ളി. തൃശൂര്‍ വിജിലന്‍സ് കോടതിയാണ് ഹരജി തള്ളിയത്. കുഞ്ഞാലിക്കുട്ടിക്ക് തിരുവനന്തപുരത്തും തമിഴ്‌നാട്ടിലെ ഗൂഡല്ലൂരിലും അനധികൃത സ്വത്തുണ്ടെന്നായിരുന്നു പരാതി. കുഞ്ഞാലിക്കുട്ടിക്കും ബന്ധുക്കളായ മൂന്നു പേര്‍ക്കുമെതിരെയായിരുന്നു പരാതി. നാഷണല്‍ സെക്യുലര്‍ കോണ്‍ഫ്രന്‍സ് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.കെ അബ്ദുല്‍ അസീസാണ് ഹരജി നല്‍കിയിരുന്നത്.

ബന്ധുക്കളുടെ പേരില്‍ കുഞ്ഞാലിക്കുട്ടി ഈ സ്ഥലങ്ങളില്‍ ഭൂമി വാങ്ങിക്കൂട്ടിയെന്നാണ് പരാതിപ്പെട്ടത്. കുഞ്ഞാലിക്കുട്ടിക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവില്ലെന്നും ഭാര്യ ഉമ്മുകുല്‍സു പൊതുപ്രവര്‍ത്തകയുടെ പരിധിയില്‍പ്പെടില്ലെന്നും കോടതി വ്യക്തമാക്കി.വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് അബ്ദുല്‍ അസീസ് പറഞ്ഞു.

രണ്ട് ഭാഗങ്ങളിലായി രണ്ടുകോടിയോളം രൂപ ചെലവിട്ട് കുഞ്ഞാലിക്കുട്ടി സ്ഥലം വാങ്ങിയിട്ടുണ്ടെന്ന് പരാതിയില്‍ പറയുന്നു. ഇത് ബിനാമി പേരിലാണ് വാങ്ങിയത്. ഈ സ്ഥലം ഇടപാടുകള്‍ക്ക് സ്റ്റാമ്പ് ഡ്യൂട്ടി കുറച്ചാണ് കാണിച്ചിരിക്കുന്നതെന്നും ഹരജിക്കാരന്‍ വ്യക്തമാക്കിയിരുന്നു.

കുഞ്ഞാലിക്കുട്ടിക്കെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന്റെ പേരിലുള്ള ഒരു കേസ് കോഴിക്കോട് വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ അന്വേഷിക്കുന്നുണ്ടെന്ന് കോടതി ഹരജിക്കാരനെ അറിയിച്ചിരുന്നു. മറ്റൊരു അന്വേഷണം കുഞ്ഞാലിക്കുട്ടിക്കെതിരെ നടത്തേണ്ടതില്ലെന്നാണ് അഡീഷണല്‍ ലീഗല്‍ അഡ്വസൈര്‍ അറിയിച്ചിരിക്കുന്നതെന്നും കോടതി അറിയിച്ചിരുന്നു.

തന്റെ ഹരജിയില്‍ പറയുന്ന ആരോപണങ്ങള്‍ വ്യത്യസ്തമാണെന്നും അവയൊന്നും കോഴിക്കോട് വിജിലന്‍സ് സ്‌പെഷ്യല്‍ സെല്ലിന്റെ അന്വേഷണത്തില്‍ ഉള്‍പ്പെടുന്നില്ലെന്നും അബ്ദുള്‍ അസീസ് കോടതിയെ ധരിപ്പിച്ചിരുന്നു. കോഴിക്കോട്ടെ അന്വേഷണവുമായി യോജിപ്പിച്ച് ഇതും അന്വേഷിക്കണമെന്ന ഹരജിക്കാരന്റെ ആവശ്യവും കോടതി ഇന്ന് തള്ളുകയായിരുന്നു.