Administrator
Administrator
അനധികൃത ഖനനം: റെഡ്ഡിമാരുടെ ജാമ്യാപേക്ഷ തള്ളി
Administrator
Friday 30th September 2011 9:05pm

ഹൈദരാബാദ്: അനധികൃത ഖനനക്കേസില്‍ അറസ്റ്റിലായ കര്‍ണാടക മുന്‍മന്ത്രി ജനാര്‍ദ്ദന റെഡ്ഡി, ബന്ധു ശ്രീനിവാസ റെഡ്ഡി എന്നിവരുടെ ജാമ്യാപേക്ഷ പ്രത്യേക സിബിഐ കോടതി തള്ളി. ഇരുവരെയും ഒമ്പതു ദിവസത്തേക്ക് കൂടി കസ്റ്റഡിയില്‍ വിട്ടുതരണമെന്ന സിബിഐയുടെ അപേക്ഷയും പ്രത്യേക കോടതി ജഡ്ജി നാഗമൂര്‍ത്തി ശര്‍മ തിരസ്‌കരിച്ചു.

ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ പ്രതികള്‍ക്ക് ജാമ്യമനുവദിച്ചാല്‍ തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ഇടയുണ്ടെന്ന് സിബിഐ വാദിച്ചു. ഈ വാദം അംഗീകരിച്ചാണ് ഇരുവരുടെയും ജാമ്യാപേക്ഷ കോടതി തള്ളിയത്. അനധികൃത ഖനനക്കേസില്‍ സെപ്റ്റംബര്‍ അഞ്ചിനാണ് ജനാര്‍ദ്ദന റെഡ്ഡിയെയും ശ്രീനിവാസ റെഡ്ഡിയെയും സി.ബി.ഐ അറസ്റ്റുചെയ്തത്.

അഴിമതി തടയല്‍, ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, എന്നീ വകുപ്പുകള്‍ അനുസരിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. സി.ബി.ഐ നടത്തിയ പരിശോധനയില്‍ മുന്ന് കോടിരൂപയും 30 കിലോ സ്വര്‍ണ്ണവും ജനാര്‍ദ്ദന റഡ്ഡിയുടെ വീട്ടില്‍ നിന്നും 1.5 കോടി രൂപ ശ്രീനിവാസ റെഡ്ഡിയുടെ വീട്ടില്‍ നിന്നും കണ്ടെടുത്തിയിരുന്നു. അനധികൃതമായി ഖനനം നടത്തിയതിന് റെഡ്ഡി സഹോദരന്‍മാരായ ജനാര്‍ദന റെഡ്ഡി, കരുണാകര റെഡ്ഡി എന്നിവര്‍ക്കെതിരെ ലോകായുക്ത റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു.

കര്‍ണാടകയില്‍ നിന്ന് ഇരുമ്പയിര് കടത്തിയതായാണ് ഇവര്‍ക്കെതിരെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നത്. ജനാര്‍ദ്ദന റെഡ്ഡിക്കെതിരെ സന്ദൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി ഒന്‍പതു ജാമ്യമില്ലാ വാറന്റുകള്‍ പുറപ്പെടുവിച്ചിരുന്നു. ഇരുവരുടെയും ജുഡീഷ്യല്‍ കസ്റ്റഡി അടുത്തമാസം മൂന്നു വരെ നേരത്തെ കോടതി നീട്ടിയുരുന്നു. ജാമ്യാപേക്ഷ തള്ളിയതോടെ ഇവരെ വീണ്ടും ചഞ്ചലഗുഢ സെന്‍ട്രല്‍ ജയിലിലേക്ക് നീക്കി.

Advertisement