എഡിറ്റര്‍
എഡിറ്റര്‍
ഖനി അഴിമതി: യദ്യൂരപ്പയുടെ വീട്ടില്‍ സി.ബി.ഐ റെയ്ഡ്
എഡിറ്റര്‍
Wednesday 16th May 2012 9:22am

ന്യൂദല്‍ഹി: മുന്‍ കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യദ്യൂരപ്പയുടെ ബാംഗ്ലൂരിലെ വീട്ടില്‍ സി.ബി.ഐ. റെയ്ഡ്. ഖനി അഴിമതിക്കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. ആറംഗ സി.ബി.ഐ. സംഘമാണ് റെയ്ഡ് നടത്തിയത്.

ഖനി അഴിമതിക്കേസില്‍ യദ്യൂരപ്പയെയും, അദ്ദേഹത്തിന്റെ രണ്ട് മക്കളെയും മറ്റ് രണ്ടുപേരെയും പ്രതിയാക്കി സി.ബി.ഐ കഴിഞ്ഞദിവസം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബാംഗ്ലൂര്‍ ഡോളാര്‍സ് കോളനിയിലുള്ള യദ്യൂരപ്പയുടെ വീട് റെയ്ഡ് ചെയ്തത്.

പരിശോധനയില്‍ നിരവധി സുപ്രധാന രേഖകള്‍ യദ്യൂരപ്പയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തതായാണ് വിവരം. കഴിഞ്ഞദിവസം ബാംഗ്ലൂരിലും ബെല്ലാരിയിലുമായി എട്ടിടങ്ങളില്‍ സി.ബി.ഐ റെയ്ഡ് നടത്തിയിരുന്നു.

കഴിഞ്ഞയാഴ്ചയാണ് ഖനി അഴിമതിക്കേസില്‍ യദ്യൂരപ്പയ്‌ക്കെതിരെ അന്വേഷണം നടത്താന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. യദ്യൂരപ്പയുടെ കുടുംബം നടത്തുന്ന സര്‍ക്കാര്‍ ഇതര സ്ഥാപനത്തിന് ഖനി മാഫിയയില്‍ നിന്ന് ലഭിച്ച ഫണ്ടിനെക്കുറിച്ചാണ് അന്വേഷണം നടക്കുന്നത്.

മുഖ്യമന്ത്രി സദാനന്ദഗൗഡയെ നീക്കണമെന്ന ആവശ്യവുമായി ഉറച്ചുനില്‍ക്കുന്ന യദ്യൂരപ്പ, മുഖ്യമന്ത്രി സ്ഥാനത്തിന്റെ പേരിലുള്ള തര്‍ക്കംമൂലം ബി.ജെ.പി വിടാനുള്ള തീരുമാനം തല്‍ക്കാലത്തേക്ക് ഉപേക്ഷിച്ചതായി കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ദേശീയ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി, മുതിര്‍ന്ന നേതാവ് അരുണ്‍ ജയ്റ്റ്‌ലി എന്നിവരുള്‍പ്പെടെ നിരവധി നേതാക്കളും മതമേധാവികളും അഭ്യര്‍ത്ഥിച്ചതിനാലാണ് തീരുമാനം മാറ്റിയതെന്നും യദ്യൂരപ്പ വ്യക്തമാക്കിയിരുന്നു.

അഭിപ്രായഭിന്നതിയുടെ പേരില്‍ പാര്‍ട്ടി പിളര്‍ത്തിയാല്‍ ഖനനകേസിനെ പ്രതിരോധിക്കുന്നതില്‍ തടസമുണ്ടാകുമെന്ന സൂചന യദ്യൂരപ്പയ്ക്കു ലഭിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്.

Advertisement