തിരുവനന്തപുരം: നഗരങ്ങളിലെ അനധികൃത കെട്ടിടങ്ങള്‍ക്ക് കനത്ത പിഴ ഈടാക്കുന്നു. കോര്‍പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും അനധികൃതമായി നിര്‍മിച്ച കെട്ടിടങ്ങള്‍ക്കാണ് കനത്ത പിഴ ഈടാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനായി നഗരകാര്യ വകുപ്പ് ഉടന്‍ വിജ്ഞാപനമിറക്കും.

Ads By Google

അനധികൃത കെട്ടിടങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ മന്ത്രി മഞ്ഞളാംകുഴി അലിയുടെ നിര്‍ദേശ പ്രകാരം സംസ്ഥാനവ്യാപകമായി നടത്തിയ പരിശോധനയില്‍ 80 ശതമാനം കെട്ടിടങ്ങളും നിയമലംഘനം നടത്തിയതായി കണ്ടെത്തിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ വിജ്ഞാപനമിറക്കി കനത്ത പിഴ ചുമത്താന്‍ തീരുമാനിച്ചത്.

ഇത്തരത്തില്‍ പിഴ ചുമത്തുന്നതിലൂടെ 3,00,500 കോടി രൂപ പിഴയായി ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. സുരക്ഷ, തീപിടിത്ത പ്രതിരോധം തുടങ്ങിയ കാര്യങ്ങളിലെ പിഴവ് നികത്തി നല്‍കേണ്ടതില്ലെന്നും തീരുമാനിച്ചിട്ടുണ്ട്.

സീനിയര്‍ ടൗണ്‍പ്ലാനര്‍ വിജിലന്‍സിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുത്ത 250 കെട്ടിടങ്ങള്‍ പരിശോധിച്ചതില്‍ 196ഉം ചട്ടം ലംഘിച്ചാണെന്ന് കണ്ടെത്തിയിരുന്നു. ഈ കെട്ടിടങ്ങള്‍ ക്രമവത്കരിച്ചാല്‍തന്നെ 35 കോടി ലഭിക്കുമെന്നാണ് വിജിലന്‍സ് വിഭാഗം നല്‍കിയ റിപ്പോര്‍ട്ട്.

നിയമലംഘനങ്ങളില്‍ ഒരു വിഭാഗം ബോധപൂര്‍വം നടത്തിയതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രവാസി മലയാളികളും മറ്റും കരാറുകാരനെയും ആര്‍ക്കിടെക്ടിനെയും വിശ്വസിച്ച് പണം നല്‍കുകയും അവര്‍ തോന്നിയ രീതിയില്‍ നിര്‍മിച്ചുനല്‍കുകയും ചെയ്തു.  ഇവയില്‍ നിന്നെല്ലാം തന്നെ പിഴ ഈടാക്കും.

തൊടുപുഴയിലെ ഒരു കെട്ടിടത്തിനുമാത്രം എട്ടര ലക്ഷമാണ് പിഴ. ഇത് പ്രകാരം അഞ്ച് കോര്‍പറേഷനുകളിലെയും 60 മുനിസിലപ്പാലിറ്റികളിലെയും അനധികൃത നിര്‍മാണം വ്യവസ്ഥപ്പെടുത്തിയാല്‍ 500 കോടി ഈടാക്കാനാകും. ഈ പണം ഒരോ നഗരത്തിലെയും റോഡ്, പാര്‍ക്കിങ് വികസനത്തിന് വിനിയോഗിക്കാന്‍ പ്രത്യേക ഫണ്ടാക്കി മാറ്റും.

പുതിയ വിജ്ഞാപനം ഇറങ്ങിയാല്‍ ചട്ടവിരുദ്ധ കെട്ടിടങ്ങളുടെ ഉടമകള്‍ക്ക് വ്യവസ്ഥപ്പെടുത്താന്‍ അപേക്ഷ നല്‍കാം. സോഫ്റ്റ്‌വെയര്‍ സൗകര്യത്തോടെയാകും പിഴ കണക്കാക്കുക. ചീഫ് ടൗണ്‍ പ്ലാനറുടെ നേതൃത്വത്തില്‍ ഇത് നിരീക്ഷിക്കാനും അവലോകനം ചെയ്യാനും സംവിധാനം ഒരുക്കും.