ചെന്നൈ: ഇന്ത്യയില്‍ മതേതര അന്തരീക്ഷമില്ലെങ്കില്‍ ചിത്രകാരന്‍ എം.എഫ് ഹുസൈനെ പോലെ രാജ്യം വിട്ട് പോകുമെന്ന് വിശ്വരൂപ നായകന്‍ കമല്‍ ഹാസന്‍.

തന്നെ പുറത്താക്കാന്‍ തമിഴ്‌നാട് ആഗ്രഹിക്കുന്നുണ്ടെന്നാണ് തോന്നുന്നത്. കാശ്മീരിനും കന്യാകുമാരിക്കുമിടയില്‍ ഏതെങ്കിലും മതേതന സംസ്ഥാനമുണ്ടോയെന്നാണ് താന്‍ കാത്തിരിക്കുന്നതെന്നും കമല്‍ ഹാസന്‍ പറഞ്ഞു.

Ads By Google

വിശ്വരൂപത്തിനെതിരെ തമിഴ്‌നാട്ടിലെ ചില മുസ്‌ലീം സംഘടനകള്‍ രംഗത്തെത്തിയതിനെ തുടര്‍ന്നാണ് കമല്‍ ഹാസന്‍ ഏറെ വൈകാരികമായ അഭിപ്രായ പ്രകടനം നടത്തിയത്.
ഒരു കലാകാരന്‍ മാത്രമാണ് താന്‍. തമിഴ്‌നാട്ടിലെ രാഷ്ട്രീയ കളികളുടെ ഇരയായിരിക്കുകയാണ് ഇപ്പോള്‍. രാഷ്ട്രീയ കളികളില്‍ താന്‍ രക്തസാക്ഷിയായി.

ചിത്രത്തിനെതിരേ എന്തിനാണ് പ്രതിഷേധം നടത്തുന്നത് എന്ന് മനസിലാകുന്നില്ല. സാമുദായിക നിലപാടുകള്‍ സ്വീകരിച്ച് രാജ്യത്തെ വിഭജിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും കമല്‍ഹാസന്‍ പറഞ്ഞു.

ഇന്ത്യയില്‍ എവിടേയും മതേതരമായ ഇടം കണ്ടെത്താനായില്ലെങ്കില്‍ എം.എഫ് ഹുസൈനെ പോലെ രാജ്യം വിട്ട് പോകും. വിശ്വരൂപത്തിന്റെ റിലീസിങ് വൈകിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ നിരത്തിയ കാരണങ്ങളില്‍ താന്‍ തൃപ്തനല്ലെന്നും കമല്‍ ഹാസന്‍ പറഞ്ഞു.

റിലീസിങ് വൈകിപ്പിക്കാന്‍ നിരവധി കാരണങ്ങള്‍ എനിക്ക് മുന്നില്‍ നിരത്തിയിട്ടുണ്ട്. എന്നാല്‍ ഇതൊന്നും സ്വബോധത്തിന് നിരക്കുന്നതല്ല.

മുസ്‌ലിം സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ വിശ്വരൂപത്തിന്റെ റീലിസ് വൈകിപ്പിച്ച സര്‍ക്കാറിന്റെ നടപടി മദ്രാസ് ഹൈക്കോടതി ഇന്നലെ റദ്ദാക്കിയിരന്നു. ചിത്രം പ്രദര്‍ശിപ്പിക്കാമെന്ന് കോടതി ഇന്നലെ വിധി പുറപ്പെടുവിച്ചു.