എഡിറ്റര്‍
എഡിറ്റര്‍
ഇളയരാജയുടെ മാസ്മരസംഗീതമാണ് എന്റെ സിനിമയുടെ പൂര്‍ണത: ഗൗതം മേനോന്‍
എഡിറ്റര്‍
Thursday 20th September 2012 9:49am

ഫേസ് ടു ഫേസ്/ഗൗതം മേനോന്‍
മൊഴിമാറ്റം/ ആര്യ.പി

തൊട്ടതെല്ലാം പൊന്നാക്കിയ തമിഴിലെ ചുരുക്കം ചില സംവിധായകരില്‍ എടുത്തുപറയേണ്ട പേരാണ് ഗൗതം വാസുദേവ് മേനോന്റേത്. തന്റെ എല്ലാ ചിത്രങ്ങളിലും എന്തെങ്കിലും ഒരു പുതുമ ഇദ്ദേഹം കാത്തുസൂക്ഷിക്കും. വിണ്ണൈത്താണ്ടി വരുവായ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നീ താനെ എന്‍ പൊന്‍വസന്തം എന്ന ചിത്രത്തിലൂടെ മറ്റൊരു ഹിറ്റ് സമ്മാനിക്കാനാണ് ഗൗതം ഒരുങ്ങുന്നത്.

ചിത്രം തമിഴിലും തെലുങ്കിലും ഹിന്ദിയിലും റീമേക്ക് ചെയ്തിട്ടുണ്ട്. തമിഴില്‍ ജീവയും തെലുങ്കില്‍ നാനിയും ഹിന്ദിയില്‍ ആദിത്യ റോയ് കപൂറുമാണ്‌
നായകവേഷം ചെയ്യുന്നത്. മൂന്ന് ഭാഷയിലും നായികയായത് സാമന്ത തന്നെയാണ്.  ഇളയരാജയുടെ മാന്ത്രിക സംഗീതവുമായി റിലീസിനെത്തുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് ഗൗതം കാണുന്നത്. സംഗീതത്തെ കുറിച്ചും സിനിമയെ കുറിച്ചും ഗൗതം മനസ് തുറക്കുന്നു.

Ads By Google

ഹാരിസ് ജയരാജന്റേയും എ.ആര്‍ റഹ്മാന്റേയും കൂടെ താങ്കള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടല്ലോ?എന്നാല്‍ ഈ ചിത്രത്തില്‍ സംഗീതം ചെയ്യാനായി ഇളയരാജയെയാണ് തിരഞ്ഞെടുത്തത്, എന്തുകൊണ്ടാണത് ?

സംഗീതസംവിധായകന്‍ എന്ന നിലയില്‍ ഇപ്പോഴും യുവത്വം കാത്തുസൂക്ഷിക്കുന്ന ആളാണ് ഇളയരാജ. 1970 കളിലും 80 കളിലും 90 കളിലും അദ്ദേഹം നിരവധി ചിത്രങ്ങള്‍ക്ക് സംഗീതം പകര്‍ന്നിട്ടുണ്ട്. അതെല്ലാം എന്നെ സ്വാധീനിച്ചിരുന്നു. അദ്ദേഹത്തിന്റേത് ഒരു മാന്ത്രിക സംഗീതമാണ്. എന്തിനേയും മാസ്മരിപ്പിക്കാനുള്ള കഴിവ് അദ്ദേഹത്തിന്റെ സംഗീതത്തിനുണ്ട്. ഒരു പ്രണയകഥയ്ക്ക് പാട്ടുകള്‍ ചിട്ടപ്പെടുത്താന്‍ ഇളയരാജയ്ക്ക് കഴിയുന്നത് പോലെ മറ്റൊരാള്‍ക്കും സാധിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. എന്റെ ഒരു സിനിമയ്ക്ക് അദ്ദേഹം സംഗീതം നല്‍കണമെന്നത് എന്റെ ഒരു അഭിലാഷമായിരുന്നു. എന്നാല്‍ അക്കാര്യം അദ്ദേഹത്തോട് ആവശ്യപ്പെടാനുള്ള ധൈര്യം എനിയ്ക്കുണ്ടായിരുന്നില്ല.

ഇളയരാജയുടെ ഒരു വിധം പാട്ടുകളെല്ലാം താങ്കള്‍ കേട്ടുകാണും, അതുകൊണ്ട് തന്നെ സ്വന്തം ചിത്രത്തിന് സംഗീതം ചെയ്യണമെന്ന ആവശ്യവുമായി എങ്ങനെയായിരുന്നു അദ്ദേഹത്തെ സമീപിച്ചത് ?

ഈ ആവശ്യവുമായി അദ്ദേഹത്തിന്റെ അടുത്ത് ചെല്ലുമ്പോഴുണ്ടായ ടെന്‍ഷനൊന്നും ചെന്ന് കഴിഞ്ഞതിന് ശേഷം ഉണ്ടായിരുന്നില്ല. കാരണം എന്നെ കംഫര്‍ട്ടബിള്‍ ആക്കി നിര്‍ത്താനായിരുന്നു രാജാസാറിന്റെ ശ്രമം. അദ്ദേഹത്തിന് സംഗീതം ചെയ്യാന്‍ താത്പര്യമില്ലെന്ന് തോന്നിയാല്‍ ഉടന്‍ തന്നെ പറ്റില്ല എന്ന് തുറന്ന് പറയുന്ന വ്യക്തിത്വമാണ് സാറിന്റേത് എന്ന് ഞാന്‍ കേട്ടിരുന്നു. അതുകൊണ്ട് തന്നെ എനിയ്ക്ക് ടെന്‍ഷന്‍ കൂടുതലായിരുന്നു. എന്നാല്‍ ഞാന്‍ വിഷയം അവതരിപ്പിച്ചപ്പോള്‍ തന്നെ ഒന്നും കൊണ്ടും പേടിക്കേണ്ട നമുക്ക് ചെയ്തുകളയാം എന്ന് അദ്ദേഹം പറയുകയായിരുന്നു.

Ilayaraja ഇളയരാജ താങ്കളുടെ ഏതെങ്കിലും സിനിമ കണ്ടിരുന്നോ?

അത് ഞാന്‍ ചോദിച്ചിട്ടില്ല. പക്ഷേ എന്റെ ചിത്രങ്ങളെ കുറിച്ച് രാജാസാര്‍ കേട്ടിട്ടുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ചില സംഗീതഭാഗങ്ങള്‍ എന്റെ ചില ചിത്രങ്ങളില്‍ ഞാന്‍ ഉപയോഗിച്ചിരുന്നു. അപ്പോള്‍ അതേക്കുറിച്ച് അദ്ദേഹത്തിന്റെ മക്കള്‍ അവരോട് പറഞ്ഞിരുന്നു. പിന്നെ പൊതുവെ എല്ലാ സിനിമയും കാണുന്ന പ്രകൃതക്കാരനല്ല അദ്ദേഹം. എനിയ്ക്ക് തോന്നുന്നത് അദ്ദേഹം പശ്ചാത്തല സംഗീതം ഒരുക്കിയ ചിത്രങ്ങളാണ് കൂടുതലും അദ്ദേഹം കാണുന്നതെന്നാണ്. ഇളയരാജ എന്ന വ്യക്തി ഒരു സിനിമാ നിരീക്ഷകനൊന്നുമല്ലെങ്കിലും എന്റെ പല ചിത്രങ്ങളേയും കുറിച്ച് രാജാസാറിന് ധാരണയുണ്ടായിരുന്നു. അതുതന്നെയായിരുന്നു എന്റെ ധൈര്യവും

എങ്ങനെയായിരുന്നു സംഗീതം ചെയ്തത്, ആദ്യം സീന്‍ പറഞ്ഞ് കൊടുത്തതിന് ശേഷം സംഗീതം ചെയ്യുകയായിരുന്നോ?

ഞാന്‍ ഷൂട്ട് ചെയ്ത ചില രംഗങ്ങളും എന്റെ മനസിലുള്ള രംഗങ്ങളും അദ്ദേഹത്തിന് പറഞ്ഞ് കൊടുത്തിരുന്നു. ഓരോ രംഗങ്ങളും എടുക്കാന്‍ ഉദ്ദേശിക്കുന്ന വിഷ്വലുകളും സ്ഥലങ്ങളും കഥാഗതിയുമൊക്കെ ഞാന്‍ അദ്ദേഹത്തിന് എഴുതി നല്‍കുകയായിരുന്നു. സംഗീതത്തില്‍ എന്തൊക്കെ ഉപകരണങ്ങള്‍ ഉപയോഗിക്കണം എന്നുവരെ ഞാന്‍ അദ്ദേഹവുമായി സംസാരിച്ചിരുന്നു. അതിന് ശേഷമാണ് അദ്ദേഹം സംഗീതം ചെയ്യാന്‍ ആരംഭിച്ചത്.  മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം അദ്ദേഹം 14 തരത്തിലുള്ള ട്യൂണുകള്‍ രാജാസാര്‍ എനിയ്ക്ക് തന്നു. എന്നിട്ട് ഓരോ സാഹചര്യത്തിനും ഇണങ്ങുന്ന ട്യുണുകള്‍ തിരഞ്ഞെടുക്കാന്‍ പറയുകയായിരുന്നു. അതില്‍ എട്ട് ട്യൂണുകള്‍ ഞാന്‍ തിരഞ്ഞെടുത്തു. അതിന് ശേഷമായിരുന്നു റെക്കോഡിങ്. അതിനായി ഞങ്ങള്‍ ലണ്ടനിലേക്ക് പോയി.

തന്ന ട്യൂണുകളില്‍ ഏറ്റവും കൂടുതല്‍ സംതൃപ്തി തോന്നിയത് ഏതിനോടാണ് ?

അത് പറയാന്‍ കഴിയില്ല. ഞാന്‍ എന്താണോ ഉദ്ദേശിച്ചത് അതായിരുന്നു രാജാസാര്‍ എനിയ്ക്ക് നല്‍കിയത്. അദ്ദേഹം നല്‍കിയ 14 ട്യൂണുകളില്‍ ഒന്നുപോലും വേണ്ടെന്ന് വെയ്ക്കണമെന്ന് എനിയ്ക്ക് തോന്നിയില്ല. പക്ഷേ സാഹചര്യം അതായതുകൊണ്ടുമാത്രം എട്ടെണ്ണം തിരഞ്ഞെടുക്കുകയായിരുന്നു.

ഹാരിസ് ജയരാജനൊപ്പവും എ.ആര്‍ റഹ്മാനൊപ്പവും വര്‍ക്ക് ചെയ്യുന്നതില്‍ നിന്നും എത്രത്തോളം ആഴമുള്ളതായിരുന്നു ഇളയരാജയ്‌ക്കൊപ്പമുള്ള അനുഭവം?

സത്യമായും അങ്ങനെ ഒരു താരതമ്യം നടത്താന്‍ കഴിയില്ല. എങ്കിലും രാജാസാര്‍ സംഗീതം ചെയ്യുമ്പോള്‍ ഹൃദ്യമായ മെലഡിയാണ് ആദ്യം വരിക. അത് നമ്മെ തികച്ചും നൊസ്റ്റാള്‍ജിക്കായ മൂഡിലേക്ക് കൊണ്ടുപോകും. അത് നിങ്ങള്‍ക്ക് മനസിലാകണമെങ്കില്‍ അദ്ദേഹത്തോടൊപ്പമിരുന്ന് അദ്ദേഹം ചിട്ടപ്പെടുത്തുന്ന ഒരു ഗാനം കേള്‍ക്കാനുള്ള അവസരം ലഭിക്കണം. അദ്ദേഹം സംഗീതം ചെയ്യുമ്പോഴും അത് ഗായകരെക്കൊണ്ട് പാടിക്കുമ്പോഴും റെക്കോഡ് ചെയ്യുമ്പോഴുമെല്ലാം ഞാന്‍ കൂടെ തന്നെ ഇരിക്കും. കാരണം അദ്ദേഹത്തിന്റെ മാസ്മര സംഗീതം അത്രയേറെ ഞാന്‍ ഇഷ്ടപ്പെടുന്നുണ്ട്. എന്നാല്‍ ഹാരിസ് ജയരാജനും എ.ആര്‍ റഹ്മാനും സംഗീതം ചിട്ടപ്പെടുത്തുമ്പോള്‍ അവിടെ ചെന്നിരിക്കാന്‍ നമുക്ക് അവസരം തരില്ല. അവര്‍ പാട്ടുകള്‍ ചിട്ടപ്പെടുത്തി കഴിഞ്ഞതിന് ശേഷം നമ്മെ വിളിക്കും. അതിന് ശേഷം മാത്രമേ അത് കേള്‍ക്കാന്‍ നമുക്ക് സാധിക്കുകയുള്ളു. എന്നാല്‍ രാജാസാറിന്റെ കൂടെ പൂര്‍ണമായും ഇരുന്ന് കേള്‍ക്കാന്‍ എനിയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

Jarris Jayaraj with Rahman

ഇളയരാജയുടെ കൈയ്യൊപ്പു പതിഞ്ഞ പാട്ടുകള്‍, ഒരു പക്ഷേ താങ്കളുടെ ഒരു ചിത്രത്തിലും ഇല്ലാതിരുന്നത്ര മനോഹരമായ ഗാനങ്ങള്‍, എങ്ങനെയാണ് ചിത്രീകരിക്കാന്‍ ഉദ്ദേശിക്കുന്നത് ?

ആദ്യം ട്യൂണ്‍ തന്നപ്പോള്‍ തന്നെ കുറച്ച് രംഗങ്ങള്‍ ചിത്രീകരിച്ചിരുന്നു. കുറേ വിഷ്വലുകള്‍ കൂടിച്ചേരുന്ന എന്നാല്‍ ട്യൂണിനോട് പൂര്‍ണമായ നീതി പുലര്‍ത്തുന്ന രംഗങ്ങളാണ് ഷൂട്ട് ചെയ്തിരിക്കുന്നത്.

സോഫ്റ്റ് മെലഡികള്‍ക്കായി ഷൂട്ടിങ് രീതിയില്‍ മാറ്റം വരുത്തിയോ?

ചില ട്യൂണുകള്‍ വളരെ പവര്‍ഫുള്‍ ആണ്. അതുകൊണ്ട് തന്നെ ഞാന്‍ എടുത്തുവെച്ച ചില സീനുകള്‍ മാറ്റി പുതുതായി ചില രംഗങ്ങള്‍ ചിത്രീകരിക്കുകയായിരുന്നു. സിനിമയിലെ പാട്ടുകളാണ് ഒരു തരത്തില്‍ കഥയെ മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് പറയാം.

സിനിമയുടെ ഓഡിയോ റിലീസിങ് ചടങ്ങിനിടെ ചിത്രത്തിലെ പാട്ടുകള്‍ സ്റ്റേജില്‍ വരുമ്പോള്‍ ആളുകല്‍ വിസില്‍ അടിക്കുകയോ കൈമുട്ടുകയോ ചെയ്യാതെ സംഗീതം ആസ്വദിക്കണമെന്ന് ഇളയരാജ ആവശ്യപ്പെട്ടിരുന്നു, എങ്ങനെയായിരുന്നു ആ നിര്‍ദേശത്തോടുള്ള ആളുകളുടെ പ്രതികരണം?

മിക്ക ആളുകളും അത് അതേപടി അനുസരിച്ചു. ലൈവ് ഓര്‍ക്കസ്ട്രയായിരുന്നു. അതുകൊണ്ട് തന്നെയാണ് ആ ആവശ്യം അദ്ദേഹം ഉന്നയിച്ചതും. ഒരു റോക്ക് ഷോയില്‍ നിന്നും വ്യത്യസ്തമായ പ്രോഗാമായിരുന്നു അത്.

ചിത്രത്തില്‍ താങ്കള്‍ക്ക് കൂടുതല്‍ ഇഷ്ടം തോന്നിയ ഗാനം?

കാര്‍ത്തിക് പാടിയ കാട്രെ കൊഞ്ചം എന്ന് തുടങ്ങുന്ന ഗാനമാണ് ഏറെ ഇഷ്ടം. ഞാന്‍ മാത്രമല്ല പലരും ആ പാട്ടിനെ ഏറെ ഇഷ്ടപ്പെടുന്നുണ്ട്.

കടപ്പാട്: റെഡ്ഡിഫ്.കോം

Advertisement