എഡിറ്റര്‍
എഡിറ്റര്‍
ബീഫ് ഫെസ്റ്റിവെലിന്റെ പേരില്‍ മര്‍ദ്ദനം: മദ്രാസ് ഐ.ഐ.ടിക്ക് മുമ്പില്‍ വിദ്യാര്‍ഥികളുടെ വന്‍ പ്രതിഷേധം
എഡിറ്റര്‍
Wednesday 31st May 2017 1:29pm

ചെന്നൈ: ബീഫ് ഫെസ്റ്റിവെലിന്‍ പങ്കെടുത്തതിന്റെ പേരില്‍ മലയാളികളെ ഗവേഷണ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ മദ്രാസ് ഐ.ഐ.ടിക്കുമുമ്പില്‍ വിവിധ വിദ്യാര്‍ഥി സംഘടനകളുടെ പ്രതിഷേധം. അക്രമികള്‍ക്കെതിരെ നടപടിയെടുക്കണമെന്നും അവരെ പുറത്താക്കണമെന്നുമാവശ്യപ്പെട്ടാണ് സമരം.

സൂരജിനെ ആക്രമിക്ക മനിഷ് കുമാര്‍ സിങ് എന്ന പി.ജി വിദ്യാര്‍ഥിയെയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നവരെയും എത്രയും പെട്ടെന്ന് പുറത്താക്കണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം. സൂരജിനുണ്ടായ പരുക്കിന് അദ്ദേഹത്തിന് നഷ്ടപരിഹാരംനല്‍കണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നു.

ഹിമാലയ മൈതാനത്തില്‍ നിന്നും ആരംഭിച്ച വിദ്യാര്‍ഥികളുടെ കൂറ്റന്‍മാര്‍ച്ച് ഡീനിന്റെ ഓഫീസിനുമുമ്പില്‍ അവസാനിക്കുകയും ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ ആവശ്യങ്ങളടങ്ങിയ നോട്ടീസ് ഡീനിന്റെ ഓഫീസിലെത്തി സമര്‍പ്പിക്കുകയും ചെയ്തു.

ഇതിനു പുറമേ ആര്‍.എസ്.വൈ.എഫ്, എസ്.എഫ്.ഐ, ഡി.എസ്.എഫ് തുടങ്ങിയ ഇടതുവിദ്യാര്‍ഥി സംഘടകള്‍ ഗേറ്റിനു മുമ്പില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുകയും ചെയ്തു. ‘പശുസംരക്ഷകരെയും അവരുടെ കൊമ്പും ഞങ്ങള്‍ തകര്‍ത്തോളാം’ എന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു പ്രതിഷേധം.

സ്ത്രീകള്‍ ഉള്‍പ്പെടെ 75ഓളം പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിഷേധമെന്നോണം പാകം ചെയ്ത ബീഫ് കഷണങ്ങളും പ്രതിഷേധക്കാര്‍ കൊണ്ടുവന്നിരുന്നു.

മലപ്പുറം സ്വദേശി സൂരജിനാണ് ബീഫ് ഫെസ്റ്റിവെലില്‍ പങ്കെടുത്തതിന്റെ ക്രൂരമായി മര്‍ദ്ദിക്കപ്പെട്ടത്. സംഭവത്തില്‍ എട്ടുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഐ.ഐ.ടി ഉത്തരവിട്ടിട്ടുണ്ട്.

Advertisement