ചെന്നൈ: ഐ.ഐ.ടി മദ്രാസില്‍ നാഷണല്‍ സര്‍വീസ് സ്‌കീം (എന്‍.എന്‍.എസ്) യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടത്താനിരുന്ന ലെക്ചര്‍ സീരീസ് റദ്ദ് ചെയ്ത് അധികൃതരുടെ നടപടി.

ഇന്ത്യ അണ്‍ടച്ച്ഡ് അടക്കമുള്ള ഡോക്യുമെന്ററികള്‍ സംവിധാനം ചെയ്ത കെ.സ്റ്റാലിന്‍, ദല്‍ഹി സ്‌ക്കൂള്‍ ഓഫ് എക്കണോമിക്‌സിലെ പ്രഫസറും ആക്റ്റിവിസ്റ്റുമായ നന്ദിനി സുന്ദര്‍, എന്‍.ജി.ഒ സംഘടനയായ ബോര്‍ഡര്‍ലെസ് വേള്‍ഡ് ഫൗണ്ടേഷന്റെ ചെയര്‍മാന്‍ ആദിക് കദം എന്നിവര്‍ പങ്കെടുക്കേണ്ടിയിരുന്ന ലെക്ചര്‍ സീരീസാണ് അധികൃതര്‍ റദ്ദാക്കിയത്.


Dont Miss ബി.ജെ.പി സര്‍ക്കാരിന് കീഴില്‍ കര്‍ഷക ആത്മഹത്യ വര്‍ധിച്ചു; മോദിക്കെതിരായ വിമര്‍ശനത്തിന് പിന്നാലെ പാര്‍ട്ടിയെ വിമര്‍ശിച്ച് ബി.ജെ.പി എം.പി


‘സോഷ്യല്‍ ഇക്വിറ്റി’ എന്നവിഷയത്തിലായിരുന്നു പ്രഭാഷണ പരമ്പര സംഘടിപ്പിച്ചിരുന്നത്. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെയായിരുന്നു പ്രഭാഷണത്തിനായി തെരഞ്ഞെടുത്തിരുന്നത്.

എന്നാല്‍ വിവാദത്തില്‍പ്പെട്ട ചിലരേയാണ് ലെക്ചര്‍ സീരീസിനായി ക്ഷണിച്ചിരിക്കുന്നത് എന്നുപറഞ്ഞുകൊണ്ടാണ് പരിപാടി റദ്ദ് ചെയ്തിരിക്കുന്നന്നത്. എന്നാല്‍ എന്ത് വിവാദമാണ് എന്ന കാര്യത്തില്‍ അഡ്മിനിസ്‌ട്രേഷന്‍ വിശദീകരണമൊന്നും നല്‍കിയിട്ടില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

എന്‍.എസ്.എസ് പോലുള്ള സാമൂഹിക സേവന സംഘടനയുടെ വേദിയില്‍ ജാതിവ്യവസ്ഥയും ആദിവാസി പ്രശ്‌നങ്ങളും മനുഷ്യാവകാശ പ്രശ്‌നങ്ങളും അതിര്‍ത്തി വിഷയങ്ങളും ചര്‍ച്ച ചെയ്യരുതെന്ന് നേതൃത്വത്തിന്റെ നിര്‍ദേശമുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് പരിപാടി റദ്ദ് ചെയ്തിരിക്കുന്നത്.

ഐഐടി മദ്രാസ് ഭരണകൂടത്തിന്റെ ഈ തീരുമാനത്തിലൂടെ അവര്‍ തങ്ങളുടെ ശക്തമായ പ്രത്യയശാസ്ത്ര വിശകലനം തുറന്നുകാട്ടുകയും അവരുടെ ഹിന്ദുത്വ രാഷ്ട്രീയം വെളിപ്പെടുത്തുകയുമാണ് ചെയ്യുന്നതെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.

പ്രഭാഷണത്തിനായി ക്ഷണിച്ചിരുന്നവരുടെ വിശ്വാസ്യതയെ കുറിച്ചോ മറ്റോ ഒന്നും ബോധിപ്പിക്കാനുള്ള ഒരു അവസരവും അധികൃതര്‍ നല്‍കിയില്ലെന്നാണ് വിദ്യാത്ഥി സംഘടനകള്‍ വ്യക്തമാക്കുന്നത്. ഫാക്കല്‍റ്റി അഡൈ്വസറുമായി സംസാരിക്കാനുള്ള വിദ്യാര്‍ത്ഥികളുടെ ആവശ്യം അഡ്മിനിസ്‌ട്രേഷന്‍ നിരാകരിക്കുകയായിരുന്നെന്നും ഇവര്‍ പറയുന്നു.

കെ. സ്റ്റാലിന്‍, മിസ്. നന്ദിനി സുന്ദര്‍, ആദിക് കദം എന്നിവര്‍ക്ക് എന്‍.എസ്.എസിന്റെ ഫാക്കല്‍റ്റി ഉപദേഷ്ടാവ് അയച്ച മെയിലില്‍ പെട്ടെന്നുണ്ടായ ചില സാഹചര്യങ്ങളുടെ പുറത്താണ് പരിപാടി റദ്ദ് ചെയ്തിരിക്കുന്നതെന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാല്‍ എന്താണ് കാരണമെന്ന് കത്തില്‍ വിശദീകരിച്ചിട്ടില്ല. വൈകാതെ തന്നെ മറ്റൊരു അവസരത്തില്‍ പരിപാടി നടത്തുമെന്നും മെയിലില്‍ പറഞ്ഞിട്ടുണ്ട്.

എന്‍എസ്എസ് പോലുള്ള പ്രശസ്തമായ ഒരു സംഘടനയുടെ ചുമതലയുള്ള ഫാക്കല്‍റ്റിയില്‍ നിന്നും ഇത്തരമുള്ള നടപടി തങ്ങള്‍ പ്രതീക്ഷിച്ചതല്ലെന്നും വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ക്ക് ഒരു തരത്തിലുള്ള പരിഗണനയും നല്‍കിയില്ലെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.