എഡിറ്റര്‍
എഡിറ്റര്‍
മദ്രാസ് ഐ.ഐ.ടിയില്‍ നടന്നത് ആസൂത്രിതവും സംഘടിതവുമായ ആക്രമണം: പ്രതിഷേധവുമായി ബോംബെ ഐ.ഐ.ടി വിദ്യാര്‍ഥികള്‍
എഡിറ്റര്‍
Thursday 1st June 2017 3:35pm

മുംബൈ: മദ്രാസ് ഐ.ഐ.ടിയില്‍ ബീഫ് ഫെസ്റ്റിവെലില്‍ പങ്കെടുത്തതിന്റെ പേരില്‍ വിദ്യാര്‍ത്ഥി ആക്രമിക്കപ്പെട്ട സംഭവത്തെ അപലപിച്ച് ബോംബെ ഐ.ഐ.ടിയിലെ വിദ്യാര്‍ഥികള്‍. ഗവേഷണ വിദ്യാര്‍ഥിയായ ആര്‍. സൂരജിനെതിരെ നടന്ന ആക്രമണം ആസൂത്രിതവും സംഘടിതവുമാണെന്നും ബോംബെ ഐ.ഐ.ടി വിദ്യാര്‍ഥികള്‍ പത്രക്കുറിപ്പില്‍ ആരോപിക്കുന്നു.

ബീഫ് കഴിച്ചുകൊണ്ടുള്ള സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്കെതിരെ ഭീഷണി ഉയര്‍ന്നിരുന്നു. ഇക്കാര്യം അധികൃതരെ അറിയിച്ചിട്ടും ഭീഷണി ഉയര്‍ത്തിയവര്‍ക്കെതിരെ യാതൊരു നടപടിയും എടുത്തില്ലെന്നും ബോംബെ ഐ.ഐ.ടി ആരോപിക്കുന്നു.


Must Read: ട്രെയിനില്‍ മുസ്‌ലിം യുവതിയെ ബലാത്സംഗം ചെയ്തയാള്‍ക്ക് യോഗി ആദിത്യനാഥ് പൊലീസിന്റെ വി.ഐ.പി ട്രീറ്റ്: വീഡിയോ പുറത്ത് 


പ്രാദേശികമായ ഒരു പ്രശ്‌നത്തിന്റെ പേരിലുണ്ടായ സ്വാഭാവികമായ പ്രതികരണമായി ഈ ആക്രമണത്തെ കാണാനാവില്ല. ക്യാമ്പസിലെ ബ്രാഹ്മണിക് കാഴ്ചപ്പാടുകള്‍ക്കും ചട്ടങ്ങള്‍ക്കും എതിരെ ഉയരുന്ന എല്ലാതരം ശബ്ദങ്ങളെയും അടിച്ചമര്‍ത്താനുള്ള സംഘടിതമായ ശ്രമമായാണ് ഇതിനെ കാണുന്നതെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.

ജാതീയമായ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ ശബ്ദിക്കുന്നവരെ വലതുപക്ഷ രാഷ്ട്രീയ സംഘടകളെയോ പൊലീസിനെയോ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്നതാണ് വിവിധ യൂണിവേഴ്‌സിറ്റികളില്‍ കഴിഞ്ഞകാലങ്ങളില്‍ കണ്ടത്. അടുത്തിടെ മെയ് 27ന് ഐ.ഐ.ടി ബി.എച്ച്.യുവില്‍ സഹാറന്‍പൂരിലെ ദളിത് ആക്രമണത്തില്‍ പ്രതിഷേധിച്ച് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ഥികളെ പൊലീസ് ക്രൂരമായി മര്‍ദ്ദിക്കുകയാണുണ്ടായത്.

വിദ്യാര്‍ഥികളെ ട്രക്കിലേക്കു തള്ളിക്കയറ്റി ക്രൂരമായി മര്‍ദ്ദിച്ചശേഷം ഏറ്റുമുട്ടലുകളുണ്ടാക്കി കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. വനിതാ വിദ്യാര്‍ഥികളെ വരെ പുരുഷ പൊലീസുകാര്‍ മര്‍ദ്ദിക്കുകയും സ്വകാര്യ ഭാഗങ്ങളില്‍ പെട്രോള്‍ ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. രാജ്യത്തെ ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ വരെ ഇത്തരം പ്രതിഷേധ സ്വരങ്ങളെ അടിച്ചമര്‍ത്താനുള്ള നീക്കം നടക്കുന്നു എന്നാണ് ഈ രണ്ടു സംഭവങ്ങളും വ്യക്തമാക്കുന്നതെന്നും വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നു.


Also Read: ബിരുദമെടുത്തത് ശാസ്ത്രത്തില്‍, മോദിയെയും വസുന്ധരാ രാജയെയും വരെ കേസില്‍ നിന്നും രക്ഷപ്പെടുത്തി: രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജിയുടെ ഭൂതകാലം ഇങ്ങനെ


അതുകൊണ്ടുതന്നെ ഭക്ഷണ ഫാഷിസ്റ്റുകളും സദാചാരഗുണ്ടകളും നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ നമ്മള്‍ ശബ്ദമുയര്‍ത്തേണ്ടതുണ്ട്. ഒരു വിഭാഗത്തിനുമേല്‍ മറ്റൊരു വിഭാഗത്തിന്റെ ആശയങ്ങള്‍ ബലപ്രയോഗത്തിലൂടെ അടിച്ചേല്‍പ്പിക്കുന്നതിനെതിരെയാണ് നമ്മുടെ പോരാട്ടമെന്നും വിദ്യാര്‍ഥികള്‍ വ്യക്തമാക്കി.

സംഭവത്തില്‍ പ്രതിഷേധിച്ച് ബോംബെ ഐ.ഐ.ടിയില്‍ വിദ്യാര്‍ഥികള്‍ കഴിഞ്ഞദിവസം പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

Advertisement