ബാംഗ്ലൂര്‍: രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിക്കാനാഗ്രഹിക്കുന്ന യുവതികള്‍ക്ക് പരിശീലനം നല്‍കുന്നതിനായി ഇന്ത്യന്‍  ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ബാംഗ്ലൂര്‍ പുതിയ കോഴ്‌സ് ആരംഭിക്കുന്നു. 40 ദിവസമാണ് ഈ കോഴ്‌സിന്റെ ദൈര്‍ഘ്യം.

രാജ്യത്തെ രാഷ്ട്രീയവും ഭരണപരവുമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സ്ത്രീകളെ പ്രാപ്തരാക്കുകയാണ് കോഴ്‌സിന്റെ ഉദ്ദേശ്യം. ഭരണപങ്കാൡത്തില്‍ സ്ത്രീ സംവരണം ഉള്ളതിനാല്‍ ഭരിക്കാന്‍ സ്ത്രീകളെ പ്രാപ്തരാക്കാന്‍ ഈ കോഴ്‌സ് ഏറെ സഹായകരമായിരിക്കുമെന്ന് ഐ.ഐ.എം-ബിയിലെ സെന്റര്‍ ഫോര്‍ പബ്ലിക് പോളിസിയുടെ ചെയര്‍പേഴ്‌സണ്‍ രാജീവ് ഗൗഡ പറഞ്ഞു.

ഭരണം, ഭരണസംവിധാനം, തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള അധികാരങ്ങള്‍, ബജറ്റ് രൂപീകരണം, പോസിറ്റീവായ മാറ്റങ്ങളുണ്ടാക്കുന്നതിന് ഭരണഘടനയില്‍ എങ്ങനെ ഇടപെടല്‍ നടത്താം തുടങ്ങിയ കാര്യങ്ങളാണ് സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ജനപ്രതിനിധികളുടെ കടമകളും ഉത്തരവാദിത്തങ്ങളുമാണ് പഠിപ്പിക്കുന്നതെന്ന് ചുരുക്കം.

തദ്ദേശ സ്ഥാപനങ്ങളില്‍ സ്ത്രീകളുടെ പ്രാതിനിധ്യം  50% ആവുകയാണ്. ഈ സാഹചര്യത്തില്‍ ഭരണസംബന്ധമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യാനറിയുന്ന കൂടുതല്‍ സ്ത്രീകള്‍ രാജ്യത്തുണ്ടാവേണ്ടതുണ്ടെന്നും ഐ.ഐ.എം-ബി പ്രഫസര്‍ അശ്വിന്‍ മഹേഷ് പറഞ്ഞു. കേന്ദ്ര സംസ്ഥാന തലത്തിലും സ്ത്രീ സംവരണം ഉടന്‍ നടപ്പിലാക്കും. അതിനാല്‍ രാഷ്ട്രീയത്തില്‍ ശോഭിക്കാന്‍ കഴിയുന്ന സ്ത്രീകള്‍ ഒരുപാടുണ്ടാവേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രീയത്തോട് താല്‍പര്യമുണ്ടായിരിക്കുക എന്ന യോഗ്യത മാത്രമേ കോഴ്‌സിന് ചേരാനാവശ്യമുള്ളൂ. കോഴ്‌സ് മാസങ്ങള്‍ക്കുള്ളില്‍ ആരംഭിക്കുമെന്നും ഗൗഡ പറഞ്ഞു.