തിരുവനന്തപുരം: ഐ.എച്ച്.ആര്‍.ഡിയില്‍ യോഗ്യതയില്ലാത്ത അഞ്ചുപേരെ പ്രിന്‍സിപ്പല്‍മാരായി നിയമിക്കുന്നതിന് അനുമതി നല്‍കിയത് മുന്‍ വിദ്യാഭ്യാസമന്ത്രി എം.എ. ബേബിയാണെന്ന് വ്യക്തമായി. സ്ഥാപനത്തിന്റെ നിര്‍വാഹകസമിതിയുടെ അധ്യക്ഷന്‍ എന്ന അധികാരം ഉപയോഗിച്ചാണ് എം.എ. ബേബി ഒപ്പിട്ട് ക്രമവിരുദ്ധ നിയമനത്തിന് അനുമതി നല്‍കിയത്. നിയമനത്തിന് അനുമതി നല്‍കികൊണ്ട് എം.എ. ബേബി ഒപ്പിട്ട രേഖ മനോരമ ന്യൂസിനു ലഭിച്ചു.

2008 മാര്‍ച്ച് 22നായിരുന്നു നിയമനം. അടിയന്തരമായി പ്രിന്‍സിപ്പല്‍മാരുടെ ഒഴിവുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഐ.എച്ച്.ആര്‍.ഡി എക്‌സിക്യുട്ടീവ് ചെയര്‍മാനായിരുന്ന മന്ത്രി മുന്‍കൈയെടുത്ത് നിയമനം നടത്തിയത്. ഇത്തരത്തില്‍ നിയമിക്കണമെങ്കില്‍ എക്‌സിക്യുട്ടീവ് യോഗം ചേര്‍ന്ന് അംഗീകാരം നല്‍കേണ്ടതുണ്ട്. ഈ നടപടിക്രമവും ഇവിടെ പാലിക്കപ്പെട്ടിട്ടില്ല.

Subscribe Us:

സ്റ്റാഫ് സിലക്ഷന്‍ അയോഗ്യരെന്ന് കണ്ടെത്തിയവരെയാണ് വിദ്യാഭ്യാസ മന്ത്രി ഇടപെട്ട് നിയമിച്ചത്. പ്രഫസര്‍മാരായി നിയമനം ലഭിച്ചു നിശ്ചിത കാലാവധി പൂര്‍ത്തിയാക്കുന്നതിനു മുന്‍പായിരുന്നു ഇവരില്‍ നാലുപേരുടെയും നിയമനം.

അടിയന്തര സാഹചര്യമാണെങ്കിലും യോഗ്യതയില്ലാത്തവരെ ഐ.എച്ച്.ആര്‍.ഡിയില്‍ നിയമിക്കാന്‍ പാടില്ലെന്ന് ഐഎച്ച്ആര്‍ഡി ചെയര്‍മാന്‍ കൂടിയായ വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് പ്രതികരിച്ചു. ഇത് സംബന്ധിച്ച ഫയലുകള്‍ പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.

malayalam news