Categories

അരുണിനെതിരെ ഐ.എച്ച്.ആര്‍.ഡിയുടെ നടപടി

തിരുവനന്തപുരം: വി.എസ് അച്യുതാനന്ദന്റ മകന്‍ വി.എ. അരുണ്‍കുമാറിനെതിരേ ഐ.എച്ച്.ആര്‍.ഡി നടപടി തുടങ്ങി. ഐ.ടി വിഭാഗത്തിന്റെ ചുമതലയില്‍ നിന്നും അരുണിനെ മാറ്റിക്കൊണ്ടാണ് ഐ.എച്ച.്ആര്‍.ഡി നടപടി തുടങ്ങിയത്. ഐ.ടി വിഭാഗം ഐ.എച്ച.ആര്‍.ഡി ഡയറക്ടറുടെ കീഴിലാക്കുകയും ചെയ്തു.

അരുണിനെതിരായ ആരോപണങ്ങള്‍ അന്വേഷിച്ച നിയമസഭാ സമിതിയുടെ റിപ്പോര്‍ട്ട് വരാനിരിക്കെയാണ് നടപടി. വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരമാണ് അരുണിനെ ഐ.ടിയുടെ ചുമതലയില്‍ നിന്ന് ഒഴിവാക്കിയതെന്നാണ് സൂചന. അതേസമയം ഐ.ടി വിഭാഗം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടിയെന്നാണ് ഐ.എച്ച്.ആര്‍.ഡിയുടെ വിശദീകരണം.

ഐ.സി.ടി അക്കാദമി ഡയറക്ടറായി നിയമിച്ചതുള്‍പ്പെടെയുള്ള പരാതികള്‍ അന്വേഷിക്കുന്ന നിയമസഭാ സമിതി വി.എസ് അച്യുതാനന്ദന്റെ മകന്‍ വി.എ അരുണ്‍കുമാര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. അരുണ്‍കുമാറിന്റെ നിയമനത്തിലും സ്ഥാനക്കയറ്റത്തിലും വ്യാപകമായി ക്രമക്കേടുകള്‍ നടന്നുവെന്നും എന്നാല്‍ ഫണ്ട് തിരിമറി സംബന്ധിച്ച് തെളിവില്ലെന്നുമായിരുന്നു റിപ്പോര്‍ട്ട്.

അതേസമയം യോഗ്യതകളോടു കൂടിയാണ് അരുണ്‍കുമാറിനെ നിയമിച്ചതെന്ന് സമിതിയിലെ ഇടത് അംഗങ്ങള്‍ വാദിച്ചു. ഇവരുടെ വിയോജന കുറിപ്പോടെ അരുണ്‍ കുമാറിനെതിരായ റിപ്പോര്‍ട്ടിന് സമിതി അംഗീകാരം നല്‍കുകയും ചെയ്തു. റിപ്പോര്‍ട്ട് എട്ടാം തീയതി തന്നെ നിയമസഭയില്‍ സമര്‍പ്പിച്ചേക്കും.

അരുണ്‍ കുമാറിന്റെ നിയമനത്തിന് വി.എസ് അച്യുതാനന്ദനും മുന്‍ മന്ത്രി എം.എ ബേബിയും കൂട്ടു നിന്നുവെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.

നായനാര്‍ സര്‍ക്കാരിന്റെ കാലത്താണ് ഐ.എച്ച്.ആര്‍.ഡിയില്‍ അസിസ്റ്റന്റ് ഡയറക്ടറായി അരുണ്‍കുമാറിനെ നിയമിക്കുന്നത്. 18 അപേക്ഷകര്‍ ഉണ്ടായിരുന്നെങ്കിലും ഒന്നാംറാങ്ക് ലഭിച്ചതിനെ തുടര്‍ന്നായിരുന്നു ജോലി ലഭിച്ചത്. എം.സി.എയും രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനപരിചയവുമായിരുന്നു യോഗ്യതയായി നിശ്ചയിച്ചിരുന്നത്. ഒരു വര്‍ഷത്തെ പ്രൊബേഷന്‍ പൂര്‍ത്തിയാക്കുന്നതിനുമുമ്പ് കയര്‍ഫെഡ് എം.ഡിയായി നിയമിതനായി.

രണ്ടു വര്‍ഷത്തിനുശേഷം ഐ.എച്ച്.ആര്‍.ഡിയുടെ കട്ടപ്പനയിലെ കോളേജില്‍ പ്രിന്‍സിപ്പലായി നിയമിച്ചു. അധ്യാപന പരിചയമില്ലായിരുന്നെങ്കിലും ഏഴുവര്‍ഷത്തെ ഭരണപരിചയത്തിന്റെ പേരിലായിരുന്നു നിയമനം. ഐ.എച്ച്.ആര്‍.ഡിയിലുള്ളവര്‍ക്കേ ഈ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ കഴിയുമായിരുന്നുള്ളൂ.

അരുണ്‍കുമാറിന്റെ നിയമനം: റിപ്പോര്‍ട്ട് ചോര്‍ന്നത് അന്വേഷിക്കണമെന്ന് വി.എസ്

Malayalam news

Kerala News in English