തിരുവനന്തപുരം: ഐസ്‌ക്രീം പാര്‍ലര്‍ കേസുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ സമിതി രൂപീകരിച്ചു. എ.ഡി.ജി.പി വിന്‍സന്റ് എം പോളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുക.

ജുഡീഷ്യറിയുമായി ബന്ധപ്പെട്ട എല്ലാ ആരോപണങ്ങളും സംഘം അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. അതിനിടെ ഐസ്‌ക്രീം കേസുമായി ബന്ധപ്പെട്ട് വിവാദമായ ടേപ്പ് ഇന്ത്യാവിഷന്‍ ഇതുവരെ ഹാജരാക്കിയിട്ടില്ലെന്നും അല്ലെങ്കില്‍ ചാനല്‍ സംപ്രേഷണം ചെയ്ത ഭാഗങ്ങള്‍ ഹാജരാക്കാന്‍ ആവശ്യപ്പെടുമെന്നും കോടിയേരി വ്യക്തമാക്കി.

ഐസ്‌ക്രീം കേസുമായി ബന്ധപ്പെട്ട് സംസ്ഥാനം കേന്ദ്രത്തെ ഇതുവരെ സമീപിച്ചിട്ടില്ല. പിന്നെയെങ്ങിനെയാണ് കേസില്‍ തുടരന്വേഷണം സാധ്യമല്ലെന്ന നിയമോപദേശം കേന്ദ്രത്തിന് ലഭിച്ചതെന്നത് മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവായ കെ.എ റഊഫിന്റെ വെളിപ്പെടുത്തലോടെയാണ് ഐസ്‌ക്രീംപാര്‍ലര്‍ കേസ് വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. കേസ് ഒതുക്കിത്തീര്‍ക്കാന്‍ കുഞ്ഞാലിക്കുട്ടി കോടികള്‍ ചിലവഴിച്ചെന്നും റെജീന അടക്കമുള്ള ഇരകള്‍ക്ക് പണംനല്‍കി മൊഴി തിരുത്തിയെന്നും റഊഫ് ആരോപിച്ചിരുന്നു.

കേസുമായി ബന്ധപ്പെട്ട് ജുഡീഷ്യറിക്കെതിരേയും ആരോപണങ്ങളുയര്‍ന്നിരുന്നു. കെ.സി പീറ്റര്‍ ജസ്റ്റിസ് നാരായണക്കുറുപ്പിന്റെ മരുമകന് പണം കൈമാറിയിട്ടുണ്ടെന്നും റഊഫ് ആരോപിച്ചിരുന്നു.

ജസ്റ്റിസ് .തങ്കപ്പനെതിരേയും റഊഫ് ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഐസ്‌ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമായി താന്‍ വിധി എഴുതി എന്നത് ശരിയല്ലെന്ന് ജസ്റ്റിസ് തങ്കപ്പന്‍ വ്യക്തമാക്കിയിരുന്നു.