ആലപ്പുഴ: കത്തോലിക്കാ സഭയ്ക്കു കീഴിലുള്ള ധ്യാന കേന്ദ്രത്തിനടുത്ത കുളത്തില്‍ പരിശീലനത്തിനെത്തിയ വിദ്യാര്‍ഥി മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ക്രൈംബ്രാഞ്ച് ഐ.ജി ശ്രീലേഖ തെളിവെടുത്തു.

ആലപ്പുഴ കൈതവന ഏഴരപ്പാറയില്‍ ബെന്നിയുടെ മകളും സെന്റ് ആന്റണീസ് ഗേള്‍സ് സ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ഥിനിയുമായ ശ്രേയ(12)യെയാണ് കഴിഞ്ഞ 17ന് കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ 9.30ഓടെയാണ് ഐ.ജി ആര്‍ ശ്രീലേഖ എത്തിയത്.

ധ്യാനകേന്ദ്രത്തില്‍ അന്തേവാസികളെയും അധികൃതരെയും ഇവര്‍ ചോദ്യംചെയ്തു. തുടര്‍ന്നു ശ്രേയയുടെ കൈതവന ഏഴരപ്പാറയിലെ വീട്ടിലെത്തി പിതാവ് ബെന്നിച്ചനുമായും മാതാവ് സുജയുമായും സംസാരിച്ചു. മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും മകള്‍ക്ക് ഉറക്കത്തില്‍ എഴുന്നേറ്റുനടക്കുന്ന രോഗമില്ലായിരുന്നുവെന്നും മാതാപിതാക്കള്‍ പറഞ്ഞു.

ഡിവൈ.എസ്.പി ബി രവീന്ദ്രപ്രസാദ്, സൗത്ത് സി.ഐ സനല്‍കുമാര്‍, എസ്.ഐ കെ ജി അനീഷ് എന്നിവര്‍ ഐ.ജിക്കൊപ്പമുണ്ടായിരുന്നു. ശ്രേയയുടെ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ടു മാതാപിതാക്കളും ആക്ഷന്‍ കൗണ്‍സിലും ചേര്‍ന്നു മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും നിവേദനം നല്‍കിയിരുന്നു.