തിരുവനന്തപുരം: കിളിരൂര്‍ പെണ്‍വാണിഭക്കേസില്‍ വി.ഐ.പി ഉള്‍പ്പെട്ടിട്ടില്ലെന്ന് ഐ.ജി ശ്രീലേഖ. കേസിന്റെ വിചാരണയ്ക്കിടയില്‍ സി.ബി.ഐ കോടതിയിലാണ് ശ്രീലേഖ ഇക്കാര്യം അറിയിച്ചത്.

കേസില്‍ തോമസ് ചാണ്ടിയെയും കെ.പി മോഹനനെയും ചോദ്യം ചെയ്തിട്ടുണ്ട്. ആലപ്പുഴയില്‍വെച്ച് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്നും ഐ.ജി ശ്രീലേഖ പറഞ്ഞു. കിളിരൂര്‍ കേസില്‍ ആദ്യം അന്വേഷണം നടത്തിയ ഉദ്യോഗസ്ഥ എന്ന നിലയിലാണ് ശ്രീലേഖയെ വിസ്തരിച്ചത്.

കിളിരൂര്‍ കേസില്‍ ഐ.ജി ശ്രീലേഖ സ്വാധീനിക്കപ്പെട്ടിട്ടുണ്ടെന്നും കേസില്‍ പുനരന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ശാരിയുടെ മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹരജി കോടതി വെള്ളിയാഴ്ച പരിഗണിക്കാനിരിക്കുകയാണ്. അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഐ.ജി ശ്രീലേഖ ശാരിയുടെ മൊഴി രേഖപ്പെടുത്തിയതിലും ദുരൂഹതയുണ്ടെന്ന് മാതാപിതാക്കള്‍ ഹരജിയില്‍ പരാമര്‍ശിച്ചിരുന്നു. ശാരി പറഞ്ഞ പല കാര്യങ്ങളും ശ്രീലേഖ രേഖപ്പെടുത്തിയിട്ടില്ല. ശ്രീലേഖ കേസന്വേഷണം നടത്തവെ തന്നെ ഈ കേസില്‍ പങ്കുണ്ടെന്ന് ആരോപണവിധേയനായ തോമസ് ചാണ്ടി എം.എല്‍.എയുടെ നേതൃത്വത്തിലുള്ള ഒരു സംഘടന മികച്ച പോലീസ് ഓഫീസര്‍ക്ക് നല്‍കിയ അവാര്‍ഡ് വാങ്ങാന്‍ കുവൈത്തില്‍ പോയിരുന്നു. ഇതിനെക്കുറിച്ചും സി.ബി.ഐ അന്വേഷിച്ചിട്ടിട്ടില്ല. കേസില്‍ ആരോപണവിധേയനായ തോമസ് ചാണ്ടിയുടെ പങ്കും സി.ബി.ഐ അന്വേഷിച്ചില്ലെന്നും ഹരജിയില്‍ ആരോപിച്ചിരുന്നു.

Malayalam news

Kerala news in English