വെര്‍ണര്‍ ഹെര്‍സോഗ്

ഇത്തവണത്തെ ലൈഫ് ടൈം എച്ചീവ്‌മെന്റ് അവാര്‍ഡിന് എന്തുകൊണ്ടും അര്‍ഹന്‍ തന്നെയാണ് ഹെര്‍സോഗ്. സ്വന്തം രാജ്യത്തില്‍ വേണ്ടത്ര പരിഗണ ലഭിക്കാത്ത, എന്നാല്‍ മറ്റുരാജ്യങ്ങള്‍ പ്രതിപുരുഷനാക്കി കാണുന്ന ജര്‍മന്‍ സംവിധായകനാണ് വെര്‍ണര്‍ ഹെര്‍സോങ്. സംവിധായകനെന്ന നിലയിലും നടനെന്ന നിലയിലും ഒപേറ ആക്ടറെന്ന നിലയിലും കലയ്ക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ഒരു ജീവിതം എന്നു ഹെര്‍സോങിനെ വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല. സിനിമ ബുദ്ധിജീവികളുടെ കലയല്ല, മറിച്ച് നിരക്ഷരരുടെതാണെന്ന് പറയുന്ന ഹെര്‍സോഗിന്റെ സിനിമകളെ നവസിനിമാപ്രവര്‍ത്തകരുടെ റഫറന്‍സ് എന്നുവിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല.

ഭയാനകമായ ഭൂദൃശ്യങ്ങളും സമസ്യാപരനായ നായകനെയും സ്വന്തം സിനിമകളിലൂടെ ചിത്രീകരിച്ച ഹെര്‍സോഗിനെ ചില പ്രേക്ഷകരുടെയുള്ളില്‍ ഭീകരതയും, വേട്ടയാടപ്പെടുന്നതും, ശ്രേഷ്ഠവുമായ രചനങ്ങളുടെ പിതാവായ കവിയാണ്. ഇതിന് കടക വിരുദ്ധമായി മറ്റൊരു കൂട്ടരുടെയുള്ളില്‍ അനശ്വര പ്രണയവും ദാക്ഷിണ്യതയും, മടങ്ങിപ്പോക്കുകളേയും ദൃശ്യവത്ക്കരിക്കുന്ന നിഗൂഢതയുടേയും തിന്മകളുടേയും പ്രതിപുരുഷനായാണ് കാണുന്നത്. വ്യവസ്ഥാപിത വഴികളില്‍ നിന്നും വേര്‍പെട്ട് ഹെര്‍സോഗ് വെട്ടിത്തെളിച്ച സ്വന്തം വഴിയാവാം ഈ അഭിപ്രായിത്തിനു കാരണം.

ഒരിക്കലും സഫലമാകാത്ത സ്വപ്‌നങ്ങളുടെ ചിറകില്‍ സഞ്ചരിക്കുന്നവരും, പ്രകൃതിയുമായി നിരന്തരം സംഘട്ടനത്തിലേര്‍പ്പെട്ടിരിക്കുന്നവരും, മോശം കാര്യങ്ങളില്‍ വൈദഗ്ദ്യം പുലര്‍ത്തുന്നവരും വെര്‍ണറുടെ ചിത്രങ്ങളില്‍ നായകകഥാപാത്രങ്ങളായി.

അഗ്യൂയര്‍ ദ റാത്ത് ഓഫ് ഗോഡ് ഉള്‍പ്പെടെ ഹെര്‍സോഗിന്റെ അഞ്ചു ചിത്രങ്ങളാണ് ഇത്തവണ ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. സ്പാനിഷ് പോരാളികളുടെ സാഹസികയാത്ര പറയുന്ന അഗ്യൂയര്‍ ദ റാത്ത് ഓഫ് ഗോഡ് ഇന്ന് പ്രദര്‍ശിപ്പിച്ചു. തെക്കെ അമേരിക്കയിലെ ഭീകര നദിയിലൂടെയുള്ള ലോപ് ഡി അഗ്യൂര്‍ നയിക്കുന്ന ഈ സംഘത്തിന്റെ യാത്ര സ്വര്‍ണം കൊണ്ടു നിര്‍മിച്ച സിറ്റിതേടിയാണ്. ഇവരുടെ അത്യാഗ്രഹവും അന്തവിശ്വാസങ്ങളും ഭാവനയിലൂടെ നിറം നല്‍കിയിരിക്കുകയാണ് ഹെര്‍സോഗ്.

ഹെലിയോ പൊളീസ്

കെയിറോ നഗരത്തില്‍ ഒരു ദിവസത്തെ അസ്തമയം മുതല്‍ പിറ്റേന്ന് പ്രഭാതം വരെയുള്ള സമയത്തെ കുറച്ചു പേരുടെ ജീവിതത്തെ പകര്‍ത്തുകയാണ് ഈ ഈജിപ്ഷ്യന്‍ സിനിമയില്‍ ചെയ്തിരിക്കുന്നത്. നഗരത്തില്‍ ജീവിക്കുന്ന എട്ടുപേരുടെ നേര്‍ക്ക് സംവിധായകന്‍ തന്റെ ക്യാമറ പിടിച്ചിരിക്കുന്നു. സിനിമയില്‍ നടന്മാരില്ല. കഥാപാത്രങ്ങള്‍ അഭിനയിക്കുന്നുമില്ല. ചിത്രം കാണുന്നവരുടെ മനസ്സില്‍ അതിലൊരാള്‍ താന്‍ തന്നെയല്ലേ എന്ന തോന്നലുണ്ടാവുന്നു. തികച്ചും ജീവിതത്തോട് ചേര്‍ന്നു നില്‍ക്കുന്ന സിനിമ.

പതിനഞ്ചാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ മത്സരവിഭാഗം ചിത്രങ്ങളുടെ പ്രദര്‍ശനം തുടങ്ങിയ ഇന്നലെ ആ വിഭാഗത്തിലെ ആദ്യചിത്രമായാണ് ഹെലിയോ പൊളിസ് പ്രദര്‍ശിപ്പിച്ചത്. തുടക്കത്തില്‍ അല്‍പം വിരസത സൃഷ്ടിച്ചെങ്കിലും പിന്നീട് സിനിമ ഉള്ളുലയ്ക്കുന്ന അനുഭവമായി. ഹെലിയോ പൊളിസ് കാണുമ്പോള്‍ മലയാളത്തിലെ ജോണിനെ ഓര്‍ക്കാത്തവര്‍ അപൂര്‍വ്വമായിരിക്കും. തെരുവില്‍ നിന്ന് ചിത്രങ്ങള്‍ സ്വീകരിക്കുകയും പിന്നീട് അത് സിനിമയാക്കുകയും ചെയ്യുക. ഹെലിയോ പോളിസിന്റെ സംവിധായകന്‍ അഹമ്മദ് അബ്ദല്ല സ്വീകരിച്ചതും ഈ ശൈലിയാണ്.

കെയ്‌റോ നഗരത്തിലൂടെ അദ്ദേഹം ഒരു ക്യാമറയുമായി സഞ്ചരിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ ചേര്‍ത്തു വച്ച് സിനിമയാക്കിയിരിക്കുന്നു. ഹെലിയോ പൊളിസില്‍ അഭിനയിക്കുന്നവരെ ഇതിലെ കഥാപാത്രങ്ങളായി കാമാന്‍ കഴിയുന്നില്ല. തീയറ്ററിലിരിക്കുമ്പോള്‍ ഇതൊരു സിനിമയായും അനുഭവപ്പെടുന്നില്ല. പകരം, ജീവിതത്തെ വളരെ ബന്ധപ്പെട്ട് സ്വരുക്കൂട്ടുകയും അതിനെ നല്ലതാക്കി തന്നെ നിലനിര്‍ത്താനും പാടുപെടുന്നവര്‍ക്ക് ഇതിലെ പെണ്‍കുട്ടികളെയും സെക്യൂരിറ്റി ഓഫീസറെയും വീടുവില്‍ക്കാന്‍ ശ്രമിക്കുന്ന ഡോക്‌റെയും വീടുവാങ്ങാന്‍ ശ്രമിക്കുന്ന ദമ്പതികളെയും യൂണിവേഴ്‌സിറ്റിയിലെ ഗവേഷകനായ വിദ്യാര്‍ത്ഥിയെയും എല്ലാം തങ്ങളായി മാത്രമേ കാണാന്‍ കഴിയൂ.

അവര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ജീവിതത്തില്‍ അത്രചെറുതല്ലാത്ത അനുരണനങ്ങളുണ്ടാക്കുമെന്ന് കേരളത്തിന്റെ ജീവിത സാഹചര്യങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് പെട്ടന്നു മനസ്സിലാകും. ജീവിതത്തിന്റെ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളും പ്രതിസന്ധികളും അറിയാമെങ്കിലും നല്ലഭാവിയെകുറിച്ചും മെച്ചപ്പെട്ട ജീവിതത്തെക്കുറിച്ചും സ്വപ്നം കാണുന്ന തലമുറ എല്ലാ ദേശത്തും ഒരുപോലെയുണ്ട്. തങ്ങള്‍ ഉദ്ദേശിക്കുന്ന തരത്തിലുള്ള മാറ്റങ്ങളും മെച്ചങ്ങളും ജീവിതത്തില്‍ സംഭവിക്കില്ലെന്ന് ഓരോ ദിവസം കഴിയുമ്പോഴും മനസ്സിലാകുമെങ്കിലും അതെല്ലാം വിസ്മരിച്ച് അടുത്ത ദിവസത്തിലും സ്വപ്നസാക്ഷാ കെയിറോ നഗരത്തില്‍ മാത്രം സംഭവിക്കുന്നതല്ല ഹെലിയോ പൊളിസിന്റെ പ്രമേയമെന്ന് സൂചിപ്പിക്കാനും അതാണ് കാരണം.

ഈജിപ്തില്‍ 1952ലെ വിപ്ലവത്തിനു മുമ്പുള്ള ജീവിതമാണ് ഹെലിയോ പൊളിസ് പ്രമേയമാക്കിയിരിക്കുന്നത്. പ്രമേയത്തോടുള്ള സമീപനത്തിന് ഗൃഹാതുരത്വത്തിന്റെ വികാരം കൂടിയായപ്പോള്‍ ഹെലിയോ പൊളിസ് പ്രേക്ഷകരെ മടുപ്പിക്കുന്നില്ല. സംവിധാനത്തോടൊപ്പം ചിത്രത്തിന്റെ തിരക്കഥാരചനയും എഡിറ്റിംഗും അഹമ്മദ് അബ്ദല്ല നിര്‍വ്വഹിച്ചിരിക്കുന്നു.


ഫോട്ടോ പ്രദര്‍ശനം

ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ മലയാള ചിത്രങ്ങളെയും സംവിധായകരെയും കുറിച്ചുള്ള ഫോട്ടോ പ്രദര്‍ശനം ‘അഭിമാനത്തിന്റെ നാഴികക്കല്ലുകള്‍’ കനകക്കുന്ന് കൊട്ടാരത്തില്‍ പ്രസിദ്ധ ചലച്ചിത്രതാരം വഹീദ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു.

നീലക്കുയില്‍, ചിദംബരം, കബനി നദി ചുവന്നപ്പോള്‍, അച്ഛനും ബാപ്പയും, അടിമകള്‍, യവനിക, പോക്കുവെയില്‍ തുടങ്ങിയ സിനിമകളും ചിത്രങ്ങളും വിശദീകരണങ്ങളും നല്‍കിയിട്ടുണ്ട്.

ഹെര്‍സോഗുമായി ഇന്ന് അഭിമുഖം

വെര്‍ണര്‍ ഗെര്‍സോഗുമായി ഇന്ന് ഉച്ചക്ക് 1.45ന് ശ്രീ തിയേറ്ററില്‍ അഭിമുഖം നടക്കും

വാര്‍ത്തകള്‍: ജിന്‍സി ബാലകൃഷ്ണന്‍, നദീം നൗഷാദ്‌