തിരുവനന്തപുരം: കാഴ്ചയുടെ ഉത്സവത്തിന് തിരിതെളിഞ്ഞു. ലോക സംസ്‌കാരത്തിലേക്ക് തുറന്ന് പിടിച്ച ക്യാമറക്കണ്ണുകള്‍ ഇനി ഏഴുദിവസം തിരുവനന്തപുരത്ത്. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ 15ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മന്ത്രി എം.എ. ബേബി അധ്യക്ഷത വഹിച്ചു.

Subscribe Us:

ജര്‍മന്‍ ചലച്ചിത്രകാരന്‍ വെര്‍ണര്‍ ഹെര്‍സോഗ്, നടി വഹീദാ റഹ്മാന്‍, ഒഎന്‍വി കുറുപ്പ്, അടൂര്‍ ഗോപാലകൃഷ്ണന്‍, ക്യൂബന്‍ അംബാസഡര്‍ മിഖായേല്‍ റമിന്‍ റേസ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കെ.ആര്‍. മോഹനന്‍, വൈസ് ചെയര്‍മാന്‍ വി.കെ. ജോസഫ്, വി. ശിവന്‍കുട്ടി എംഎല്‍എ, സിബി മലയില്‍, തമ്പി കണ്ണന്താനം, വി. വേണു, ബീനാ പോള്‍, അനന്യ തുടങ്ങിയവര്‍ വേദിയിലുണ്ടായിരുന്നു.

ലോകസിനിമയ്ക്കു നല്‍കിയ സംഭാവനയ്ക്കുള്ള പുരസ്‌കാരം വെര്‍ണര്‍ ഹെര്‍സോഗിനു മുഖ്യമന്ത്രി സമ്മാനിച്ചു. ജ്ഞാനപീഠം ജേതാവ് ഒ.എന്‍.വി കുറുപ്പിനെ ആദരിച്ചു. ഇറാനിയന്‍ സംവിധായകന്‍ മൊഹ്‌സിന്‍ അബ്ദുല്‍വഹാബിന്റെ’ പ്ലീസ് ഡോണ്ട് ഡിസ്റ്റര്‍ബ്’ ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ചു. മൂന്ന് വ്യത്യസ്ത കഥകളിലൂടെ മനുഷ്യ ജീവിതത്തിലെ മൂല്യസങ്കല്‍പങ്ങളെയും വൈകാരികതകളെയും ദൃശ്യവല്‍കരിക്കുന്ന ചിത്രം, സിനിമയേക്കാളേറെ ഡോക്യുമെന്ററിയോട് ചേര്‍ന്നുനില്‍ക്കുന്നതാണ്. മേളത്തിരി തെളിയുംമുമ്പേ തുടങ്ങിയ സിനിമാ പ്രദര്‍ശനത്തിന് ആദ്യ ദിവസം തന്നെ ആസ്വാദകര്‍ കൂട്ടത്തോടെയെത്തി.

ഹെര്‍സോഗിനെക്കുറിച്ച് അക്കാദമി പ്രസിദ്ധീകരിച്ച പുസ്തകം മന്ത്രി എം.എ ബേബിയും ഫെസ്റ്റിവല്‍ പുസ്തകം അടൂര്‍ ഗോപാല കൃഷ്ണനും പ്രകാശനം ചെയ്തു. ഹെര്‍സോഗ് സ്വന്തം പുസ്തകവും ക്യൂബന്‍ അംബാസഡര്‍ മിഖേല്‍ റെവറസ് ഫെസ്റ്റിവല്‍ പുസ്തകവും ഏറ്റുവാങ്ങി. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കെ.ആര്‍ മോഹനന്‍ സ്വാഗതം പറഞ്ഞു.