Categories

ഉത്സവ നഗരിയില്‍ നിന്ന് പത്രാധിപര്‍

IFFK, KERALA2011 tRIVANDRUM, tHIRUVANANTHAPURAM

ബാബു ഭരദ്വാജ്

മൂന്നു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് എഴുതുന്നത്. അഞ്ചാം നാള്‍ ഉത്സവപ്പറമ്പിലേക്ക് ഇറങ്ങുന്നതിന് മുമ്പ്.

രണ്ടാംദിവസം സിനിമ മതിയാക്കി വാടക മുറിയിലെത്തിയപ്പോഴാണ് ആ ദാരുണ വാര്‍ത്ത എന്നെ തേടിയെത്തിയത്. മോഹനേട്ടന്റെ (കെ.ആര്‍ മോഹനന്‍) ഭാര്യയുടെ ആത്മവിയോഗം. മേളയുടെ കഴിഞ്ഞ നാലു വര്‍ഷങ്ങളിലെ മുഖ്യ സംഘാടകനും ചലച്ചിത്ര അക്കാദമിയുടെ മുന്‍ചെയര്‍മാനുമായിരുന്ന കെ.ആര്‍ മോഹനന്റെ ഭാര്യയുടെ മരണം. നല്ല സിനിമകള്‍ മനസ്സിലിട്ട് അതിന്റെ അര്‍ത്ഥാരന്യാസങ്ങളിലേക്ക് ഒരു മാനസിക യാത്ര നടത്തേണ്ട രാത്രിയില്‍ നിന്ന് ഞാന്‍ സങ്കടങ്ങളുടെ രാത്രിയിലേക്ക് യാത്രയായി.

ചിലിയന്‍ ചിത്രമായ പെയ്ന്റിംഗ് ലെസ്സണ്‍ (Painting Lesson) ഓര്‍മ്മകളെ വല്ലാതെ ക്ഷുഭിതമാക്കുന്ന ചിത്രമായിരുന്നു. അല്ലന്‍ഡേയുടെ ഓര്‍മ്മകള്‍ നിറഞ്ഞ, രാഷ്ട്രീയ നിറഞ്ഞ നല്ല കഥ. അതിലെ ഓരോ ഫ്രെയ്മും ഓര്‍ത്തോര്‍ത്തോര്‍ത്ത് പറയേണ്ട ഒന്നാണ്. ഒരു ജനതയുടെ കണ്ണീരും രക്തവും സ്വപ്‌നങ്ങളും മോഹഭംഗങ്ങളും നിറഞ്ഞ ഒരു സിനിമ. പക്ഷേ, അതിനേക്കാള്‍ ഇപ്പോള്‍ എന്റെ മനസ്സിനെ മഥിക്കുന്നത് മുപ്പതു വര്‍ഷത്തിലേറെക്കാലം നീണ്ടുനിന്ന ഒരു സൗഹാര്‍ദത്തിന്റെ സൗമനസ്യവും വിഷാദവും നിറഞ്ഞ മുഹൂര്‍ത്തങ്ങളാണ്. പന്ത്രണ്ടാം തിയ്യതി രാവിലെ മോഹനേട്ടനേയും കൊണ്ട് ചാവക്കാട് പൊന്നാനി റോഡിലെ തിരുവത്രയിലെ മോഹനേട്ടന്റെ ജന്മഗൃഹത്തിലേക്ക് യാത്രയായി. ഞങ്ങള്‍ക്ക് പിന്നാലെ രോഗിയുടെ ഭൗതിക ശരീരം വഹിച്ചു കൊണ്ടുള്ള ആംബുലന്‍സും.

രാത്രി ശവദാഹം കഴിഞ്ഞ് ഏറെ വൈകി യാത്ര തിരിക്കാന്‍. യാത്രാ ക്ഷീണം കാരണം യാത്ര പാതിവഴിക്ക് നിറുത്തി പിറ്റേന്നത്തേയ്ക്ക് മാറ്റിവെച്ചു. പിറ്റേന്ന് വളരെ വൈകിയാണ് തിരുവനന്തപ്പുരത്തെത്തിയത്. പതിനൊന്നാം തിയ്യതി കാണാന്‍ ആഗ്രഹിച്ച ചിത്രങ്ങള്‍ ‘എലീന’ (ELENA) യും ടര്‍ക്കിഷ് ചിത്രങ്ങളായ Once upon a time in Anatolia യും മത്സരവിഭാഗത്തിലെ BODY യുമായിരുന്നു.

ടുണീഷ്യന്‍ ചിത്രമായ റൂജ്പരോളും (Rouge Parole) കൊളംബിയന്‍ ചിത്രമായ Two Escobsar ഉം തീര്‍ച്ചയായും കാണമെന്നുണ്ടായിരുന്നു. Two Escobars ഒരു ഫുട്‌ബോള്‍ ചിത്രം കൂടിയാണ്. പന്ത്രണ്ടാം തിയ്യതിയിലെ പട്ടികയില്‍ അറബ് വസന്ത ചിത്രങ്ങളായ ‘മൊറോതോ’ സിനിമ The End ഉം ഈജിപ്ഷ്യന്‍ ചിത്രമായ Tahrir 2011 ഉം റൊമേനിയന്‍ ചിത്രമായ Best Intension ഉം ഉണ്ടായിരുന്നു. മണികൗളിന്റെ ‘ഉസ്‌കി റൊട്ടി’ ഒരിക്കല്‍ കൂടി കാണണമെന്ന ആഗ്രഹം വല്ലാതെ ഉണ്ടായിരുന്നു.

IFF KERALA 2011 AT TRIVANDRAM, DELEGATES PLAYING GUITARചുരുക്കത്തില്‍ മേളയുടെ രണ്ടു ദിവസങ്ങള്‍ നഷ്ടപ്പെട്ടു. മേളയുടെ രണ്ടു ദിവസങ്ങള്‍ നഷ്ടപ്പെട്ടുവെന്നല്ല ഞാനിപ്പോള്‍ കരുതുന്നത്. മേളയുടെ രണ്ട് നാളുകള്‍ ലാഭമായി എന്നാണ്. മേള തണുത്ത് മരവിക്കാന്‍ തുടങ്ങിയിരിക്കുന്നു. ചലച്ചത്ര പ്രേമികള്‍ ഒരു ചലച്ചിത്രോത്സവത്തിന്റെ മൃതശരീരത്തിന് കാവല്‍ നില്‍ക്കുകയാണെന്ന ബോധ്യം ശക്തമായിക്കൊണ്ടിരിക്കുന്നു. തിരുവനന്തപ്പുരത്തെ മുടവന്‍ മുകളിലെ മോഹനേട്ടന്റെ വീടിന് കാവല്‍ നിന്ന പോലീസുകാരന്റെ ഏകാന്തതയാണ് ഞാനിപ്പോള്‍ നെഞ്ചിലേറ്റുന്നത്.

ഇക്കൊല്ലത്തെ മേളയുടെ സംഘാടകര്‍ തിരുവനന്തപുരം മേള ഇല്ലാതാക്കുന്ന പ്രക്രിയയിലാണ് ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നത് എന്ന് തോന്നുന്നു. ചിത്രങ്ങള്‍ മോഷ്ടിച്ചെടുത്ത് മലയാള പടങ്ങള്‍ പടച്ചുണ്ടാക്കുന്നവരാണ് അക്കാദമിയുടെ തലപ്പത്ത് ഇരിക്കുന്നവര്‍. അവര്‍ക്ക് അക്കാദമി എന്ന വാക്കിന്റെ അര്‍ത്ഥം പോലും അറിയില്ല. അവര്‍ക്ക് സിനിമ എന്നത് ഒരു സര്‍ഗക്രിയയല്ല, വിദേശത്ത് നിന്ന് സ്‌പെയര്‍ പാര്‍ടുകള്‍ മോഷ്ടിച്ചെടുത്ത് ഉല്ലാസങ്ങള്‍ ഉണ്ടാക്കുന്നവരാണ് അവരെല്ലാം. നന്നായി മോഷ്ടിക്കാന്‍ പോലും അറിയാത്തവര്‍. അപേക്ഷാ ഫോറത്തിലെ വ്യാകരണപ്പിശക് തിരയുന്ന ഇവര്‍ക്ക് സിനിമ വെറും കച്ചവടമാണ്. ഡ്യൂപ്ലിക്കേറ്റുകള്‍ ഉണ്ടാക്കി വിറ്റ് ലാഭം കൊയ്യുന്നവര്‍.

എന്തായാലും ‘ആദിമധ്യാന്തം’ എന്ന അവഗണിത സിനിമ ഇന്ന് പ്രദര്‍ശിപ്പിക്കുമെന്നറിയുന്നു. അതെന്തായാലും കാണണം. ഇനിയുള്ള നാളുകള്‍ മേള തീരുന്നതു വരെ സിനിമ കാണലിനേക്കാള്‍ ഞാനിഷ്ടപ്പെടുന്നത് ഈ ആള്‍ക്കൂട്ടത്തിന്റെ ഭാഗമാകാനാണ്. അതായിരിക്കും ഈ നിറം കെട്ട നാളുകളില്‍ നടത്താന്‍ കഴിയുന്ന ഏറ്റവും വലിയ സര്‍ഗ പ്രവര്‍ത്തനം. അതിനുവേണ്ടി മാത്രമാണ് ഞാന്‍ ഒരു ‘മരണശുശ്രൂഷ’ക്ക് ശേഷം തിരിച്ചെത്തുന്നത്.

ചീത്ത സംഘാടനം കൊണ്ട് അലങ്കോലമായ ഈ മേള കേരളത്തിന്റെ അവസാന അന്താരാഷ്ട്ര ചലച്ചിത്ര മേള ആവാന്‍ പാടില്ല. അതുകൊണ്ട് സിനിമയെന്ന പുതിയ കാലത്തിലെ ഏറ്റവും വലിയ സര്‍ഗക്രിയയുടെ ഭാഗമാവാനും മലയാള സിനിമയുടെ ഈ ശിശിര ഋതുവില്‍ ശൈത്യകാലത്തിനു ശേഷം ആഗതമായേക്കാവുന്ന ഒരു വസന്തത്തിനായി കാത്തിരിക്കാനും കിട്ടുന്ന ഈ അസുലഭ സന്ദര്‍ഭത്തെ പ്രയോജനപ്പെടുത്താന്‍ ഞാനൊരുങ്ങുന്നു. മേളയിലേക്ക് വീണ്ടും ഞാനിതാ തിരിച്ചെത്തുന്നു.

പ്രതിഷേധങ്ങള്‍ക്കു നടുവില്‍ ചലച്ചിത്ര മേളക്ക് തിരിതെളിഞ്ഞു-more photos

Malayalam News

Kerala News in English

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.