തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശനത്തിനെത്തുന്ന അഞ്ച് ചിത്രങ്ങളും പുരുഷകേന്ദ്രീകൃത സമൂഹത്തിനെതിരെ ആഞ്ഞടിക്കുന്ന സ്ത്രീകളുടെ കഥപറയുന്നവയാണ്.നാസി പീഡനത്തിന്റെ തീവ്രത ആവിഷ്‌കരിക്കുന്ന ലെനി റെയ്ഫന്‍സ്റ്റാള്‍ സംവിധാനം ചെയ്ത ജര്‍മന്‍ ചിത്രം ‘ട്രൈംഫ് ഓഫ് ദി വില്‍’ പ്രദര്‍ശത്തിലുണ്ട്. രണ്ട് സ്തീകളുടെ കഥപറയുന്ന ‘ഡെയ്‌സീസ്’ എന്ന ചിറ്റ്‌ലോവ ചിത്രം, ബയോപ്‌സി പരിശോധനയ്‌ക്കെത്തിയ സ്ത്രീയുടെ കാത്തിരിപ്പും വേദനയും ഇതിവൃത്തമായ ആഗ്നസ് വര്‍ദയുടെ ‘ക്ലീയോ ഫ്രം ഫൈവ് ടു സെവന്‍’, തുടങ്ങിയവ ഇക്കൂട്ടത്തില്‍ പെടുന്നു.

എട്ടുമലയാള സിനിമകളാണ് ഇത്തവണ ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. രാജാരവിവര്‍മ്മയും അദ്ദേഹത്തിന്റെ മൊഡലായിരുന്ന അഞ്ജലി ഭായിയും തമ്മിലുള്ള പ്രണയത്തിന്റെ കഥ പറയുന്ന ‘മകരമഞ്ഞ്’, ഡോ. ബിജു സംവിധാനം ചെയ്ത ‘വീട്ടിലേക്കുള്ള വഴി’, ശ്യാമപ്രസാദിന്റെ ‘ഇലക്ട്ര’, നവാഗത സംവിധായകന്‍ പ്രേംലാലിന്റെ ‘ആത്മകഥ’, ആര്‍ സുകുമാരന്‍നായര്‍ സംവിധാനം ചെയ്ത ‘യുഗപുരുഷന്‍’, എം.ജി ശിശിയുടെ ‘ജാനകി’, മജീദ് ഗുലിസ്ഥാന്‍ സംവിധാനം ചെയ്ത കുട്ടികളുടെ ചിത്രം ‘ചിത്രക്കുഴല്‍’ , വിപിന്‍ വിജയ് സംവിധാനം ചെയ്ത ‘ചിത്രസൂത്രം’ എന്നിവ ഇക്കൂട്ടത്തില്‍ പ്രദര്‍ശിപ്പിക്കും.

ഇന്ത്യന്‍ സിനിമാ വിഭാഗത്തില്‍ ഏഴ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. നിള മാധവ് പാണ്ഡെയുടെ ‘ഐ ആം കലാം’, സഞ്ജയ് നാഗിയുടെ ‘മെമ്മറീസ് ഇന്‍ മാര്‍ച്ച്’, വിക്രമാദിത്യ മൊട്ട്വാണയുടെ ‘ഉഡാന്’‍, ലൗ സെക്‌സ് ഓര്‍ ദോഖ എന്നീ ഹിന്ദി ചിത്രങ്ങള്‍ ഇക്കൂട്ടത്തില്‍ പെടുന്നു. സുമന്‍ മുഖ്യോപാധ്യയുടെ ‘മെട്രോ പൊളിസ് അറ്റ് കൊല്‍ക്കത്ത’ എന്ന ബംഗാളി ചിത്രവും, രവി ജാതവിന്റെ ‘നടരംഗ് മറാത്തി’, കന്നഡ ചിത്രമായ ‘റൈഡിംങ് ദ സ്റ്റാലിയന്‍ ഒഫ് എ ഡ്രീം’ എന്നിവയാണ് മറ്റുചിത്രങ്ങള്‍.