തിരുവനന്തപുരം: പതിനഞ്ചാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച സിനിമയ്ക്കുള്ള സുവര്‍ണചകോരം കൊളംബിയന്‍ ചിത്രം ‘പോര്‍ട്രെയിറ്റ് ഇന്‍ എ സീ ഓഫ് ലൈസിന് ലഭിച്ചു. കാര്‍ലോസ് ഗവീരിയയാണ് ‘പോര്‍ട്രെയിറ്റ് ഇന്‍ എ സീ ഓഫ് ലൈസിന്റെ സംവിധായകന്‍. ഇര്‍വിന്‍ ഗോഗല്‍ ആണ് നിര്‍മ്മാതാവ്. 15 ലക്ഷം രൂപയും പ്രശസ്ത്യപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

ജനപ്രിയ സിനിമയായി അപര്‍ണ സെന്നിന്റെ ‘ദ് ജാപ്പനീസ് വൈഫും ജനപ്രിയ മലയാളചിത്രമായി ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത മകരമഞ്ഞും തിരഞ്ഞെടുക്കപ്പെട്ടു. ഈ ചിത്രത്തിന്റെ സംവിധായകന്‍ അപര്‍ണ്ണാസെന്നിന് രണ്ടുലക്ഷം രൂപയും രജതചകോരവും ലഭിക്കും.

മികച്ച സംവിധായകനുള്ള രജതചകോരം അര്‍ജന്റീനിയന്‍ ചിത്രമായ ‘ദ ലാസ്റ്റ് സമ്മര്‍ ഓഫ് ലാ ബോയിറ്റ’യുടെ ജൂലിയ സോളോമനോഫ് നേടി. മികച്ച നവാഗത സംവിധായകനുള്ള രജതചകോര പുരസ്‌കാരം സഫയറിന്റെ സംവിധായിക ജൂലിയ സൊളൊമോണോഫ് നേടി. മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം ഡോ. ബിജു സംവിധാനം ചെയ്ത ‘വീട്ടിലേക്കുള്ള വഴി നേടി.

മീരാ നയ്യാര്‍ ഏര്‍പ്പെടുത്തിയ മികച്ച നവാഗത ഇന്ത്യന്‍ സംവിധായകനുള്ള ഹസന്‍കുട്ടി അവാര്‍ഡ് ചിത്രസുത്രത്തിന്റെ സംവിധായകനും മലയാളിയുമായ വിപിന്‍ വിജയ് നേടി. ‘ചിത്രസുത്രം ചലചിത്രമേളയില്‍ ഉള്‍പ്പെടുത്തിയത് വന്‍വിവാദമായിരുന്നു.

നിശാഗന്ധി ഓഡിറ്റോറിയത്തില്‍ സമാപന ചടങ്ങില്‍ പ്രശസ്ത സംവിധായകന്‍ മണിരത്‌നവും നടി സുഹാസിനിയും മുഖ്യാതിഥികളായി., മന്ത്രിമാരായ എംഎ. ബേബി, എം. വിജയകുമാര്‍, സി. ദിവാകരന്‍, ബിനോയ് വിശ്വം, തിരുവനന്തപുരം മേയര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. മന്ത്രി എം.എ ബേബി സുവര്‍ണചകോരം അവാര്‍ഡ് സമ്മാനിച്ചു.
സുവര്‍ണചകോരം കൊളംബിയന്‍ ചിത്രം ‘പോര്‍ട്രെയിറ്റ് ഇന്‍ എ സീ ഓഫ് ലൈസിന്റെ ട്രയിലെര്‍ കാണു..