പനാജി: ഗോവന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പത്തുവര്‍ഷത്തിനുശേഷം ഇന്ത്യന്‍ ചലച്ചിത്രം സുവര്‍ണമയൂരം നേടി. ബംഗാളി സംവിധായകന്‍ ഗൗതം ഗോസ് സംവിധാനം ചെയ്ത ‘മൊനേര്‍ മാനുഷ് ‘എന്ന ചിത്രത്തിനാണ് ഈ നേട്ടം കൈവരിക്കാനായത്.

ബംഗ്ലാദേശിലും ഇന്ത്യയിലുമായി ചിത്രീകരിച്ച ചിത്രത്തില്‍ രണ്ടു രാജ്യങ്ങളിലേയും താരങ്ങള്‍ അണിനിരക്കുന്നുണ്ട്. മത്സര വിഭാഗത്തില്‍ ഉള്‍പ്പെട്ട പതിനഞ്ച് ചിത്രങ്ങളില്‍ മൂന്ന് ഇന്ത്യന്‍ ചിത്രങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. ഒരു ബാവൂര്‍ ഗായകന്റെ കഥ ബംഗാളിന്റെ ഗ്രാമപശ്ചാത്തലത്തിലൂടെ പറയുകയാണ് മൊനേര്‍ മാനുഷ്.

തുര്‍ക്കി ചിത്രമായ ക്രോസിങിനാണ് രണ്ടാമത്തെ ചിത്രത്തിനുള്ള രജതചകോരം ലഭിച്ചത്. സെലിം ദെമിര്‍ഡെലിന്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. സ്വീഡിഷ് ചിത്രമായ ഇന്‍ എ ബെറ്റര്‍വേള്‍ഡിന്റെ സംവിധായകനായ സൂസന്‍ ബെയരാണ് മികച്ച സംവിധായിക.

വ്യാഴാഴ്ച നടക്കുന്ന സമാപന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.