മുംബൈ: ഇന്ത്യന്‍ സിനിമയിലെ കാസ്റ്റിങ് കൗച്ചിനെ കുറിച്ച് നടിമാര്‍ എന്തെങ്കിലും അഭിപ്രായം പറഞ്ഞാല്‍ പിന്നെ അവര്‍ക്ക് ഭാവിയുണ്ടാവില്ലെന്ന വെളിപ്പെടുത്തലുമായി നടി ഇല്യാന ഡിക്രൂസ്.

ഇങ്ങനെ പറയുന്നത് ഒരുപക്ഷേ ഭീരുത്വമായിരിക്കും. എന്നാല്‍ സിനിമയിലെ കാസ്റ്റിങ് കൗച്ചിനെ കുറിച്ച് തുറന്നുപറച്ചിലുമായി ആരെങ്കിലും രംഗത്തെത്തിയാല്‍ അവര്‍ക്ക് പിന്നെ കരിയര്‍ ഉണ്ടാവില്ല. അത് സത്യമാണെന്നും ഇല്യാന പറയുന്നു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് സൗത്തില്‍ നിന്നുള്ള ഒരു ജൂനിയര്‍ ആര്‍ടിസ്റ്റിനോട് ഒരു വലിയ നിര്‍മാതാവ് മോശമായി പെരുമാറി. ഇതിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അവര്‍ എന്നോടു ചോദിച്ചു. എന്നാല്‍ ഇതില്‍ എനിക്ക് ഒന്നും പറയാനില്ലെന്നും ഇതില്‍ നിന്റെ അഭിപ്രായമാണ് വലുതെന്നും ആര്‍ക്കും നിന്നെ നിര്‍ബന്ധിക്കാനാവില്ലെന്നുമായിരുന്നു ഞാന്‍ മറുപടി നല്‍കിയത്. പലരും ഇത്തരത്തില്‍ ചെയ്യുന്നുണ്ട്. അത് വേണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ഓരോരുത്തരുമാണ്. – ഇല്യാന പറയുന്നു.

ചൂഷണം ചെയ്യലും പീഡനവും ഒരിക്കലും അംഗീകരിക്കാനാവില്ല. ഞാന്‍ അതിനോട് യോജിക്കുന്നില്ല. മറ്റൊരു കാര്യം എന്താണെന്നാല്‍ ഇത്തരം കാസ്റ്റിങ് കൗച്ച് പരിപാടികള്‍ക്കെതിരെ വലിയൊരു താരനിര തന്നെ രംഗത്തെത്തിയാല്‍ അതിന് വലിയ രീതിയില്‍ മാറ്റം ഉണ്ടാകുമെന്നതാണ്. ഈ നാട്ടിലെ താരങ്ങള്‍ ആരാധിക്കപ്പെടുന്നവരാണ്. അതുകൊണ്ട് തന്നെ അവര്‍ക്കൊന്നും ഒരു മോശം വശമുണ്ടെന്ന് അംഗീകരിക്കാന്‍ പലര്‍ക്കും കഴിയില്ല. അവരുടെ ശബ്ദം ഉയരും. അതുകൊണ്ട് തന്നെ പലരും പലതും തുറന്നുപറയാന്‍ ആഗ്രഹിക്കില്ല.

തന്റെ സുരക്ഷ ഉറപ്പുനല്‍കിയാല്‍ ഇത്തരത്തില്‍ കാസ്റ്റിങ് കൗച്ച് നടത്തുന്നവരുടെ പേരുവിവരങ്ങള്‍ പുറത്തുവിടാമെനന് നടി റിച്ച ചന്ദ അടുത്തിടെ പറഞ്ഞിരുന്നു. താന്‍ മാത്രമല്ല സുരക്ഷയും അവസരങ്ങളും ഇനിയും ഉണ്ടാകുമെന്ന് ആരെങ്കിലും ഉറപ്പ് നല്‍കിയാല്‍ തന്നെപ്പോലെ ആയിരക്കണക്കിന് ആളുകള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ കുറിച്ച് തുറന്നുപറയാന്‍ തയ്യാറാകുമെന്ന് അവര്‍ പറഞ്ഞിരുന്നു. എന്നാല്‍ ആര് സംരക്ഷണം നല്‍കും? ആരും നല്‍കില്ല. അത് തന്നെയാണ് ഇത്തരക്കാരുടെ ബലവും- ഇല്യാന പറയുന്നു.

സിനിമയില്‍ അവസരം തേടി പോകുന്നവരെ ചിലര്‍ കിടക്കപങ്കിടാന്‍ ക്ഷണിക്കും. ഒരുപക്ഷേ ചിലര്‍ അതിന് തയ്യാറാകും. എന്നാല്‍ അഞ്ച് ദിവസം കഴിഞ്ഞ് അതേ നിര്‍മാതാവിനടുത്ത് അവസരത്തിനായി അവള്‍ പോയാല്‍ അയാള്‍ അവളെ കണ്ടതായി പോലും നടിക്കില്ല. സിനിമ വേറെ സ്വകാര്യ ജീവിതം വേറെ എന്ന നിലപാടാണ് അപ്പോള്‍ സ്വീകരിക്കുക. അവള്‍ക്ക് ജോലി കൊടുക്കില്ല. ഇവിടെ ആരാണ് ഇര? സിനിമയിലെ വലിയവര്‍ ചെറിയവര്‍ക്ക് അവസരങ്ങള്‍ നല്‍കുമെന്നാണ് പലരും കരുതുന്നത്. എന്നാല്‍ അങ്ങനെയൊന്നുമല്ല കാര്യങ്ങള്‍- ഇല്യാന പറയുന്നു.