എഡിറ്റര്‍
എഡിറ്റര്‍
ശ്രീലങ്കന്‍ സന്ദര്‍ശനം: മന്‍മോഹന്‍ സിങ് പോകരുതെന്ന് കേന്ദ്രമന്ത്രിമാര്‍
എഡിറ്റര്‍
Wednesday 6th November 2013 9:33am

manmohan

ന്യൂദല്‍ഹി: ശ്രീലങ്കയില്‍ കോമണ്‍വെല്‍ത്ത് രാഷ്ട്രത്തലവന്മാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് പോകരുതെന്ന് കേന്ദ്രമന്ത്രിമാര്‍ ആവശ്യപ്പെട്ടു.

എ.കെ. ആന്റണിയും പി. ചിദബരവും അടക്കം വലിയൊരു വിഭാഗം കേന്ദ്രമന്ത്രിമാര്‍ പ്രധാനമന്ത്രി ശ്രീലങ്കാ സന്ദര്‍ശനത്തില്‍ നിന്ന് പിന്‍മാറണമെന്ന നിലപാടിലാണ്.

മന്‍മോഹന്‍ സിങ് സമ്മേളനത്തില്‍ പങ്കെടുക്കേണ്ടെന്നും പകരം മറ്റൊരു പ്രതിനിധിയെ അയച്ചാല്‍ മതിയെന്നുമാണ് ചിദംബരത്തിന്റെ നിലാപാടെന്നാണ് സൂചന.നവംബര്‍ 15 നാണ് കൊളംബോയില്‍ കോമണ്‍വെല്‍ത്ത് സമ്മേളനം നടക്കുന്നത്.

പ്രധാനമന്ത്രി ശ്രീലങ്കയിലേയ്ക്ക് പോകുന്നതിനോട് തമിഴ്‌നാട്ടില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ക്കും എം.പിമാര്‍ക്കും കടുത്തവിയോജിപ്പുണ്ട്. ഇതിനിടെയിലാണ് ചിദംബരം പ്രധാനമന്ത്രിയുടെ യാത്രയെ എതിര്‍ക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്.

എന്നാല്‍ രാജ്യത്തിന്റെ നയതന്ത്ര താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ പ്രധാനമന്ത്രി പോവുക തന്നെ വേണമെന്നാണു വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട്.

അതേസമയം ലങ്കന്‍ സന്ദര്‍ശനത്തില്‍ നിന്നു പിന്‍മാറരുതെന്നു ശ്രീലങ്കയുടെ വടക്കന്‍മേഖലാ മുഖ്യമന്ത്രിയും തമിഴ് നേതാവുമായ സി.വി.വിഘ്‌നേശ്വരന്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചു.

വടക്കന്‍മേഖലാ മുഖ്യമന്ത്രി വിഘ്‌നേശ്വരന്‍ തമിഴ് വംശജരുടെ പ്രശ്‌നങ്ങള്‍ നേരില്‍ കണ്ടു മനസിലാക്കാന്‍ ജാഫ്‌ന സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്.

2009 ല്‍ ശ്രീലങ്കയില്‍ നടന്ന ആഭ്യന്തര യുദ്ധത്തില്‍ ശ്രീലങ്കന്‍ തമിഴര്‍ക്ക് നേരെ നടന്ന മനുഷ്യാവകാശ ലംഘനങ്ങളെ മുന്‍നിര്‍ത്തിയാണ് തമിഴ്‌നാട് യാത്രയെ എതിര്‍ക്കുന്നത്. തമിഴര്‍ക്കെതിരെ ആക്രമണം നടത്തിയവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരികയോ അര്‍ഹമായ ശിക്ഷ നല്‍കുകയോ ചെയ്യാന്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നും തമിഴ്‌നാട് വാദിയ്ക്കുന്നു.

സമ്മര്‍ദത്തിനു വഴങ്ങി പ്രധാനമന്ത്രി യാത്ര റദ്ദാക്കിയാല്‍ വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് ഇന്ത്യയെ പ്രതിനിധീകരിക്കാനാണ് സാധ്യത.

Advertisement