എഡിറ്റര്‍
എഡിറ്റര്‍
താന്‍ പ്രധാനമന്ത്രിയായാല്‍ കാശ്മീര്‍ പ്രശ്‌നം പരിഹരിക്കും: ഇമ്രാന്‍ ഖാന്‍
എഡിറ്റര്‍
Wednesday 9th May 2012 7:46am

ലാഹോര്‍: തന്റെ പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ കാശ്മീര്‍ പ്രശ്‌നം പരിഹരിക്കുന്നതിനാണ് പ്രാമുഖ്യം നല്‍കുകയെന്ന് പാക്കിസ്ഥാന്‍ തെഹ്‌രിക് ഇ ഇന്‍സാഫ് തലവന്‍ ഇമ്രാന്‍ ഖാന്‍. പാക്കിസ്ഥാനില്‍ ഇനി വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കപ്പെട്ടയാളാണ് മുന്‍ ക്രിക്കറ്റ് താരം കൂടിയായ ഇമ്രാന്‍ ഖാന്‍.

യു.എസും കാനഡയും വാണിജ്യമേഖലയില്‍ തുടരുന്ന സഹകരണം ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ഉണ്ടാവണം. ഒന്നും അസാധ്യമല്ലെന്നാണ് തന്റെ വിശ്വാസമെന്നും ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി.

‘ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം വിശ്വാസത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം. എപ്പോഴെല്ലാം ഇരുരാഷ്ട്രങ്ങളും തമ്മില്‍ അടുക്കാന്‍ തുടങ്ങിയോ അപ്പോഴെല്ലാം എന്തെങ്കിലും സംഭവങ്ങളുണ്ടായി രാഷ്ട്രങ്ങള്‍ പഴയതുപോലെ തന്നെയാവും. പുതിയ സര്‍ക്കാര്‍ പുതിയ ബന്ധങ്ങള്‍ വളര്‍ത്തണം. ശക്തമായ സമ്മര്‍ദ്ദങ്ങളെപ്പോലും അതിജീവിക്കാന്‍ കഴിയുന്ന നേതൃത്വം നമുക്ക് വേണം. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള അസ്വാരസ്യങ്ങളില്‍ നിന്നും നേട്ടമുണ്ടാക്കുന്ന ചെറിയൊരു വിഭാഗം ഇരുഭാഗത്തുമുണ്ട്. കാശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ പാക്കിസ്ഥാന് ശക്തമായ നേതൃത്വം ആവശ്യമാണ്.’ അള്‍ഗേറിയന്‍ പ്രതിസന്ധി പരിഹരിച്ച ഫ്രാന്‍സിലെ നേതാവ് ചാള്‍സ് ഡി ഗൗലിയുടെ കാര്യം സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും പുതിയ തലമുറ നല്ലൊരു ബന്ധമാണ് ആഗ്രഹിക്കുന്നത്. ഇരുരാജ്യങ്ങളും പരസ്പരം നോക്കികാണുന്ന രീതിയില്‍ മാറ്റംവരണമെന്ന് അവര്‍ ആഗ്രഹിക്കുന്നുണ്ടെന്നും ഇമ്രാന്‍ഖാന്‍ വ്യക്തമാക്കി.

Malayalam news

Kerala news in English

Advertisement