എഡിറ്റര്‍
എഡിറ്റര്‍
കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ രാഹുല്‍ പ്രധാനമന്ത്രിയാകുമെന്ന് ചിദംബരം
എഡിറ്റര്‍
Wednesday 22nd January 2014 6:44pm

chidambaram

ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയായിരിക്കും പ്രധാനമന്ത്രിയാകുക എന്ന് കേന്ദ്ര ധനമന്ത്രി പി.ചിദംബരം.

രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി പ്രഖ്യാപിക്കില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അടുത്തിടെയാണ് പ്രഖ്യാപിച്ചത്.  അതിന് തൊട്ടുപിന്നാലെയാണ് ചിദംബരത്തിന്റെ പരാമര്‍ശം.

രാഹുല്‍ ആയിരിക്കും കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് കോണ്‍ഗ്രസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുമോ എന്നത് സംബന്ധിച്ച കാര്യങ്ങള്‍ തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ പറയാന്‍ സാധിക്കൂ എന്നും ചിദംബരം പറഞ്ഞു.

ദാവോസില്‍ വച്ച് നടക്കുന്ന നാല്‍പ്പത്തിനാലാമത് ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഹുലിന്റെ പ്രധാനമന്ത്രി സ്ഥാനര്‍ത്ഥിത്വ പ്രഖ്യാപനത്തിനായി പ്രവര്‍ത്തകര്‍ ബഹളം വച്ചപ്പോഴായിരുന്നു പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കില്ലെന്ന് സോണിയ വ്യക്തമാക്കിയത്.

കോണ്‍ഗ്രസ് കോര്‍ കമ്മിറ്റിയുടെ തീരുമാനം അന്തിമമാണെന്നും എ.ഐ.സി.സി സമ്മേളനത്തില്‍ സോണിയ പറഞ്ഞിരുന്നു.

തിരഞ്ഞെടുപ്പ് തോല്‍വി നേരിട്ട സാഹചര്യത്തില്‍ രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം പകരുമെന്നായിരുന്നു ചിദംബരം അടക്കമുള്ള നേതാക്കളുടെ അഭിപ്രായം.

Advertisement