ന്യൂദല്‍ഹി: വോട്ടിന് കോഴക്കേസില്‍ അറസ്റ്റിലായ സമാജ്‌വാദി പാര്‍ട്ടി മുന്‍ ജനറല്‍ സെക്രട്ടറിയും രാജ്യസഭാംഗവുമായ അമര്‍ സിംഗ് രഹസ്യങ്ങളുടെ കെട്ടഴിച്ചാല്‍ പല ഉന്നതരും കുടുങ്ങുമെന്ന് അദ്ദേഹത്തിന്റെ വിശ്വസ്ത എം.പിയും നടിയുമായ ജയപ്രദ. ദല്‍ഹിയിലെ തീസ് ഹസാരി കോടതി ഇന്നലെ അമര്‍ സിംഗിനു അഞ്ചു ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചതിനു പിന്നാലെയാണ് ഭീഷണിധ്വനിയുള്ള പ്രസ്താവനയുമായി ജയപ്രദ രംഗത്തെത്തിയത്.

അമര്‍ സിംഗ് രഹസ്യങ്ങളുടെ കലവറയാണെന്നും അദ്ദേഹം വാ തുറന്നാല്‍ പലരും ബുദ്ധിമുട്ടിലാവുമെന്നും ജയപ്രദ പറഞ്ഞു. അമര്‍ സിംഗ് ക്ഷമ കാണിക്കുന്നതിനാലാണ് അദ്ദേഹത്തില്‍ നിന്നു ലാഭം കണ്ടെത്തിയിട്ടുള്ള നിരവധി പേര്‍ ഇന്നും കാണാമറയത്തിരിക്കുന്നത്. എന്നാല്‍ അവസരം വരുമ്പോള്‍ അദ്ദേഹം രഹസ്യങ്ങളുടെ കെട്ടഴിക്കുമെന്നും ജയപ്രദ പറഞ്ഞു.

2008ലെ വോട്ടിനു കോഴ കേസില്‍ അറസ്റ്റിലായ അമര്‍ സിംഗിനു ആരോഗ്യപരമായ കാരണങ്ങളാലാണ് ഉപാധികളോടെ ഇടക്കാല ജാമ്യമനുവദിച്ചത്. ദല്‍ഹി വിട്ടു പോകരുതെന്നും രണ്ടു ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ട് കെട്ടിവെയ്ക്കണമെന്നും പാസ്‌പോര്‍ട്ട് കോടതിയല്‍ സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. വിദഗ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലേക്ക് പോകണമെന്ന അമര്‍ സിംഗിന്റെ വാദം കോടതി അംഗീകരിച്ചില്ല.