Administrator
Administrator
ഉടുതുണിയില്ലാതെ അഭിനയിക്കാന്‍ കഥാപാത്രം ആവശ്യപ്പെട്ടാല്‍ ചെയ്യും, സിനിമാ ജീവിതത്തെ കുറിച്ച് മാധവന്‍ സംസാരിക്കുന്നു
Administrator
Thursday 1st March 2012 3:06pm

‘ത്രീ ഇഡിയറ്റ്‌സ്” എന്ന ഹിന്ദി ചിത്രത്തിന്റെ വിജയത്തിനു പിന്നില്‍ ഒരുപാട് ഘടകങ്ങളുണ്ട്. ചിത്രത്തിന്റെ സംവിധായകനും പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച അമീര്‍ ഖാനുമെല്ലാം അതിലുള്ള പങ്ക് വലുതാണ്. എന്നാല്‍ കോളിവുഡില്‍ നിന്നും ബോളിവുഡ് വെള്ളിത്തിരയിലെത്തിയ തമിഴ്‌നാടിന്റെ സ്വന്തം പയ്യന്‍ മാധവന്റെ സാനിധ്യം  ചിത്രത്തിന്റെ മികച്ച വിജയത്തിന് പ്രധാന ഘടകം തന്നെയായിരുന്നു. നിഷ്‌ക്കളങ്കമായ ചിരിയും വശ്യമായ നോട്ടവും മാധവന്റെ ശൈലിയാണ്. ഒരു പക്ഷേ അതു തന്നെയായിരിക്കാം അദ്ദേഹത്തെ ഭാഷയ്ക്കതീധമായി പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുന്നത്. ഒരു തരത്തില്‍ നോക്കിയാല്‍ മാധവന്റെ സിനിമാ ജീവിതം മൊത്തത്തില്‍ വിജയമാണ് എന്നു തന്നെ പറയാം. കാരണം തൊട്ടതെല്ലാം പൊന്നാക്കിമാറ്റാനുള്ള കഴിവ് മാധവിനുള്ളതുപോലെ ചുരുക്കം ചില താരങ്ങള്‍ക്കേ ഉള്ളു.

ബന്ധങ്ങള്‍ തകര്‍ക്കുന്ന ഒരാളായാണ് ‘ജോഡി ബ്രേക്കേഴ്‌സി’ലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയിരിക്കുന്നത്. എന്താണ് കഥാപാത്രത്തെ കുറിച്ച് പറയാനുള്ളത് ?

ചിത്രം റിലീസ് ചെയ്യുന്നതിനു മുന്‍പ് ആളുകള്‍ എന്നെ പ്രണയിക്കുന്നവരെ പിരിച്ച് ബന്ധങ്ങള്‍ തകര്‍ക്കുന്ന ഒരാളായാണ് കാണ്ടത്. അതിനര്‍ത്ഥം ഞങ്ങളുടെ പബ്ലിസിറ്റി കൃത്യമായി തന്നെ പ്രേക്ഷകരിലെത്തിയെന്നതാണ്. ഈ കഥാപാത്രത്തെ ഞാന്‍ വളരെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. ഞാനും ബിപാഷയും അഭിനയിച്ച കഥാപാത്രങ്ങള്‍ വ്യത്യസ്തതയാര്‍ന്നതാണ്. ഒരു അര്‍ഥവുമില്ലാത്ത ബന്ധങ്ങളെ എങ്ങിനെ അവസാനിപ്പിക്കാം എന്നു ചിന്തിക്കുന്ന കഥാപാത്രങ്ങളാണ് ഞങ്ങളുടേത്.

സുഹൃത്തുക്കളുടെ ജീവിതത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി സുഹൃത്തുക്കള്‍ മാധവന്റൈ സഹായം തേടാറുണ്ടോ ?

ഞാന്‍ എന്റെ സുഹൃത്തുക്കള്‍ക്ക് ഉപദേശം നല്‍കാറുണ്ട്. ഞാന്‍ ജോഡികളെ തകര്‍ക്കാനല്ല ജോഡികളെ ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. അവര്‍ക്ക് വേണ്ട നല്ല ഉപദേശങ്ങളൊക്കെ കൊടുക്കും.
ആദ്യമായല്ലേ ബിപാഷയെ പോലുള്ള താരങ്ങളൊത്ത് പ്രവര്‍ത്തിക്കുന്നത്,  എങ്ങിനെയുണ്ടായിരുന്നു ഷൂട്ടിംഗ് ?

ബിപാഷയെ പോലെ തന്നെ അമീര്‍ഖാനും ശര്‍മ്മന്‍ജോഷിയുമെല്ലാം എന്നെ സംബന്ധിച്ച് പുതിയ ആളുകളാണ്. എന്റെ സിനിമകളെല്ലാം തന്നെ ശക്തമായ ഒരു തിരക്കഥ ഉള്ള ചിത്രങ്ങളായിരിക്കും. ‘തനു വെഡ്‌സ് മനു’ എന്ന ചിത്രത്തിലേയും എന്റെ കഥാപാത്രം മികച്ചതായിരുന്നു. ആ ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ബിപാഷയുടെ അത്ര കഴിവ് വേറെ ഒരു താരത്തിനും ഉണ്ടാകില്ല. അനുയോജ്യമായ താരങ്ങളെ കഥാപാത്രം ചെയ്യുന്നതിനായി തിരഞ്ഞെടുക്കുകയും നല്ലൊരു ടീം വര്‍ക്ക് ഉണ്ടാവുകയും മികച്ച ലൊക്കേഷനില്‍ വെച്ച് ചിത്രീകരണം നടത്തുകയും ചെയ്താന്‍ പടം വിജയിക്കുമെന്നതില്‍ സംശയമില്ല. ജോഡി ബ്രേക്കര്‍ എന്ന ചിത്രം മറ്റൊരു സംവിധായകന്‍ ചെയ്തിരുന്നെങ്കില്‍ ഒരുപക്ഷേ ഇത്ര നന്നാവുമായിരുന്നില്ല.

ബിപാഷയുമൊത്തുള്ള അഭിനയം എങ്ങിനെയുണ്ടായിരുന്നു ?

ബിപാഷയെ കുറിച്ചുള്ള എന്റെ ധാരണയൊക്കെ തെറ്റായിരുന്നെന്ന് മനസ്സിലായത് ഷൂട്ടിംഗ് തുടങ്ങിയതിനു ശേഷമാണ്. ഞാന്‍ കരുതിയത് അവരൊക്കെ വലിയ താരമല്ലേ, ഷൂട്ടിംഗ് തുടങ്ങുന്ന സമയത്ത് മാത്രം സെറ്റിലെത്തി തന്റെ കഥാപാത്രം എന്തെന്ന് മാത്രം നോക്കി അഭിനയിച്ചിട്ട് പോകുകയായിരിക്കും എന്നാണ്. കൂടെ അഭിനയിക്കുന്ന ആളെ കുറിച്ച് ചിന്തിക്കുകയോ അവരോട് സംസാരിക്കുകയോ ചെയ്യുമെന്നു പോലും കരുതിയിരുന്നില്ല. എന്നാല്‍ ഞാന്‍ പ്രതീക്ഷിച്ചതിന് നേരെ വിപരീതമായിരുന്നു ബിപാഷ. അവര്‍ വളരെ പ്രൊഫഷണല്‍ ആണ്. ഓരോ കഥാപാത്രത്തെയും മികച്ചതാക്കാനും അതിനായി എന്ത് ബുദ്ധിമുട്ട് അനുഭവിക്കാനും അവര്‍ തയ്യാറാണ്.

മാധവന് ഇപ്പോള്‍ പുതിയ രൂപവും ഭാവവുമാണ്, എങ്ങനെയുണ്ട് പ്രക്ഷകരുടെ ഭാഗത്തുനിന്നുള്ള പ്രതികരണം ?

എന്റെ രൂപത്തില്‍ ഞാന്‍ മാറ്റങ്ങള്‍ വരുത്തുന്നതെല്ലാം കഥാപാത്രത്തിനനുസരിച്ചാണ്. ഒരു കഥാപാത്രം അത് അര്‍ഹിക്കുകയാണെങ്കില്‍ അതിനു വേണ്ടി എന്നില്‍ എന്തുമാറ്റം വരുത്താനും ഞാന്‍ തയ്യാറാണ്. എനിയ്ക്ക് ഈ ചിത്രം ചെയ്‌തേ മതിയാകുമായിരുന്നുള്ളു. അപ്പോള്‍ അതിനുവേണ്ട ചില വിട്ടുവീഴ്ചകള്‍ ഞാനും ചെയ്യും. എന്റെ കോസ്റ്റിയൂം ഡിസൈന്‍ ചെയ്യുന്നത് ഞാനാണ്. അതിനുശേഷം മാത്രമേ എന്റെ ഡിസൈനറുടെ അടുത്ത് കാര്യങ്ങള്‍ തിരക്കാറുള്ളു. എന്നിട്ട് കഥാപാത്രം അര്‍ഹിക്കുന്ന രീതിയിലുള്ള കോസ്റ്റ്യൂം ആക്കിത്തരാന്‍ അദ്ദേഹത്തോട് പറയും.

തനു വെഡ്‌സ് മനു, ത്രീ ഇഡിയറ്റ്‌സ്, റാംജി ലണ്ടന്‍വേല്‍ തുടങ്ങിയ ചിത്രങ്ങളിലെല്ലാം സോഫ്റ്റ് ആയ കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്. അത്തരം കഥാപാത്രങ്ങള്‍ ചെയ്ത് ഞാന്‍ മടുത്തു.


സിക്‌സ് പാക്ക് ഒക്കെ കാണിച്ച് ഒരു ചിത്രം പ്രതീക്ഷിക്കാമോ ?

അങ്ങിനെയൊരു ചിത്രം എന്നെ തേടിയെത്തുകയാണെങ്കില്‍ തീര്‍ച്ചയായും ചെയ്യും. കമലഹാസനും ബിപാഷബസുവും എന്റെ ഭാര്യയും എല്ലാം എന്നോട് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാണ് തടികുറച്ച് സിക്‌സ് പാക്ക് ആക്കണമെന്ന്. തടി അത്ര കൂടുതലാണെന്ന തോന്നലൊന്നും എനിയ്ക്കില്ല. തടികുറക്കുന്നതിന്റെ ഭാഗമായി അല്പസമയം  ഓടിക്കഴിഞ്ഞാല്‍ തന്നെ ഞാന്‍ ക്ഷീണിക്കാന്‍ തുടങ്ങും. തടികുറയ്ക്കണമെന്ന് ആഗ്രഹമുണ്ട്. അതിനുള്ള ശ്രമങ്ങള്‍ തുടങ്ങുകയും ചെയ്തു. എന്തായാലും ഇനി തടികുറയ്ക്കുന്നത് വരെ സിനിമയില്‍ നിന്നും ഒരു ബ്രേക്ക് എടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

‘തനു വെഡ്‌സ് മനു’ എന്ന ചിത്രത്തിലെ ഗംഭീരവിജയത്തിന് ശേഷം ഹിന്ദി സിനിമയിലെ സോളോ ലീഡ് ആയെന്ന് പ്രേക്ഷകര്‍ കരുതിയതായി തോന്നിയിട്ടുണ്ടോ?

അതിന് മറുപടി പറയേണ്ടത് ഞാനല്ല. എന്റെ പ്രക്ഷകരും ആരാധകരുമാണ്. എന്നാല്‍ എന്റെ മാര്‍ക്കറ്റ് കൂടിയതുകാരണം കൂടുതല്‍ പ്രതിഫലം നിര്‍മ്മാതാക്കള്‍ തരാന്‍ തയ്യാറായാല്‍ ഞാന്‍ അത് വേണ്ടെന്ന് വെയ്ക്കില്ല. ചില സോളോ പെര്‍ഫോമന്‍സുകള്‍ ബോളിവുഡില്‍ മികച്ച പ്രക്ഷപ പ്രശംസ നേടിത്തരണമെന്നും ഇല്ല.

സോളോ ഹീറോ കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ കൂടുതല്‍ സമ്മര്‍ദ്ദം അനുഭവിക്കേണ്ടിവരാറുണ്ടോ ?

തീര്‍ച്ചയായും. അത് വളരെ വലിയ ഉത്തരവാദിത്തമാണ്. ചില തമിഴ് ചിത്രങ്ങളില്‍ അഭിനയിക്കുമ്പോഴും എനിയ്്ക്ക് അങ്ങനെ തോന്നിയിട്ടുണ്ട്. നമ്മള്‍ കേന്ദ്രകഥാപാത്രമായി അഭിനയിക്കുമ്പോള്‍ സിനിമയുടെ ഓരോ ഗതിയേയും നിയന്ത്രിക്കുന്നത് നമ്മളായിരിക്കും. നമ്മളിലുണ്ടായിരിക്കുന്ന ഓരോ ചലനങ്ങളും കൃത്യമായിരിക്കണം. നമ്മുടെ അഭിനയത്തെ ആശ്രയിച്ചായിരിക്കും സിനിമയുടെ വിജയവും. ത്രീ ഇഡിയറ്റ്‌സ് എന്ന ചിത്രത്തിന്റെ വിജയത്തില്‍ എനിയ്ക്ക് പങ്കുണ്ടെങ്കില്‍ അതിന്റെ ക്രഡിറ്റ് അമീര്‍ഖാനും രാജ്കപൂര്‍ ഹിലാനിയ്ക്കും മാത്രം അവകാശപ്പെട്ടതാണ്.

നല്ലൊരു ടീം വര്‍ക്കിലൂടെ മാത്രമേ സിനിമ വിജയിക്കുള്ളൂ എന്ന് പറയുന്നത് ശരിയാണോ ?

തീര്‍ച്ചായായും. ഒരിക്കലും ഒരു നടനോ നടിയോ സംവിധായകനോ തിരക്കഥാകൃത്തോ മാത്രം വിചാരിച്ചാല്‍ സിനിമയെ വിജയിപ്പിക്കാന്‍ കഴിയില്ല. അത് എത്ര മികച്ച തിരക്കഥയായിട്ടും കാര്യമില്ല. സിനിമയില്‍ ടീം വര്‍ക്കിനു തന്നെയാണ് പ്രാധാന്യം. മാധവന്‍ അഭിനയിക്കുന്ന ചിത്രമാണെന്നു കരുതി പ്രക്ഷകര്‍ മുഴുവന്‍ തിയ്യേറ്ററില്‍ എത്തുമെന്ന് ഞാന്‍ കരുതില്ല. സംവിധായകന്‍ ആരെന്നും ഏതു ബാനറാണെന്നും എല്ലാം നോക്കിയാണ് ആളുകള്‍ തിയ്യറ്ററില്‍ എത്തുന്നത്. ത്രീ ഇഡിയറ്റ്‌സ് എന്ന ചിത്രം ഒരു അമിര്‍ഖാന്‍ പടം എന്നാണ് അറിയപ്പെടുക. ചിത്രം വിജയിച്ചാലും ഇല്ലെങ്കിലും എല്ലാം ആ പേര് അദ്ദേഹത്തിന് തന്നെയായിരിക്കും.

ഹിന്ദി സിനിമയിലെ താങ്കളുടെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്, അവിടെ തന്നെ തുടരണം എന്ന് തോന്നുന്നുണ്ടോ ?

അങ്ങനെയൊന്നും ഇല്ല. ഒരുതരത്തില്‍ പറഞ്ഞാല്‍ അത് ടെന്‍ഷനാണ്. കാരണം ഒരു ചിത്രം സോളോ ഹിറ്റാണെങ്കില്‍ അത് പിന്നീട് വരുന്ന ചിത്രങ്ങളെയും ബാധിക്കും.നമ്മുടെ മേല്‍ വലിയ പ്രതീക്ഷയായിരിക്കും പ്രേക്ഷകര്‍ക്ക്. ഞാന്‍ സിനിമയില്‍ അഭിനയിക്കുന്നതിന് പണം വാങ്ങുന്നുണ്ട്. അതുപോലെ തന്നെ ആ ചിത്രം നിര്‍മ്മിക്കുന്നവര്‍ക്കും പണം ലഭിക്കണം. എന്നാല്‍ മാത്രമേ അത് നല്ലൊരു ബിസിനസ് കൂടിയാവുള്ളു. നമ്മള്‍ വഴി ലാഭമുണ്ടാക്കാം എന്ന് ഉറപ്പുള്ളതുകൊണ്ടാവാം പല സംവിധായകരും നിര്‍മ്മാതാക്കളും നമ്മെ അഭിനയിക്കാന്‍ വിളിക്കുന്നത്.

സ്‌ക്രീനില്‍ ഒരിക്കലും അവതരിപ്പിക്കില്ലെന്ന് കരുതിയ എന്തെങ്കിലും ഉണ്ടോ ?

ഒരിക്കലുമില്ല. എന്റെ ജോലിയില്‍ ഞാന്‍ പൂര്‍ണ സംതൃപ്തനാണ്. നൂറു ശതമാനം നീതിപുലര്‍ത്തിയാണ് ഞാന്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. ഇപ്പോള്‍ വസ്ത്രമൊന്നുമില്ലാതെ ഒരു തെരുവിലൂടെ ഓടേണ്ട കഥാപാത്രത്തെ അവതരിപ്പിക്കേണ്ടി വന്നാല്‍, ആ കഥാപാത്രം അത് അര്‍ഹിക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ഞാന്‍ അത് അഭിനയിക്കാന്‍ തയ്യാറാകും. ചുംബനരംഗങ്ങളില്‍ അഭിനയിക്കാന്‍ ബുദ്ധിമുട്ടാണെന്ന് ഞാന്‍ ഒരിടത്തും പറഞ്ഞിട്ടില്ല. എന്നാല്‍ അതില്‍ എന്റെ ഭാര്യയ്ക്ക് ഒരുപക്ഷേ അസൂയ കാണും. അത്തരത്തിലഭിനയിച്ച എന്റെ ഒരു കഥാപാത്രങ്ങളും ഇതുവരെ ചോദ്യം ചെയ്യപ്പെട്ടിട്ടില്ല. സിനിമയില്‍ എന്തുരീതിയിലുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനും എനിയ്ക്ക് ബുദ്ധിമുട്ടില്ല.

നിങ്ങളുടെ കഥാപാത്രത്തെ മാത്രം നോക്കിയാണോ അതോ മുഴുവന്‍ തിരക്കഥ വായിച്ചാണോ സിനിമ തിരഞ്ഞെടുക്കാറ് ?

തിരക്കഥകള്‍ തിരഞ്ഞെടുക്കുന്നതില്‍ വളരെ പ്രാധാന്യം ഉണ്ട്. എന്റെ കഥാപാത്രത്തെ ആ തിരക്കഥ എത്രത്തോളം ആവശ്യപ്പെടുന്നുണ്ടെന്ന് ആദ്യം നോക്കും. ഒരു താരവും തന്റെ മാത്രം കഥാപാത്രത്തെ നോക്കി ചെയ്യും എന്ന് എനിയ്ക്ക് തോന്നുന്നില്ല. കാരണം മുഴുവന്‍ തിരക്കഥയും വായിച്ചുനോക്കിയാല്‍ മാത്രമേ സിനിമ എങ്ങനെ ഉണ്ടെന്നും അത് പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കുമെന്നും അറിയാന്‍ കഴിയുള്ളു.

ദൈവാനുഗ്രഹം ഉളളതുകൊണ്ടാണ് സിനിമയില്‍ വരാന്‍ സാധിച്ചതെന്ന് താങ്കള്‍ പറഞ്ഞിട്ടുണ്ടല്ലോ, താങ്കളുടെ പ്രയത്‌നത്തിനനുസരിച്ചുള്ള ഫലം സിനിമയില്‍ നിന്നും ലഭിച്ചിട്ടുണ്ടെന്ന് തോന്നിയിട്ടുണ്ടോ ?

സിനിമയില്‍ നിന്നും ഒന്നും ലഭിച്ചിട്ടില്ലെന്ന് പറയാന്‍ വയ്യ. കാരണം ഞാന്‍ എന്തെങ്കിലുമൊക്കെ ആയിട്ടുണ്ടെങ്കില്‍ അതിനു കാരണം സിനിമ മാത്രമാണ്. ഞാന്‍ മുംബൈയില്‍ എത്തി ഹിന്ദി സിനിമയില്‍ അഭിനയിക്കാന്‍ തീരുമാനിച്ചു. ഒരു സിനിമ പുറത്തിറങ്ങിയതിനു ശേഷം എന്നെ തേടി നിരവധി അവസരങ്ങള്‍ വരുന്നു. ഇതെല്ലാം കാണുമ്പോള്‍ എനിയ്ക്ക് അത്ഭുതമാണ് തോന്നാറ്. ആദ്യമായി മുംബൈയിലെത്തി അവിടുത്തെ വലിയ കെട്ടിടങ്ങള്‍ക്കു താഴെ നിന്ന് ഞാന്‍ തന്നെ ചിന്തിച്ചിട്ടുണ്ട്. ഇവിടെ എനിയ്ക്ക് ഒന്നും ആയി തീരാന്‍ കഴിയില്ലെന്ന്. എന്നാല്‍ ഇന്ന് ഞാന്‍ അതും നേടിയെടുത്തു. അതെല്ലാം ഒരു ദൈവാനുഗ്രഹം മാത്രമായേ കാണുന്നുള്ളു.

മണിരത്‌നത്തിന്റെ ‘ഇരുവര്‍’ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരമുണ്ടായെന്നും പിന്നീട് അതില്‍ നിന്നും ഒഴിവാക്കപ്പെട്ടു എന്നും എല്ലാം കേട്ടു, എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്?

അതെ. മണിരത്‌നം സര്‍ വിളിച്ചിരുന്നു എന്നുള്ളത് സത്യമാണ്. എന്നാല്‍ അതില്‍ ചെയ്യാനുണ്ടായിരുന്ന കഥാപാത്രം അര്‍ഹിക്കുന്ന അത്ര പ്രായം എനിയ്ക്കുണ്ടായിരുന്നില്ല. അതുമാത്രമല്ല, ഇരുവര്‍ എന്ന ചിത്രത്തില്‍ ഞാന്‍ അഭിനയിച്ചിരുന്നെങ്കില്‍ ‘അലൈപായുതേ’ എന്ന ചിത്രത്തില്‍ അഭിനയിക്കാനുള്ള ഭാഗ്യം എനിയ്ക്ക്് ഉണ്ടാകുമായിരുന്നില്ല. എന്തുകാര്യം സംഭവിച്ചാലും അതെല്ലാം നല്ലതിനുമാത്രമാണെന്ന് കരുതുന്ന ആളാണ് ഞാന്‍ . അന്ന് ‘ഇരുവറി’ല്‍ അഭിനയിക്കാന്‍ കഴിയാതിരുന്നതില്‍ എനിയ്ക്ക് വിഷമം തോന്നി. എന്നാല്‍ അതിനേക്കാള്‍ മികച്ച ഒരു റിസള്‍ട്ട് എനിയ്ക്ക് പിന്നീട് കിട്ടി.

ലഭിക്കുന്ന ചിത്രങ്ങള്‍ കുറവാണെന്ന് തോന്നിയിട്ടുണ്ടോ?

ഒരിക്കലുമില്ല. സിനിമയില്‍ എക്കാലവും ഒരേപോലെ നില്‍ക്കാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നില്ല.അഭിനയജീവിതത്തില്‍ ഉയര്‍ച്ചയും താഴ്ചയും എല്ലാം ഉണ്ടാകും. എന്നാല്‍ എന്നെ സംബന്ധിച്ച് കഴിഞ്ഞ 15 വര്‍ഷങ്ങളായി അഭിനയിക്കാന്‍ സിനിമകള്‍ ഇല്ലാത്ത ഒരു അവസ്ഥ ഉണ്ടായിട്ടില്ല.


അഭിനയ ജീവിതത്തിലുണ്ടായ ഏറ്റവും വലിയ നേട്ടം എന്താണ് ?

അങ്ങനെ ചോദിക്കുമ്പോള്‍ ആദ്യം പറയേണ്ട ഒരു വ്യക്തിയുടെ പേരുണ്ട്. സംവിധായകന്‍ രാകേഷ് ഓംപ്രകാശ് മെഹ്‌റ, ഒരിക്കല്‍ ഒരു പാര്‍ട്ടിയില്‍ വെച്ച് അദ്ദേഹം എന്നോട് പറഞ്ഞു. സിനിമ മേഖലയിലെ ഏറ്റവും ഭാഗ്യവാനായ ഒരു താരമാണ് നിങ്ങളെന്ന്. അത് കേട്ടപ്പോള്‍ എനിയ്ക്ക് ഒരായിരം അവാര്‍ഡുകള്‍ ഒന്നിച്ചു കിട്ടിയതുപോലെ തോന്നി. കഴിഞ്ഞ ആറുവര്‍ഷത്തിനുള്ളില്‍ ഞാന്‍ അഭിനയിച്ച അലൈപായുതേ, അന്‍പേ ശിവം, കന്നത്തില്‍ മുത്തമിട്ടാല്‍, അയുത എഴുതു, ഗുരു, രംഗ്‌ദേ ബസന്തി, ത്രീ ഇഡിയറ്റ്‌സ് തുടങ്ങി കലാമൂല്യമുള്ള  ചിത്രങ്ങളില്‍ അഭിനയിക്കാനുള്ള ഭാഗ്യം മറ്റൊരു താരത്തിനും ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ ലഭിച്ച ഏറ്റവും വലിയ നേട്ടം എന്തെന്നു ചോദിച്ചാല്‍ എനിയ്ക്ക് പറായാനും നിരവധി കാര്യങ്ങളുണ്ട്. മണിരത്‌നം, കമല്‍ഹാസന്‍, എ.ആര്‍ റഹ്മാന്‍, അമിതാഭ് ബച്ചന്‍, അമീര്‍ ഖാന്‍, തുടങ്ങി ഒട്ടേറെ മഹാപ്രതിഭകളുടെ കൂടെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. അതിനേക്കാള്‍ വലിയ നേട്ടമൊന്നും വേറെയില്ല.

ഗൂഗിള്‍ ഉപയോഗിക്കാറുണ്ടോ ?

തീര്‍ച്ചയായും, എന്റെ ആരാധകര്‍ അഭിപ്രായം പറയുന്നത് ഇന്റര്‍നെറ്റിലൂടെയാണ്. എന്റെ ഏറ്റവും വലിയ വിമര്‍ശകര്‍ പ്രേക്ഷകരാണ്. പ്രേക്ഷകരില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ എനിയ്ക്ക് സാധിച്ചിട്ടുണ്ട്.

തിരക്കിനിടയില്‍ കുടുംബത്തിനൊത്ത് സമയം ചിലവഴിക്കാന്‍ കഴിയാറുണ്ടോ ?

കുറച്ച് ബുദ്ധിമുട്ടാണ്. എന്നാലും പരമാവധി അവരുമായി സമയം ചിലവഴിക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്.എന്റെ മകന്‍ വളര്‍ന്നു വരികയാണ്. അതുകൊണ്ട് തന്നെ അവനൊപ്പം സമയം ചിലവഴിക്കണമെന്നുണ്ട്.

മാധവിനെ ടെലിവിഷനില്‍ കാണുമ്പോള്‍ മകന്‍ വേദാന്തിന്റെ പ്രതികരണം  എങ്ങിനെയാണ്?

അവന്റെ ഫേവററ്റ് ആക്ടര്‍ ഞാനാണ്. എന്നാല്‍ സിനിമയില്‍ ഞാന്‍ അടിപിടിയുണ്ടാക്കുന്നത് അവന് ഇഷ്ടമല്ല. എന്നാല്‍ വില്ലനെ ഞാന്‍ തിരിച്ചടിക്കുന്നത് കാണാന്‍ അവന് വലിയ ഇഷ്ടമാണ്. അവന്റെ അച്ഛന്‍ ഒരു താരമാണെന്ന തോന്നലൊന്നും അവനില്ല. എന്നാലും അടുത്തകാലത്തായി സ്‌കൂളിലൊക്കെ അവന് ആ ഇമേജ് ലഭിച്ചുതുടങ്ങിയെന്നാണ് പറയുന്നത്.


കടപ്പാട്:reddif news

മൊഴിമാറ്റം: ആര്യ രാജന്‍

Malayalam news

Kerala news in English

Advertisement