കുമളി: എം.ഡി.എം.കെയുടെ റോഡ് ഉപരോധത്തെ തുടര്‍ന്ന് ഇടുക്കി ജില്ലയില്‍ അതിര്‍ത്തികള്‍ അടച്ചു. കന്യാകുമാരി, കോയമ്പത്തൂര്‍, തിരുനെല്‍വേലി, തിരുച്ചിറപ്പള്ളി ജില്ലകളിലെ 13 സ്ഥലങ്ങളിലാണ് റോഡ് ഉപരോധം നടക്കുന്നത്.

ഉപരോധത്തെ തുടര്‍ന്ന് തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന കുമളി, കമ്പം, മറയൂര്‍ ചെക്ക് പോസ്റ്റുകളാണ് അടച്ചിട്ടത് . അതിര്‍ത്തി പ്രദേശങ്ങളില്‍ കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് സുരക്ഷ. ഇതുവഴിയുള്ള വാഹനഗതാഗതം പൂര്‍ണമായി സ്തംഭിച്ചു.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയാക്കണമെന്നും കേരളത്തില്‍ തമിഴര്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് എം.ഡി.എം.കെ നേതാവ് വൈക്കോ കേരളത്തിലേക്കുള്ള റോഡ് ഉപരോധ സമരം തുടങ്ങിയത്. എന്നാല്‍ എവിടെയാണ് പ്രതിഷേധമാര്‍ച്ച് നടക്കുകയെന്ന് അദ്ദേഹം കൃത്യമായി പറഞ്ഞിട്ടില്ല. ഇതോടെ ഇന്നലെ നാല് മണിയോടെ തന്നെ ഇടുക്കിയിലെ ചെക്ക് പോസ്റ്റുകളെല്ലാം അടച്ചിരുന്നു.

തമിഴ്‌നാട്ടില്‍ വൈക്കോയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. നിരോധനാജ്ഞ നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ പ്രതിഷേധം നടത്തി അറസ്റ്റിലായാല്‍ ജാമ്യം ലഭിക്കുകയില്ല. അതുകൊണ്ടുതന്നെ കുമളിയിലും കമ്പമേട്ടിലും വൈക്കോയെത്താനുള്ള സാധ്യത കുറവാണ്.

Malayalam News
Kerala News in English