എഡിറ്റര്‍
എഡിറ്റര്‍
ബല്‍റാമിന്റേത് രാഷ്ട്രീയ പാപ്പരത്തമെന്ന് ഇടുക്കി രൂപത
എഡിറ്റര്‍
Sunday 16th March 2014 7:42pm

balram-new

ഇടുക്കി:  ഇടുക്കി ബിഷപ്പിനെതിരായ  വി.ടി ബല്‍റാം എംഎല്‍എ യുടെ നികൃഷ്ടജീവി പ്രയോഗത്തിന് മറുപടിയുമായി ഇടുക്കി രൂപത രംഗത്ത്. വി.ടി ബല്‍റാമിന്റേത് രാാഷ്ട്രീയ  പാപ്പരത്തമാണെന്നും രാഷ്ട്രീയ തിമിരം ബാധിച്ചവര്‍ നടത്തുന്ന ആക്ഷേപങ്ങള്‍ പിന്‍വലിക്കണമെന്നും ഇടുക്കി രൂപതാ വക്താവ് അഭിപ്രായപ്പെട്ടു.

ജനപ്രതിനിധികള്‍ക്കെതിരെ പ്രതികരിക്കരുതെന്ന് പറയുന്നത് ജനാധിപത്യ വിരുദ്ധമാണ്. ഡീന്‍ കുര്യാക്കോസിനോട് ബിഷപ്പ് പറഞ്ഞത് ബിഷപ്പിന്റെ അഭിപ്രായമാണെന്നും രൂപത അറിയിച്ചു. വോട്ട് തേടാനെത്തുന്ന രക്ഷകനെയും ശിക്ഷകനെയും ജനം തിരിച്ചറിയുമെന്നും ഇടുക്കി രൂപതാ വക്താവ് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസമാണ് ഇടുക്കി ബിഷപ്പിനെതിരെ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ രൂക്ഷ വിമര്‍ശനവുമായി ബല്‍റാം രംഗത്തെത്തിയത്.

തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സഹായം അഭ്യര്‍ത്ഥിച്ചെത്തിയ ഇടുക്കിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിനെ ഇടുക്കി ബിഷപ്പ് പരസ്യമായി വിമര്‍ശിച്ച സാഹചര്യത്തിലായിരുന്നു ബല്‍റാമിന്റെ വിമര്‍ശനം.

വീട്ടില്‍ വരുന്നവരെ അധിക്ഷേപിച്ച് ആട്ടിയിറക്കുന്ന നികൃഷ്ട ജീവികള്‍ നമുക്കിടയില്‍ ഇപ്പോഴും ഉണ്ടെന്നത് കഷ്ടമാണെന്നാണ് ബല്‍റാം തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നത്. ഇത് പിന്നീട് വിവാദമാവുകയായിരുന്നു.

കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ധാര്‍ഷ്ഠ്യമാണെന്നും വോട്ട് കിട്ടാന്‍ വേണ്ടി മാത്രമാണ് ഇപ്പോള്‍ തേടിവരുന്നതെന്നും ഇടുക്കി ബിഷപ്പ് പറഞ്ഞിരുന്നു.

രൂപതാ ആസ്ഥാനത്തേക്ക് തന്നെ കാണാനെത്തിയ ഡീനിന്റെ മുന്നില്‍ വെച്ചായിരുന്നു കോണ്‍ഗ്രസിനെ വിമര്‍ശിച്ച് മാര്‍ മാത്യു ആനിക്കാട്ടില്‍ മാധ്യമങ്ങളോട് സംസാരിച്ചിരുന്നത്.

Advertisement