ഇടുക്കി: പ്രദേശവാസികളുടെ എതിര്‍പ്പ് അവഗണിച്ച് ഇടുക്കി വിമാനത്താവളത്തിന് കേന്ദ്ര പ്രതിരോധ വകുപ്പിന്റെ അനുമതി. ഇടുക്കി ആനക്കരയിലാണ് നിര്‍ദ്ദിഷ്ഠ വിമാനത്താവളം. ഇടുക്കി-കുമളി സംസ്ഥാന പാതയില്‍ നിന്നും രണ്ട് കിലോമീറ്റര്‍ മാറിയാണ് ആനക്കര.

Ads By Google

വിമാനത്താവളത്തിനായി പാരിസ്ഥിതികാഘാത പഠനത്തിനായി കെ.എസ്.ഐ.ഡി.സിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. എയര്‍പോര്‍ട്ട് അതോറിറ്റി പുതിയ എയര്‍പോര്‍ട്ടിന് അനുമതി നല്‍കി.

ആയിരം ഏക്കറില്‍ അഞ്ഞൂറ് ഏക്കര്‍ സ്ഥലത്താണ് വിമാനത്താവളത്തിന് പദ്ധതിയിടുന്നത്. കുറഞ്ഞ ജനവാസ മേഖലയായതിനാല്‍ ഭൂമി ഏറ്റെടുക്കല്‍ പ്രശ്‌നമാവില്ലെന്ന നിലപാടിലാണ് അധികൃതര്‍.

ഇടുക്കി വിമാനത്താവളം യാഥാര്‍ത്ഥ്യമായാല്‍ സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള വിമാന സര്‍വീസുകളുടെ കേന്ദ്രമായി മാറ്റാന്‍ കഴിയുമെന്ന് ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടോം ജോസ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കും വകുപ്പ് സെക്രട്ടറിക്കും അയച്ച കത്തില്‍ പറയുന്നു.

ജനവാസം കുറഞ്ഞ പ്രദേശമായതിനാല്‍ വിനോദ സഞ്ചാര കേന്ദ്രത്തിനും ആരോഗ്യകേന്ദ്രങ്ങള്‍ക്കും അനുയോജ്യമായ പ്രദേശമാണ് ആനക്കരയെന്നും ഭൂമി ലഭ്യമല്ലാത്തതിന്റെ പേരില്‍ ഉപേക്ഷിച്ച പദ്ധതികള്‍ ഇവിടെ നടപ്പിലാക്കാമെന്നും ടോം ജോസ് കത്തില്‍ പറയുന്നു.

ഇടുക്കി എയര്‍പോര്‍ട്ട് യാഥാര്‍ത്ഥ്യമായാല്‍ തിരുവന്തപുരം, നെടുമ്പാശ്ശേരി, കോഴിക്കോട്, ആറന്മുള വിമാനത്താവളങ്ങള്‍ക്കൊപ്പം ഇടുക്കിയും ചേരും.