സോള്‍ട്ട് ആന്റ് പെപ്പര്‍ എന്ന മെഗാഹിറ്റിന് ശേഷം ആഷിഖ് അബു ഒരുക്കുന്ന ‘ഇടുക്കി ഗോള്‍ഡി’ല്‍ മമ്മൂട്ടി നായകനാകും. സോള്‍ട്ട് ആന്റ് പെപ്പറിന്റെ രചന നിര്‍വ്വഹിച്ച ശ്യാം പുഷ്‌കരനും ദിലീഷ് നായരും തന്നെയാണ് ഈ ചിത്രത്തിന്റെയും തിരക്കഥ തയ്യാറാക്കുന്നത്.

മമ്മൂട്ടിയെ നായകനാക്കി ‘ഗ്യാംഗ്സ്റ്റര്‍’ എന്ന പേരില്‍ അധോലോക കഥ പറയുന്ന സിനിമ ചെയ്യാനായിരുന്നു ആഷിഖ് അബു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ സോള്‍ട്ട് ആന്റ് പെപ്പറിന്റെ വമ്പന്‍ വിജയം ആഷിഖിന്റെ തീരുമാനം മാറ്റിമറിക്കുകയായിരുന്നു. വ്യത്യസ്തമായ കഥകള്‍ തേടി നടന്ന ആഷിഖ് അബു സന്തോഷ് ഏച്ചിക്കാനത്തിന്റെ ‘ഇടുക്കി ഗോള്‍ഡ്’ എന്ന കഥയെ ആധാരമാക്കിയാണ് ഈ ചിത്രം ഒരുക്കുന്നതെന്നാണ് വാര്‍ത്തകള്‍.

ഇടുക്കി ഗോള്‍ഡിലെ നായകന്‍ ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് തലവനായി വിരമിച്ച ആളാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ പണ്ട് തന്റെ കൂടെ സ്‌കൂളില്‍ പഠിച്ചിരുന്ന സുഹൃത്തുക്കളെയൊക്കെ കാണാന്‍ തീരുമാനിക്കുകയാണ് ഇയാള്‍. അതിനായി പത്രത്തില്‍ ഒരു പരസ്യം ചെയ്യുന്നു. ആദ്യ ദിവസങ്ങളില്‍ പരസ്യത്തിന് പ്രതികരണവുമുണ്ടായില്ല. കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ ഒരാള്‍ അയാളെ തേടിയെത്തി. പണ്ട് ഏഴാം ക്ലാസില്‍ ഒപ്പം പഠിച്ച കൂട്ടുകാരന്‍. അയാള്‍ ഒരു പെരുങ്കള്ളനാണെന്നറിഞ്ഞപ്പോള്‍ നായകന്‍ ഞെട്ടി. പിന്നീടുണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് കഥയില്‍.

ജയസൂര്യ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഷൈജു ഖാലിദ് ആയിരിക്കും ഇടുക്കി ഗോള്‍ഡിന് ഛായാഗ്രഹണം നിര്‍വഹിക്കുക. സംഗീതം ബിജിബാല്‍. ആഷിഖ് അബുവിന്റെ ആദ്യ ചിത്രം ഡാഡി കൂള്‍ ആയിരുന്നു.