ഇടുക്കി: ഇടുക്കി അണക്കെട്ടില്‍ അവശേഷിക്കുന്നത് സംഭരണശേഷിയുടെ 31 ശതമാനം വെള്ളം. കഴിഞ്ഞ ആറുമാസത്തിനിടെ ഇടുക്കിയില്‍ ലഭിച്ചത് കാല്‍നൂറ്റാണ്ടിനിടയിലെ ഏറ്റവും കുറഞ്ഞ മഴയാണ്.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 684.87 മില്ലിമീറ്ററിന്റെ കുറവാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇപ്പോള്‍ 2332.45 അടി വെള്ളമാണ് അണക്കെട്ടിലുള്ളത്. മൊത്തം സംഭരണശേഷിയുടെ 31 ശതമാനം മാത്രമാണിത്.

Ads By Google

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 28 ശതമാനം മഴയുടെ കുറവാണ് കര്‍ക്കിടകത്തിന് ശേഷം ഇന്ന് വരെ ഇടുക്കിയിലുണ്ടായത്. ഇതോടെ ഇടുക്കി അണക്കെട്ട് നിര്‍മിച്ചതിന് ശേഷം മഴ ഏറ്റവും കുറഞ്ഞ വര്‍ഷമെന്ന ചരിത്രവും 2012 കുറിച്ചു. ഈ വര്‍ഷം ഇതുവരെ 1887.6 മില്ലിമീറ്റര്‍ മഴയാണ് പെയ്തത്.

കഴിഞ്ഞ വര്‍ഷം ഈ സമയം 88.36 ശതമാനം വെള്ളമുണ്ടായിരുന്നു. അതായത് കഴിഞ്ഞ വര്‍ഷമുണ്ടായിരുന്നതിന്റെ പകുതിയുടെ പകുതി പോലും വെള്ളം ഇപ്പോഴില്ലെന്ന് വ്യക്തം.

ഇപ്പോള്‍ അണക്കെട്ടിലുള്ള വെള്ളം ഉപയോഗിച്ച് 686 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാം. മൂലമറ്റത്ത് നിന്നുള്ള പ്രതിദിനം ഉത്പാദനം കണക്കാക്കുമ്പോള്‍ 92 ദിവസത്തേക്ക് ഇത് മതിയാകും.

പ്രതിദിന ഉത്പാദനം നിയന്ത്രിച്ച് അടുത്ത വേനല്‍കാലത്തേക്ക് വെള്ളം സംഭരിക്കാനുള്ള ശ്രമമാണ് വൈദ്യുതി ബോര്‍ഡ് നടത്തുന്നത്. അതിന്റെ ഭാഗമാണ് ലോഡ്‌ഷെഡിങും വൈദ്യുതി നിയന്ത്രണവും.

ഇനി തുലാവര്‍ഷം കൂടി കനിഞ്ഞില്ലെങ്കില്‍ നവംബര്‍ 30ന് ശേഷം ലോഡ്‌ഷെഡിങ് പിന്‍വലിക്കാമെന്ന തീരുമാനം നടപ്പാകില്ലെന്നതാണ് ചുരുക്കം.