Categories

വി.ഡി സതീശന് വിവരക്കേട്: ഇടുക്കി ബിഷപ്പ്

v.d-satheeshan

ഇടുക്കി: വി.ഡി സതീശന് സഭാ വിഷയത്തില്‍ വിവരക്കേടെന്ന് ഇടുക്കി ബിഷപ്പ്. കെ.പി.സി.സി ക്ക് അച്ഛന്‍മാരെ നിയമിക്കാന്‍ കഴിയുമോ എന്നും സഭാനടപടികളും നിയമങ്ങളും അറിയാതെ സതീശന്‍ ഓരോന്ന് പറയുകയാണെന്നും ബിഷപ്പ് പറഞ്ഞു.

കര്‍ദ്ദിനാളിന് പരാതി കൊടുക്കാന്‍ മാത്രം  സന്മാര്‍ഗപരമായും വിശ്വാസപരമായും താന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. അതേസമയം പി.ടി തോമസിനോട് തനിക്ക് വ്യക്തി വിദ്വേഷമുണ്ടെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല.

പി.ടി തോമസിന്റെ പ്രവര്‍ത്തനങ്ങളോടും നയങ്ങളോടുമാണ് അതൃപ്തി. പി.ടി തോമസിന് ഇടുക്കി ജില്ലയില്‍ സ്വീകാര്യ ത നഷ്ടപ്പെട്ടുവെന്നും ഇനി മത്സരിക്കാന്‍ മണ്ഡലവും ചാന്‍സും കിട്ടുമോ എന്ന് സംശയമാണെന്നും അദ്ദേഹം പറഞ്ഞു.

ഹൈറേഞ്ച് സംരക്ഷണ സമിതി പി.ടി ക്കെതിരെ ഒന്നും ചെയ്തിട്ടില്ല. പി.ടി തോമസാണ് ഹൈറേഞ്ച് സംരക്ഷണ സമിതിയോട് ചിറ്റമ്മ നയം കാണിക്കുന്നത്. ജോയ് തോമസും ഇ.എം അഗസ്റ്റിയും പക്വതയുള്ള നേതാക്കന്‍മാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ ഇടുക്കിയില്‍ സമരം നടത്തുന്നത് വൈദികര്‍ക്ക് രാഷ്ട്രീയ ലക്ഷ്യമുള്ളതുകൊണ്ടാണെന്ന ആരോപണവുമായി ബിഷപ്പിനെതിരെ പി.ടി തോമസ് രംഗത്തെത്തിയിരുന്നു.

വിവാദ പ്രസ്താവനകള്‍ നടത്തുന്ന ബിഷപ്പിനെതിരെ കര്‍ദ്ദിനാളിന് പരാതി നല്‍കുമെന്നും തോമസ് പറഞ്ഞിരുന്നു.  ഇതിനിടെ ബിഷപ്പിനെ പിന്തുണച്ച് ലത്തീന്‍ സഭ രംഗത്തെത്തിയിട്ടുണ്ട്.