കടുത്തുരുത്തി:ഒന്നാംക്ലാസില്‍ ചേരാനെത്തിയ വിദ്യാര്‍ത്ഥികളുടെ കഴുത്തില്‍ ജാതിപ്പേര്‍ എഴുതിച്ചേര്‍ത്ത കാര്‍ഡ് അണിയിച്ച് അധ്യാപകര്‍ക്കൊപ്പംനിര്‍ത്തി ഫോട്ടോ എടുപ്പിച്ചതായി പരാതി. മുട്ടുചിറ സെന്റ് ആഗ്നസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ചേരാനെത്തിയ 82 കുട്ടികളുടെ കഴുത്തിലാണ് ജാതിപ്പേര്‍ രേഖപ്പെടുത്തിയ കാര്‍ഡ് അണിയിച്ചത്.

സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് രക്ഷിതാക്കള്‍ കടുത്തുരുത്തി ഡി.ഇ.ഒ യ്ക്ക് പരാതി നല്‍കി. ഇതേത്തുടര്‍ന്ന് കോട്ടയംജില്ലാ കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

വിദ്യാര്‍ത്ഥികളുടെ ജാതി പലപ്പോഴും രേഖപ്പെടുത്താത്തതിനാല്‍ പല സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കിട്ടാതെവന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്നായിരുന്നു സ്‌കൂള്‍ അധികൃതര്‍ വിശദീകരണം.

സംഭവത്തില്‍ പ്രതിഷേധിച്ച് എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പാളിനെ ഘെരാവോ ചെയ്തു.