ന്യൂദല്‍ഹി: ഐഡിയയ്ക്കും ടാറ്റയ്ക്കും എതിരെ സി.ബി.ഐ അന്വേഷണം ആരംഭിച്ചു. ഐഡിയ സെല്ലുലാറും ടാറ്റയും 2005-2006 വര്‍ഷക്കാലത്തെ ലൈസന്‍സ് ധാരണകള്‍ തെറ്റിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അന്വേഷണം. നിലവില്‍ സി.ബി.ഐ. 2G സ്‌പെക്ട്രം കേസ് അന്വേഷിക്കുകയാണ്.

2G സ്‌പെക്ട്രം കേസിലെ പ്രമുഖ കക്ഷികളായ സ്വാന്‍, റിലയന്‍സ് ടെലികോം എന്നിവരുടെ കേസുമായി ഇതിന് സാദൃശ്യമുണ്ടെന്നും അതാണ് അന്വേഷണം അവരിലേക്കും നീട്ടേണ്ടി വരുന്നതെന്നും സി.ബി.ഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സ്വാനിന്റെയും റിലയന്‍സ് ടെലികോമിന്റെയും ഉന്നത ഉദ്യോഗസ്ഥരെ സി.ബി.ഐ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

ഐഡിയ സെല്ലുലാര്‍ 2005ല്‍ സമര്‍പ്പിച്ച അപേക്ഷയെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഐഡിയയുടെ അപേക്ഷക്ക് സാധുതയുണ്ടായിരുന്നില്ലെന്നും അത് തള്ളിക്കളയേണ്ടതായിരുന്നുവെന്നും സി.ബി.ഐ വ്യക്തമാക്കി. അതേസമയം ടാറ്റ സി.ഡി.എം.എ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

ഒരു പ്രദേശത്ത് 2 ടെലികോം കമ്പനികളില്‍ 10 ശതമാനത്തില്‍ കൂടുതല്‍ ഒഹരികള്‍ കൈവശം വെയ്ക്കുന്നതിന് കാരണമാകും എന്നുള്ളതുകൊണ്ട് ടാറ്റയുടെ അപേക്ഷക്കും നിയമസാധുതയില്ല.