കോഴിക്കോട്: ഷൊര്‍ണൂരില്‍ യു.ഡി.എഫുമായി സഹകരിക്കാനുള്ള എം ആര്‍ മുരളിയുടെ തീരുമാനത്തില്‍ സി.പി.ഐ.എം വിമത നേതൃത്വത്തില്‍ അഭിപ്രായ വ്യത്യാസം. യു.ഡി.എഫുമായി സഹകരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ഇടതുപക്ഷ ഏകോപന സമിതി നേതാക്കള്‍ മുരളിയെ കണ്ടെങ്കിലും ഫലമുണ്ടായില്ല.

ഷൊര്‍ണൂര്‍ നഗര സഭയില്‍ ആകെയുള്ള 33 വാര്‍ഡുകളില്‍ 13 സ്ഥലങ്ങളില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളാണ് വിജയിച്ചത്. എട്ടിടങ്ങളില്‍ സി.പി.ഐ.എം വിമതരും വിജയിച്ചു. എട്ട് സീറ്റാണ് യു.ഡി.എഫിന് ലഭിച്ചത്. സി.പി.ഐ.എമ്മിനെ അധികാരത്തില്‍ നിന്ന് അകറ്റാനായി യു.ഡി.എഫുമായി ധാരണയുണ്ടാക്കാനാണ് സി.പി.ഐ.എം വിമതരുടെ നീക്കം. ഇതിനായി നടത്തിയ പ്രാഥമിക ചര്‍ച്ചയില്‍ രണ്ടര വര്‍ഷക്കാലത്തേക്ക് വിമതരും യു.ഡി.എഫും മാറിമാറി ഭരിക്കാനാണ് ധാരണയായിരിക്കുന്നത്.

എന്നാല്‍ സി.പി.ഐ.എം വിരോധത്തിന്റെ പേരില്‍ യു.ഡി.എഫുമായി ഇത്തരത്തിലൊരു ബന്ധമുണ്ടാക്കുന്നതിനെതിരെയാണ് സി.പി.ഐ.എം വിമതരുടെ കൂട്ടായ്മയായ ഇടതുപക്ഷ ഏകോപന സമിതിയിലെ ഒരു വിഭാഗം രംഗത്ത് വന്നിരിക്കുന്നത്. സി.പി.ഐ.എം വിടുന്നവര്‍ യു.ഡി.എഫ് പാളയത്തിലാണെത്തുകയെന്ന സന്ദേശമാണ് ഷൊര്‍ണൂരിലെ സഹകരണം നല്‍കുകയെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

ഷൊര്‍ണൂരിലെ ജനകീയ വികസന മുന്നണി, ഒഞ്ചിയത്തെ റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി, അത്തോളിയിലെ കമ്മ്യൂണിസ്റ്റ് കാംപയിന്‍ കമ്മിറ്റി, തളിക്കുളം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തുടങ്ങി പ്രാദേശികമായി സി.പി.ഐ.എം വിട്ടവരുടെ കൂട്ടായ്മയാണ് ഇടതുപക്ഷ ഏകോപന സമിതിയായി പ്രവര്‍ത്തിക്കുന്നത്. ഷൊര്‍ണൂരില്‍ എം.ആര്‍ മുരളിയുടെ നേതൃത്വത്തില്‍ യു.ഡി.എഫ് സഹകരണവുമായി മുന്നോട്ട് പോവുകയാണെങ്കില്‍ അത് ഏകോപന സമിതിക്ക് സംസ്ഥാനാടിസ്ഥാനത്തില്‍ ദോശം ചെയ്യുമെന്ന് ഒരു വിഭാഗം വാദിക്കുന്നത്.

എന്നാല്‍ ഷൊര്‍ണൂരില്‍ പ്രത്യേക സാഹചര്യമാണെന്നാണ് എം.ആര്‍ മുരളി തന്ന വന്നു കണ്ട ഏകോപന സമിതി നേതാക്കളോട് പറഞ്ഞത്. സി.പി.ഐ.എമ്മിനെ അധികാരം വിട്ടുകൊടുക്കുന്നത് ദോഷകരമാണെന്നും അതിനാല്‍ ഇവിടെ യു.ഡി.എഫ് സഹകരണം മാത്രമേ നിര്‍വ്വാഹമുള്ളൂവെന്നും മുരളി വ്യക്തമാക്കി. ഡോ.ആസാദ്, ടി.പി ചന്ദ്രശേഖരന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഷൊര്‍ണൂരെത്തി മുരളിയെ കണ്ടത്. നിലവില്‍ ഇടതുപക്ഷ ഏകോപന സമിതി സംസ്ഥാന സെക്രട്ടറിയാണ് എം.ആര്‍ മുരളി.