കൊച്ചി: ദേശീയപാതയിലെ ടോള്‍ പിരിവിനെതിരെ ഒരു വര്‍ഷത്തിലേറെയായി നടക്കുന്ന പ്രതിഷേധ സമരങ്ങളെ അവഗണിച്ച് ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയിലെ ടോള്‍ നിരക്ക് വര്‍ധിപ്പിച്ചു.

Ads By Google

ബസ്, ട്രക്ക്, മള്‍ട്ടി ആക്‌സില്‍ ട്രക്ക് എന്നിവയുടെ ടോള്‍ നിരക്കിലാണ് വര്‍ധനവുണ്ടായിരിക്കുന്നത്. 10 മുതല്‍ 40 രൂപ വരെയാണ് വര്‍ധനവ്. കാറുകളുടെ ടോള്‍ നിരക്കില്‍ അഞ്ച് രൂപ കുറിച്ചിട്ടുണ്ട്.

പുതിയ കരാര്‍ പ്രകാരം 105 രൂപയാണ് ലൈറ്റ് മോട്ടോര്‍ വാഹനങ്ങളുടെ ടോള്‍ നിരക്ക്. ട്രക്കുകള്‍ക്ക് 15 രൂപ വര്‍ധിച്ച് 210 രൂപ ഒരു യാത്രയ്ക്ക് നല്‍കേണ്ടി വരും.

ജീവിത നിലവാര സൂചികയുടെ വര്‍ധനവനുസരിച്ച് ടോള്‍ നിരക്കില്‍ നാല്‍പ്പത് ശതമാനംവരെ വര്‍ധനവുണ്ടാക്കാമെന്ന ദേശീയപാത അതോറിറ്റിയും ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിയും തമ്മിലുള്ള കരാര്‍ പ്രകാരമാണ് നിരക്ക് വര്‍ധന.

ഇന്നലെ അര്‍ധരാത്രി മുതല്‍ പുതിയ നിരക്ക് നിലവില്‍ വന്നു.

പാലിയേക്കര ടോള്‍ ബൂത്തിലെ നിരക്ക് വര്‍ധനവിനെതിരെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ സമരം നടന്നുവരുന്നിതിനിടയിലാണ് പുതിയ നിരക്ക് വര്‍ധന എന്നത് ശ്രദ്ധേയമാണ്.

ടോള്‍ നിരക്ക് കുറക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ് നിലനില്‍ക്കേയാണ് പുതിയ ടോള്‍ നിരക്ക് നിലവില്‍ വന്നിരിക്കുന്നത്.