ന്യൂദല്‍ഹി: ഇടമലയാര്‍ കേസിലെ പ്രതി രാമഭദ്രന്‍ നായരെ സുപ്രീംകോടതി തടവുശിക്ഷയില്‍ നിന്നും ഒഴിവാക്കി.രോഗാവസ്ഥ കണക്കിലെടുത്താണ് ശിക്ഷയില്‍ നിന്നും ഒഴിവാക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചത്. എന്നാല്‍ അദ്ദേഹത്തിനെതിരായ ശിക്ഷാവിധി നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കി.

രാമഭന്ദ്രന്‍ നായര്‍ക്ക് അല്‍ഷിമേഴ്‌സ് ആണെന്ന് കാണിച്ചായിരുന്നു സുപ്രീംകോടതിയില്‍ റിവ്യൂഹരജി സമര്‍പ്പിച്ചത്. സി.ടി സ്‌കാനിംഗ് രേഖകളും ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതെല്ലാം പരിശോധിച്ചാണ് കോടതി രാമഭദ്രന്‍ നായരെ ശിക്ഷയില്‍ നിന്നും ഒഴിവാക്കിയത്.

ജസ്റ്റിസ് പി. സദാശിവം, ബി.എസ് ചൗഹാന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് രാമഭദ്രന്‍ നായരെ ശിക്ഷയില്‍ നിന്നും ഒഴിവാക്കിയത്. നേരത്തേ ഇടമലയാര്‍ കേസില്‍ ശിക്ഷാവിധി വന്ന ഉടനേ രാമഭദ്രന്‍ നായരെ അറസ്റ്റ് ചെയ്യാന്‍ പോലീസ് ശ്രമം നടത്തിയിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് അറസ്റ്റ് ചെയ്യാനുള്ള ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

ഇടമലയാര്‍ കേസില്‍ ശിക്ഷയ്‌ക്കെതിരേ ആര്‍. ബാലകൃഷ്ണപിള്ള സമര്‍പ്പിച്ച റിവ്യൂ ഹരജി സുപ്രീംകോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു. അന്യായമായാണ് തന്നെ ജയിലിലടച്ചതെന്നും ഏതെല്ലാം വകുപ്പുകള്‍ പ്രകാരമാണ് താന്‍ കുറ്റംചെയ്തതെന്ന കാര്യവും വിധിയില്‍ വ്യക്തമാക്കിയിട്ടില്ലെന്നും പിള്ള ഹരജിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വാദം സുപ്രീംകോടതി തള്ളുകയായിരുന്നു.