ന്യൂദല്‍ഹി: ഇടമലയാര്‍ കേസുമായി ബന്ധപ്പെട്ട് കേരളകോണ്‍ഗ്രസ് ബി നേതാവ് ആര്‍. ബാലകൃഷ്ണ പിള്ള സമര്‍പ്പിച്ച റിവ്യൂഹരജി സുപ്രീംകോടതി തള്ളി. കേസില്‍ മറ്റൊരു പ്രതിയായ പി.കെ സജീവിന്റെ ഹരജിയും തള്ളിയിട്ടുണ്ട്. ഇതോടെ ബാലകൃഷ്ണപിള്ളയുടെ തടവുശിക്ഷ തുടരുമെന്ന് വ്യക്തമായി.

അന്യായമായാണ് തന്നെ ജയിലിലടച്ചതെന്നും ഏതെല്ലാം വകുപ്പുകള്‍ പ്രകാരമാണ് താന്‍ കുറ്റംചെയ്തതെന്ന കാര്യവും വിധിയില്‍ വ്യക്തമാക്കിയിട്ടില്ലെന്ന് പിള്ള ഹരജിയില്‍ വ്യക്തമാക്കിയിരുന്നു. അതിനിടെ കേസില്‍ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട രാമഭദ്രന്‍ നായരുടെ റിവ്യൂഹരജി നാളെ പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.

ഇടമലയാര്‍ കേസില്‍ ആര്‍.ബാലകൃഷ്ണപ്പിള്ള കുറ്റക്കാരനാണെന്നായിരുന്നു സുപ്രീം കോടതി കണ്ടെത്തിയത്. ഒരു വര്‍ഷം കഠിന തടവും പതിനായിരം രൂപ പിഴയും അടക്കാന്‍ കോടതി വിധിച്ചിരുന്നു. ബാലകൃഷ്ണപ്പിള്ളക്കൊപ്പം മൂന്ന് പേരെയും കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. കരാറുകാരന്‍ പി.കെ സജീവും കെ.എസ്.ഇ.ബി മുന്‍ ചെയര്‍മാന്‍ രാമഭദ്രന്‍ നായരുമാണ് മറ്റ് പ്രതികള്‍.

ബാലകൃഷ്ണപ്പിള്ളയെ വെറുതെവിട്ടുകൊണ്ടുള്ള ഹൈക്കോടതി വിധിക്കെതിരെ വി.എസ് അച്യുതാനന്ദനാണ് സുപ്രീം കോടതിയില്‍ ഹരജി നല്‍കിയത്. 20 വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലായിരുന്നു സുപ്രീംകോടതി നിര്‍ണ്ണായക വിധി.