കൊച്ചി: ഇടമലയാര്‍ കേസില്‍ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട കെ.എസ്.ഇ.ബി മുന്‍ ചെയര്‍മാന്‍ രാമഭദ്രന്‍ നായരെ പോലീസ് അറസ്റ്റു ചെയ്യാതെ മടങ്ങി. അറസ്റ്റ് ചെയ്യാന്‍ കഴിയാത്ത സ്ഥിതിയിലാണ് രാമഭദ്രന്‍ നായരെന്ന് പോലീസ് വ്യക്തമാക്കി.

അല്‍ഷൈമേര്‍സ് രോഗബാധിതനായ രാമഭദ്രന്‍ നായരെ അറസ്റ്റു ചെയ്യരുതെന്ന് ആവശ്യപ്പെട്ട് മകന്‍ ഇടമലയാര്‍ പ്രത്യേക കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇത് കോടതി തള്ളി. തുടര്‍ന്നായിരുന്നു രാമഭദ്രന്‍ നായരെ അറസ്റ്റ് ചെയ്യാനായി പോലീസ് അദ്ദേഹത്തിന്റെ വീട്ടിലെത്തുകയായിരുന്നു.

രാമഭദ്രന്‍ നായരെക്കൂടാതെ ആര്‍ ബാലകൃഷ്ണപിള്ള, പി.കെ സജീവന്‍ എന്നിവരെയായിരുന്നു സുപ്രീംകോടതി ശിക്ഷിച്ചത്.

ഇടമലയാര്‍ കേസ്

1982 ല്‍ ഇടമലയാര്‍ പദ്ധതിയുടെ ടണലും ഷാഫ്റ്റും നിര്‍മിക്കുന്നതിന് അധിക തുകയ്ക്ക കരാര്‍ നല്‍കിയതു വഴി സംസ്ഥാന ഖജനാവിനു 2 കോടി രൂപയുടെ നഷ്ടം ഉണ്ടായി എന്നാണു കേസ്.

1985 ല്‍ വിജിലന്‍സ് കമ്മിഷന്‍ അന്വേഷിച്ച കേസാണിത്. ഇതേത്തുടര്‍ന്നു ജസ്റ്റിസ് സുകുമാരന്‍ അധ്യക്ഷനായ അന്വേഷണ സമിതിയും കേസ് അന്വേഷിച്ചു ബാലകൃഷ്ണപിള്ള അടക്കമുള്ളവരെ കുറ്റക്കാരാണെന്നു പ്രഖ്യാപിച്ചിരുന്നു.