കൊച്ചി: പരിസ്ഥിതിക്ക് കോട്ടം തട്ടാതെ ഇടക്കൊച്ചി സ്‌റ്റേഡിയം യാഥാര്‍ത്ഥ്യമാക്കാന്‍ ശ്രമിക്കുമെന്ന് കേന്ദ്രമന്ത്രി കെ.വി തോമസ് വ്യക്തമാക്കി. ഇത് സംബന്ധിച്ച് കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രി ജയറാം രമേശുമായി ചര്‍ച്ച നടത്തും.

ഇടക്കൊച്ചിയില്‍ സ്റ്റേഡിയം വേണമെന്നത് പൊതുവികാരമാണ്. എന്നാല്‍ പരിസ്ഥിതി സംഘടനകള്‍ പറയുന്നതിലും കാര്യമുണ്ട്. ഇത് സംബന്ധിച്ച് വിശദമായ കൂടിയാലോചനകള്‍ കേന്ദ്രതലത്തില്‍ തന്നെ നടത്തുമെന്നും കെ.വി തോമസ് പറഞ്ഞു. കോച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇടക്കൊച്ചി സ്‌റ്റേഡിയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സി.ആര്‍.ഇസെഡ്-1 വിഭാഗത്തില്‍പ്പെട്ട ഭൂമിയാണ് സ്റ്റേഡിയം നിര്‍മാണത്തിനായി തീരുമാനിച്ചിരിക്കുന്നതെന്ന് അതോറിറ്റി അറിയിച്ചതിനെ തുടര്‍ന്നാണിത്.