കൊച്ചി: ഇടക്കൊച്ചി സ്റ്റേഡിയത്തിനായി കണ്ടല്‍ക്കാടുകള്‍ നശിപ്പിച്ചിട്ടില്ലെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ടി സി മാത്യൂ പറഞ്ഞു. സ്റ്റേഡിയത്തിനായി പ്രദേശത്ത് വന്‍തോതില്‍ കണ്ടല്‍ച്ചെടികള്‍ വെട്ടിമാറ്റിയെന്ന ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു ടി സി മാത്യൂ. അതിനിടെ പ്രശ്‌നത്തെക്കുറിച്ച് പഠിക്കാന്‍ കേന്ദ്രം വനം പരിസ്ഥിതി മന്ത്രാലയം നിയോഗിച്ച സംഘം ഉടനേ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

സംഘം പ്രദേശത്തെ ആളുകളുമായും ക്രിക്കറ്റ് അസോസിയേഷനിലെ ഉന്നതരുമായും കൂടിക്കാഴ്ച്ച നടത്തിയ ശേഷം തെളിവെടുപ്പ് തുടങ്ങിയിട്ടുണ്ട്. തെളിവെടുപ്പിനുശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് വനം പരിസ്ഥിതി മന്ത്രാലയം അസിസ്റ്റ.ഡയറക്ടര്‍ എസ് കെ സുസര്‍ല അറിയിച്ചു.

അതിനിടെ ഇടക്കൊച്ചി സ്റ്റേഡിയം പദ്ധതിക്കെതിരേ ശക്തരായ ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ദിനേശ് മണി എം എല്‍ എ ആരോപിച്ചു. ഇവരാണ് പദ്ധതിയെ തുരങ്കം വയ്ക്കുന്നതെന്നും ദിനേശ്മണി പറഞ്ഞു. പ്രശ്‌നത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്നും ദിനേശ് മണി ആവശ്യപ്പെട്ടു.