endosulphanന്യൂദല്‍ഹി: രാജ്യമൊട്ടാകെ എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ടെന്ന് ഐ.സി.എം.ആര്‍ റിപ്പോര്‍ട്ട്. കേരളത്തിലും കര്‍ണ്ണാടകയിലും മാത്രം നിരോധനം തുടര്‍ന്നാല്‍ മതിയെന്നാണ് റിപ്പോര്‍ട്ട്. എന്‍ഡോസള്‍ഫാന് ബദലുകള്‍ ലഭ്യമാണെങ്കിലും ചെലവ് കൂടുതലായതിനാല്‍ പ്രായോഗികമല്ല. മറ്റ് സംസ്ഥാനങ്ങളില്‍ പഠനം പൂര്‍ത്തിയായ ശേഷമേ അവിടങ്ങളിലെ നിരോധനം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാന്‍ കഴിയൂ.

ആകാശമാര്‍ഗ്ഗം എന്‍ഡോസള്‍ഫാന്‍ തളിച്ച മേഖലകളില്‍ കരള്‍,വൃക്ക രോഗങ്ങള്‍ വ്യാപകമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഐ.സി.എം.ആര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കാനിരിക്കുന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

അതേസമയം ഐ.സി.എം.ആര്‍ റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ കഴിയില്ലില്ലെന്നും ആവശ്യമെങ്കില്‍ സി.പി.ഐ.എം സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും പ്രതിപക്ഷ നേതാവ് വി.എസ് അച്ച്യുതാനന്ദന്‍ പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ലോബിയുടെ സ്വാധീനം ഐ.സി.എം.ആറിലുമുണ്ടെന്ന് വ്യക്തമായതായി വി.എം സുധാരന്‍ ആരോപിച്ചു.

എന്‍ഡോസള്‍ഫാന്റെ ദൂഷ്യവശങ്ങളെ കുറിച്ച് പഠിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച വിദഗ്ധസമിതിയാണു ഐ.സി.എം.ആര്‍. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ സമര്‍പ്പിച്ച ഹരജിയുടെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി വിദഗ്ധ സമിതിയെ നിയോഗിച്ചത്.