തിരുവനന്തപുരം:റഊഫിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ഐസ്‌ക്രീം കേസില്‍ പുനഃ രന്വേഷണം. മുസ്‌ലീം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെ കേസുമായി മുന്നോട്ടുപോകാമെന്ന് സംസ്ഥാന സര്‍ക്കാരിന് നിയമോപദേശം ലഭിച്ചു. നിയമജ്ഞരായ ശാന്തിഭൂഷന്‍, സുശീല്‍ കുമാര്‍ എന്നിവരാണ് ഉപദേശം നല്‍കിയത്.

റഊഫിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെ കേസുമായി മുന്നോട്ടുപോകാമെന്നാണ് ഉപദേശം. നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഉടന്‍ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ നിര്‍ദേശം നല്‍കി. എ.ഡി.ജി.പി വിന്‍സന്‍ എം.പോളിന് രേഖാമൂലമാണ് നിര്‍ദേശം നല്‍കിയത്.

അന്വേഷണം മുഖ്യമന്ത്രിയുടെ നിരീക്ഷണത്തിലായിരിക്കും. അന്വേഷണ പുരോഗതി എല്ലാ ആഴ്ചയിലും അദ്ദേഹത്തെ അറിയിക്കണം. കേസ് ഡയറിയും അന്വേഷണ റിപ്പോര്‍ട്ടും മുദ്രവെച്ച കവറില്‍ മുഖ്യമന്ത്രിയ്ക്കു നല്‍കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.