കരിപ്പൂര്‍: ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസില്‍ പ്രതിപ്പട്ടികയില്‍ പേര് ചേര്‍ത്തിരിക്കുന്ന പി.എ റഹ്മാന്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി നറുക്കെടുപ്പില്‍ വിശിഷ്ടാതിഥി. ചൊവ്വാഴ്ച നറുക്കെടുപ്പ് ചടങ്ങ് നടക്കുന്നതിനിടെയാണ് സദസ്സിലിരുന്ന റഹ്മാനെ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി വേദിയിലേക്ക് ക്ഷണിച്ചത്. സ്ഥലം എം.എല്‍.എ കെ. മുഹമ്മദുണ്ണിഹാജിയെ എഴുന്നേല്‍പ്പിച്ച് മന്ത്രി ഇയാള്‍ക്ക് ഇരുപ്പിടവും ഒരുക്കി നല്‍കി.

പരിശുദ്ധവും ഉദാത്തവുമായ ചടങ്ങായാണ് ഹജ്ജ് തീര്‍ത്ഥാടനത്തെ മുസ്‌ലീം സമൂഹം കാണുന്നത്. ഈ ചടങ്ങിനെപ്പോലും അവഹേളിക്കുന്ന തരത്തിലുള്ള പ്രവൃത്തികളാണ് നറുക്കെടുപ്പ് ദിവസം ഹജ്ജ് ഹൗസില്‍ അരങ്ങേറിയതെന്ന് പരക്കെ ആക്ഷേപമുയര്‍ന്നിരുന്നു. മതപരമായ ഇത്തരം ചടങ്ങിലേക്ക് പെണ്‍വാണിഭ കേസില്‍ പ്രതിപ്പട്ടികയില്‍ പേര് ചേര്‍ത്തിരുന്ന വ്യക്തിയെ എഴുന്നള്ളിച്ചതില്‍ ലീഗിലെ ഒരു വിഭാഗം കടുത്ത അമര്‍ഷത്തിലാണ്. ജനപ്രതിനിധിയെ വേദിയില്‍ എഴുന്നേല്‍പ്പിച്ച് നിര്‍ത്തിയതും വിവാദമായി.

സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കും മാത്രമേ വേദിയിലേക്ക് ക്ഷണമുണ്ടായിരുന്നുള്ളൂ. കസേരകളില്‍ ഇരിക്കേണ്ടവരുടെ സ്ലിപ്പും പതിപ്പിച്ചിരുന്നു. എം.എല്‍.എ എന്നെഴുതിയ സ്ലിപ്പ് പതിച്ച കസേരയിലാണ് ഇയാള്‍ക്ക് ഇരിപ്പിടം നല്‍കിയത്. മന്ത്രിയൊടൊത്ത് തോളോട് തോള്‍ ചേര്‍ന്ന നടന്ന റഹ്മാന്‍ പ്രത്യേക ചായ സല്‍ക്കാരത്തിലും പങ്കുചേര്‍ന്നു. ഇതിനിടെ ഹജ്ജ് ഹൗസില്‍ നിന്ന് മുറുമുറുപ്പ് ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പെട്ടെന്ന് മുങ്ങുകയായിരുന്നു.