Categories

ഐസ്‌ക്രീം കേസ്: ഡി.ജി.പി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

jacob-punnouseതിരുവനന്തപുരം: ഐസ്‌ക്രീം കേസുമായി ബന്ധപ്പെട്ട് ഡി.ജി.പി ജേക്കബ് പുന്നൂസ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ആവശ്യപ്രകാരം തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയൊടെയാണ് കൂടിക്കാഴ്ച.

കേസിന്റെ അന്വേഷണപുരോഗതി അദ്ദേഹം കോടതിയെ അറിയിക്കുമെന്നാണ് സൂചന. മുഖ്യമന്ത്രിയോട് കാര്യങ്ങളൊക്കെ പറഞ്ഞിട്ടുണ്ടെന്നും കേസിനെക്കുറിച്ച് പരസ്യമായി പ്രതികരിക്കുന്നത് ശരിയല്ലെന്നുമായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം ഡിജിപിയുടെ പ്രതികരണം. രാവിലെ 9.40 ന് ക്ലിഫ് ഹൗസിലെത്തിയാണ് ഡിജിപി മുഖ്യമന്ത്രിയെ കണ്ടത്.

ഐസ്‌ക്രീം കേസില്‍ സുപ്രീം കോടതി അഭിഭാഷകന്‍ സുശീല്‍ കുമാറിനെ കേസ് ഡയറി കാണിച്ച് നിയമോപദേശം സ്വീകരിക്കാന്‍ മുഖ്യമന്ത്രി ഡി.ജി.പിക്ക്  നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ അത് പറ്റില്ലെന്ന് ഡി.ജി.പിയും എ.ഡി.ജി.പിയും അറിയിച്ചു. ഈ കേസില്‍ സുശീല്‍ കുമാറിനെ പ്രത്യേക പ്രോസിക്യൂട്ടറായി നിയമിച്ചിട്ടില്ല. അതിനാല്‍ കേസ് ഡയറി പരിശോധന നിയമവിരുദ്ധമാകുമെന്ന വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു.

ഇതേ തുടര്‍ന്ന് കേസ് ഡയറിയിലെ മുഴുവന്‍ വിവരങ്ങളുമായി വിന്‍സന്‍ എം.പോള്‍ ഉടന്‍ ദല്‍ഹിയില്‍ പോകാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. അദ്ദേഹം വിസമ്മതിച്ചതോടെ ഡി.ജി.പിയോട് ദല്‍ഹിക്ക് പോകാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മുന്‍നിര്‍ത്തി ഡി.ജി.പിയും ഈ നിര്‍ദേശം തള്ളി. ഇതോടെയാണ് നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ ഇരുവര്‍ക്കും നോട്ടീസ് നല്‍കിയത്. ഇതനുസരിച്ച് എ.ഡി.ജി.പി കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് വിശദീകരണം നല്‍കിയിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.