എഡിറ്റര്‍
എഡിറ്റര്‍
ഐസ്‌ക്രീം കേസ്: സര്‍ക്കാരിന്റെ അപ്പീല്‍ പരിഗണിക്കുന്നത് ഹൈക്കോടതി 29 ലേക്ക് മാറ്റി
എഡിറ്റര്‍
Tuesday 22nd January 2013 9:56am

കൊച്ചി: ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറിക്കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് കേസ് ഡയറി നല്‍കണമെന്ന ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കുന്നത് ഹൈക്കോടതി 29 ലേക്ക് മാറ്റി.

Ads By Google

അഡ്വക്കറ്റ് ജനറലിന്റെ അസൗകര്യം കണക്കിലെടുത്താണ് നടപടി. അഡ്വക്കറ്റ് ജനറല്‍ ചേംബറിലെത്തി കേസ് നീട്ടിവയ്ക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നുവെന്ന് കോടതി വെളിപ്പെടുത്തി.

ഈ സാഹചര്യത്തിലാണ് കേസ് 29 ാംതിയ്യതിയിലേക്ക് മാറ്റിവെയ്ക്കാന്‍ കോടതി തീരുമാനിച്ചത്. വിഷയത്തില്‍  സുതാര്യത ഉറപ്പുവരുത്തേണ്ടത് കോടതിയുടെ ചുമതലയാണെന്നും അപ്പീല്‍ പരിഗണിച്ച ജസ്റ്റീസ് വി.കെ മോഹനന്‍ വ്യക്തമാക്കി.

അതേസമയം സര്‍ക്കാരിന്റെ ഹരജി മജിസ്‌ട്രേട്ട് കോടതിയുടെ നടപടികള്‍ നീട്ടിക്കൊണ്ട് പോകാനുള്ള ശ്രമമാണെന്ന് വി.എസിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.

കഴിഞ്ഞ തവണ മജിസ്‌ട്രേട്ട് കോടതി കേസ് പരിഗണിച്ചപ്പോള്‍ ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നവെന്ന കാരണത്താല്‍ കേസ് നീട്ടിവച്ചെന്നും അഭിഭാഷകന്‍ അറിയിച്ചു.

എന്നാല്‍ കഴിഞ്ഞ ദിവസം അപ്പീല്‍ പരിഗണിക്കവേ സര്‍ക്കാരിന്റെ നടപടിയെ കോടതി വിമര്‍ശിച്ചിരുന്നു. കേസിലെ പ്രതികളാണ് വിധിക്കെതിരേ അപ്പീല്‍ നല്‍കേണ്ടതെന്നും എന്നാല്‍ ഇവിടെ സര്‍ക്കാരിന് അപ്പീലുമായി രംഗത്തെത്തേണ്ട അവസ്ഥയാണെന്നും കോടതി പറഞ്ഞിരുന്നു.

സര്‍ക്കാര്‍ ചെയ്യേണ്ടത് കേസ് എത്രയും വേഗം ഒത്തുതീര്‍പ്പാക്കാനുള്ള സാഹചര്യം ഒരുക്കുകയാണെന്നും അല്ലാതെ കേസില്‍ പരാതിക്കാരനെപോലെ പെരുമാറുകയല്ല വേണ്ടതെന്നും കോടതി പറഞ്ഞിരുന്നു.

Advertisement