എഡിറ്റര്‍
എഡിറ്റര്‍
ഐസ്‌ക്രീം കേസ്: പ്രത്യേക അന്വേഷണവും അട്ടിമറിച്ചു
എഡിറ്റര്‍
Monday 27th August 2012 4:39pm

കോഴിക്കോട്: ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ പുതിയ വെളിപ്പെടുത്തല്‍. ഐസ്‌ക്രീം കേസിലെ സാക്ഷികളും ഇരകളുമായ ബിന്ദു, റോസ്‌ലിന്‍ തുടങ്ങിയവരാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. കുഞ്ഞാലിക്കുട്ടി പറഞ്ഞത് പ്രകാരം പ്രത്യേക അന്വേഷണസംഘം നടത്തിയ അന്വേഷണത്തില്‍ തങ്ങള്‍ തെറ്റായ മൊഴിയാണ് നല്‍കിയതെന്നാണ് വെളിപ്പെടുത്തല്‍.

തങ്ങള്‍ക്ക് വീട് വെച്ച് നല്‍കാമെന്ന് പറഞ്ഞാണ് മൊഴിമാറ്റിപ്പറയിപ്പിച്ചത്, കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തനായ ചേളാരി ഷെരീഫ് എന്നയാള്‍ വഴിയാണ് മൊഴിമാറ്റിപ്പറയാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ മൊഴി മാറ്റിപ്പറഞ്ഞതിന് ശേഷം വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നും ഇവര്‍ പറയുന്നു. എ.ഡി.ജി.പി വിന്‍സന്‍.എം.പോളിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണവും അട്ടിമറിക്കപ്പെട്ടതായും ഇവര്‍ വെളിപ്പെടുത്തി.

Ads By Google

മൊഴി മാറ്റിപ്പറഞ്ഞതിന് ശേഷം  ലീഗ്  പ്രവര്‍ത്തകനായ റാഫിയുടെ കൂടെ മന്ത്രിയെ കാണാനായി സെക്രട്ടറിയേറ്റില്‍ ചെന്നിരുന്നെങ്കിലും അദ്ദേഹത്തെ കാണാനായില്ല, എന്നാല്‍ പിന്നീട് മന്ത്രി ഭവനത്തില്‍ ചെന്ന് കണ്ടപ്പോള്‍ തങ്ങളെ കണ്ട ഭാവം പോലും നടിച്ചില്ല. പിന്നീട് സംസാരിച്ചപ്പോള്‍ പണം നല്‍കാമെന്ന് സമ്മതിച്ചു.എന്നാല്‍ പണം നേരിട്ട് നല്‍കാന്‍ സാധിക്കില്ലെന്നും ഏതെങ്കിലും ചാരിറ്റബിള്‍ ട്രസ്റ്റ് മുഖേന നല്‍കാമെന്നുമായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ ആ വാക്കും പാലിക്കപ്പെട്ടില്ലെന്നും കുഞ്ഞാലിക്കുട്ടിയെ ഇനി വിശ്വസിക്കില്ലെന്നും ഇവര്‍ മൊഴിയില്‍ പറയുന്നു. കൂടാതെ  റഊഫിനെതിരെ മൊഴിനല്‍കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടതായി ഇവര്‍ പറഞ്ഞു.

കേസിന്റെ ആദ്യ ഘട്ടത്തില്‍ കുഞ്ഞാലിക്കുട്ടി സാറിന്റെ പേര് പറയാതിരുന്നത് റഊഫും ഷെരീഫും ഹംസയും ഞങ്ങള്‍ക്ക് പൈസ തന്നത് കൊണ്ടാണ്. അന്ന് കേസ് തുടങ്ങുന്നത് വരെ ഞങ്ങളുടെ ചിലവിനുള്ള പൈസ മുഴുവന്‍ ഇവരായിരുന്നു തന്നിരുന്നത്. കേസിന്റെ സമയമായപ്പോള്‍ ഒരിക്കല്‍ ചാലപ്പുറത്തുള്ള വീട്ടില്‍ വെച്ച് സി.പി.ഐ.എം നേതാവായ ടി.പി.ദാസന്‍, സി.എന്‍.രാജന്‍ വക്കീല്‍, ബൈജുനാഥ് വക്കീല്‍ എല്ലാവരും കൂടി കോടതിയില്‍ എന്തൊക്കെ പറയണമെന്ന് പഠിപ്പിച്ചു തന്നിരുന്നു.

ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ ഇരയായവരില്‍ പകുതി പേരുടെ പേര് വിവരങ്ങള്‍ മാത്രമേ പുറത്ത് വന്നിട്ടുള്ളുവെന്നും പത്തോളം പേരുകള്‍ ഇനിയും പുറത്തുവരാനുണ്ടെന്നും ഇവര്‍ പറഞ്ഞു. ഐസ്‌ക്രീം കേസില്‍ പലഘട്ടങ്ങളിലും തങ്ങളെ കൊണ്ട് മൊഴി മാറ്റിപ്പറയിപ്പിച്ചിട്ടുണ്ടെന്നും ഇവര്‍ വെളിപ്പെടുത്തുന്നു.

ഇനി കുഞ്ഞാലിക്കുട്ടി ഉള്ള സ്ഥലങ്ങളില്‍ പോയി ഇനി പ്രശ്‌നമുണ്ടാക്കുമെന്നും ഇവര്‍ പറഞ്ഞു.

ഐസ്‌ക്രീംകേസ് അട്ടിമറിക്കാന്‍ നടന്ന ശ്രമങ്ങള്‍ വിശദീകരിച്ച് കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവായ കെ.എ റഊഫ് നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ പുനരന്വേഷണത്തിന് ഉത്തരവിട്ടത്. 10മാസം നീണ്ട അന്വേഷണത്തിനൊടുവില്‍ എ.ഡി.ജി.പി വിന്‍സന്‍ എം പോളിന്റെ നേതൃത്വത്തിലുള്ള സംഘം ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പി. വിജയന്‍ ,അനൂപ്.ബി. കുരുവിള ജോണ്‍ , ജയ്‌സണ്‍ കെ. എബ്രഹാം എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

റജീന, റജുല, ബിന്ദു, റോസ്‌ലിന്‍, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരില്‍ നിന്ന് മൊഴിയെടുത്താണ് അന്തിമറിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്.

ഐസ്‌ക്രീം കേസ്: വീണ്ടും ഭീഷണിപ്പെടുത്തി മൊഴിമാറ്റല്‍; രേഖകള്‍ ഡൂള്‍ന്യൂസിന് ബിന്ദുവിന്റെ പരാതിയുടെ പൂര്‍ണ്ണ രൂപം

Advertisement