കൊച്ചി: ഐസ്‌ക്രീം കേസിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് വി.എസ് അച്യുതാനന്ദന് നല്‍കരുതെന്ന് സര്‍ക്കാര്‍. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കി.

Ads By Google

എന്നാല്‍ ഹരജി പരിഗണിക്കുന്നതില്‍ നിന്നും ജസ്റ്റിസ്. ടി.ആര്‍ രാമചന്ദ്രന്‍ നായര്‍ ഒഴിവായി. അതിനാല്‍ തന്നെ ഈ കേസ് തിങ്കളാഴ്ച മറ്റൊരു കേസ് പരിഗണിക്കും.

ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ സാക്ഷിമൊഴികള്‍ വി.എസിന് നല്‍കാമെന്ന് കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. കോഴിക്കോട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മാത്രമാണ് വി.എസിന് നേരത്തെ നല്‍കിയിരുന്നത്. സാക്ഷിമൊഴി പകര്‍പ്പ് ആവശ്യപ്പെട്ട് വി.എസ് സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ നിര്‍ദേശം.

അട്ടിമറിക്കേസില്‍ പ്രത്യേക അന്വേഷണസംഘം തയാറാക്കി കോടതിയില്‍ സമര്‍പ്പിച്ച സാക്ഷിമൊഴികളുടെ പകര്‍പ്പും അനുബന്ധരേഖകളും നല്‍കണമെന്നാവശ്യപ്പെട്ട് വി.എസിന്റെ അഭിഭാഷകന്‍ ഭാസ്‌കരന്‍ നായര്‍ മജിസ്‌ട്രേറ്റ് പി.ടി. പ്രകാശന്‍ മുമ്പാകെ ഹരജി സമര്‍പ്പിച്ചിരുന്നു. ഇതിലായിരുന്നു വിധി.

കേസിന്റെ വിശദാംശങ്ങള്‍ സസൂക്ഷ്മം വീക്ഷിക്കുന്ന ആളെന്ന നിലയിലും കേസ് നടക്കുമ്പോള്‍ ഭരണത്തിലിരുന്ന മുഖ്യമന്ത്രിയെന്ന നിലയിലും അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കാന്‍ വി.എസ് അര്‍ഹനാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു.

വി.എസിന് മൊഴികളുടെ പകര്‍പ്പ് നല്‍കരുതെന്ന എതിര്‍ഭാഗം അഭിഭാഷകന്റെ വാദം തള്ളിക്കൊണ്ടായിരുന്നു കോടതി ഉത്തരവിട്ടത്.