എഡിറ്റര്‍
എഡിറ്റര്‍
ഐസ്‌ക്രീം അട്ടിമറി കേസ് : പ്രോസിക്യൂഷന്‍ വാദം തള്ളി,അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കോടതിയുടെ വിമര്‍ശനം
എഡിറ്റര്‍
Tuesday 11th September 2012 12:48pm

കോഴിക്കോട്: ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ പ്രോസിക്യൂഷന്‍ വാദം കോടതി തള്ളി. വൈരുദ്ധ്യം മൂലം മൊഴികള്‍ നിലനില്‍ക്കുന്നതല്ലെന്ന പ്രോസിക്യൂഷന്റെ വാദമാണ് കോടതി തള്ളിയത്.

കോഴിക്കോട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് വാദം തള്ളിയത്. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷമായ ഭാഷയിലാണ് കോടതി വിമര്‍ശനം നടത്തിയത്.

മൊഴികള്‍ നിലനില്‍ക്കുന്നതാണോ എന്ന് തീരുമാനിക്കേണ്ടത് ഉദ്യോഗസ്ഥരല്ലെന്നും കോടതിയില്‍ കേസിന്റെ അന്തിമ റിപ്പോര്‍ട്ടല്ല, റഫര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടതെന്നും കോടതി പറഞ്ഞു. കേസുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥരോട് കോടതി നിര്‍ദേശിച്ചു.

Ads By Google

ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസിലെ പുതിയ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് പോലീസെടുത്ത കേസ് തീര്‍പ്പാക്കുന്നതിന് മുന്‍പ് തന്റെ വാദം കൂടി കേള്‍ക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷനേതാവ്‌ വി.എസ് അച്യുതാനന്ദന്‍ കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹരജി നല്‍കിയത്.

കേസില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ നടപടി സ്വീകരിക്കാന്‍ മതിയായ തെളിവില്ലെന്ന അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്നായിരുന്നു വി.എസിന്റ വാദം. കേസ് ഈ മാസം 25 ന് വീണ്ടും പരിഗണിക്കും

ഐസ്‌ക്രീംകേസ് അട്ടിമറിക്കാന്‍ നടന്ന ശ്രമങ്ങള്‍ വിശദീകരിച്ച് കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവായ കെ.എ റഊഫ് നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ പുനരന്വേഷണത്തിന് ഉത്തരവിട്ടത്.

10മാസം നീണ്ട അന്വേഷണത്തിനൊടുവില്‍ എ.ഡി.ജി.പി വിന്‍സന്‍.എം. പോളിന്റെ നേതൃത്വത്തിലുള്ള സംഘം ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പി. വിജയന്‍,അനൂപ്.ബി.കുരുവിള ജോണ്‍, ജയ്‌സണ്‍.കെ.എബ്രഹാം എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

റജീന, റജുല, ബിന്ദു, റോസ്‌ലിന്‍, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരില്‍ നിന്ന് മൊഴിയെടുത്താണ് അന്തിമറിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്.

അതിനിടെ ഐസ്‌ക്രീം കേസില്‍ വി.എസ് അച്യുതാനന്ദന്‍ നല്‍കിയ ഹരജിയില്‍ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പി.രാജീവ് വക്കാലത്ത് ഒഴിഞ്ഞു. പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ നല്‍കിയ റഫര്‍ റിപ്പോര്‍ട്ടില്‍ തന്നെ സാക്ഷിയാക്കിയ സാഹചര്യത്തിലാണ് രാജീവ് വക്കാലത്ത് ഒഴിഞ്ഞത്.

 

Advertisement